ഡോ. പൂജപ്പുര കൃഷ്ണന്‍
പുരുഷോത്തമ ലക്ഷണം
ആരാണ് സര്‍വഗുണ സമ്പന്നനായ മനുഷ്യന്‍? അയാള്‍ക്ക് ഉണ്ടാകേണ്ട ഗുണങ്ങള്‍ ഏതൊക്കെ? ചോദ്യകര്‍ത്താവായ വാല്മീകിക്ക് ഗുണവാന്‍ എങ്ങനെയൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം നാരദനോടു പറയുന്നതു കേള്‍ക്കുക.
‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ
ഗുണവാന്‍കശ്ച കൃതജ്ഞശ്ച
സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേ്യണ ച കോ യുക്തഃ
സര്‍വഭൂതേഷു കോ ഹിതഃ
വിദ്വാന്‍ കഃ കഃ സമര്‍ത്ഥശ്ച
കശ്ചൈക പ്രിയദര്‍ശനഃ
ആത്മവാന്‍ കോ ജിത ക്രോധോ
ദ്യുതിമാന്‍ കോfനസൂയകഃ
കസ്യ ബിഭ്യതി ദേവാശ്ച
ജാത രോഷസ്യ സംയുഗേ
( വാല്മീകിരാമായണം സര്‍ഗ്ഗം 1, ശ്ലോകം 1,2,3)
പുരുഷോത്തമലക്ഷണങ്ങളില്‍ ആദ്യത്തേതായി വാല്മീകി ചൂണ്ടിക്കാണിക്കുന്നത് വീരതയാണ്. എന്തുകൊണ്ടു വീരതയ്ക്കു ഋഷി ഇത്ര പ്രാധാന്യം കല്പിച്ചു? കരണീയമെന്തെന്നറിഞ്ഞിട്ടും പ്രവര്‍ത്തിക്കാനുള്ള തന്റേടമില്ലാത്ത തമോവൃതമായ ഹൃദയങ്ങളോടെ തളര്‍ന്നു നില്‍ക്കുന്ന ആധുനിക ഭാരതീയര്‍ ചുഴിഞ്ഞു ചിന്തിക്കേണ്ടതാണീ പ്രശ്‌നം. വൈയക്തികതലം മുതല്‍ പ്രപഞ്ചതലം വരെ ജീവിതമണ്ഡലങ്ങളിലെല്ലാം ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉത്തമ മൂല്യങ്ങളെ വീണ്ടെടുക്കുവാനുള്ള മാര്‍ഗ്ഗം ഈ പര്യാലോചനയിലൂടെ തെളിഞ്ഞുകിട്ടും.
പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ മനുഷ്യനെ സമര്‍ത്ഥനാക്കു്‌ന ഗുണവിശേഷമാണ് വീരത. അതിന്റെ അഭാവത്തില്‍ ഇഹലോകജീവിതമോ പരലോകവാസമോ സുഖദമാവുകയില്ലെന്നു വൈദികകാലം മുതലേ നമ്മുടെ ആചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. അനുഭവത്തിലൂടെ നേടിയെടുത്ത ഈ മഹാസത്യം അവര്‍ പല പ്രകാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രദ്രഷ്ടാക്കളായ ഋഷിമാരുടെ ശബ്ദം ശ്രവിക്കൂ.
ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിനുള്ളില്‍ ഇടിത്തീ ഉണ്ടാക്കുന്ന അതേ പദാര്‍ത്ഥം കൊണ്ടുള്ള മനസുമാണ് വേണ്ടതെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു വെറുതെയല്ല. പുരുഷോത്തമ ലക്ഷണങ്ങളില്‍ ആദ്യത്തേതായി വാല്കമീകി മഹര്‍ഷി വീരതയെത്തന്നെ നിര്‍ദ്ദേശിച്ചതും അതുകൊണ്ടാണ്.
‘പ്രേതാ ജയതാ നര
ഇന്ദ്രോവഃ ശര്‍മ്മ യ ച്ഛതു
ഉഗ്രാവഃ സന്തു ബാഹവോ
അനാധൃഷ്യാ യഥാസ്ഥ.
(ഋഗ്വേദം 10-103-13)
(വീരന്മാരെ മുന്നേറൂ, കീഴടക്കൂ ഈശ്വരന്‍ നിങ്ങളെ രക്ഷിക്കട്ടെ. ആര്‍ക്കും പരാജയപ്പെടുത്താന്‍ അരുതാത്തവിധം നിങ്ങളുടെ കയ്യുകള്‍ ബലിഷ്ഠങ്ങളാകട്ടെ.) നാലുവേദങ്ങളിലും ഈ മന്ത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഈ സന്ദേശത്തിനു ഋഷിമാര്‍ കല്പിച്ചിരുന്ന പ്രാധാന്യം അതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ദൃശമായ ആഹ്വാനങ്ങള്‍ വേദങ്ങളിലുടനീളം കാണാം. വേദമന്ത്രങ്ങളുടെ സ്ഥായിയായ ഭാവങ്ങളില്‍ ഒന്നാണിത്.
എന്തിനായി വീരത? പറയാം. ജീവിതം പ്രശ്‌നങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഈ മണ്ണില്‍ പിറന്നുവീണ ആരെയും അതില്‍നിന്നു ഒഴിവാക്കിയിട്ടില്ല; മേലില്‍ ഒഴിവാക്കുകയുമില്ല, ആ നിലയ്ക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചേപറ്റൂ. പക്ഷേ അവയോട് എല്ലാപേരും പ്രതികരിക്കുന്നത് ഒരുപോലെയല്ല. പ്രശ്‌നങ്ങളുടെ മുന്നില്‍നിന്നു ഓടിമറയാന്‍ ചിലര്‍ വെമ്പുമ്പോള്‍ മറ്റുചിലര്‍ തളര്‍ന്നു വീഴുകയോ നിലവിളിക്കുകയോ ചെയ്യുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവും ധൈഷണികവുമായ കഴിവുകള്‍ നഷ്ടമകാനേ ഈ വിധമുള്ള പ്രതികരണം പ്രയോജനപ്പെടൂ. വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്ക് ഇത് വിഘാതമാണ്. സമുദ്രത്തിലെ തിരമാലകള്‍പോലെ ആര്‍ത്തിരമ്പുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവര്‍ നന്നേ ചുരുക്കമാണ്. പക്ഷേ അവര്‍ മാത്രമേ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ളൂ എന്ന് ഗതകാലചരിത്രം വ്യക്തമാക്കുന്നു.
പ്രശ്‌നങ്ങള്‍ മുഖ്യമായി രണ്ടു തരമുണ്ട്. ഒന്ന് ബാഹ്യജഗത്തിന്റെ സൃഷ്ടി; മറ്റേത് ഓരോ വ്യക്തിയുടെയും ആന്തരിക ജഗത്തിന്റേതും. പരസ്പര സംബദ്ധമാണു രണ്ടുമെന്നതു നേര്. പ്രപഞ്ചത്തിന്റെ വിവിധകോണുകളില്‍ നിന്നുണ്ടാകുന്ന വെല്ലുവിളികളാണ് ആദ്യത്തേത്. ഹൃദയാന്തര്‍ഗതമായ കാമക്രോധാദികള്‍ ഉയര്‍ത്തുന്നതു രണ്ടാമത്തേതും. വീരനുമാത്രമേ അവയെ അഭിമുഖീകരിക്കാനാവൂ. രണ്ടാമത്തെ വിധമുള്ള പ്രശ്‌നങ്ങളെ നേരിടാനാണെങ്കില്‍ അസാധാരണമായ വീരത തന്നെ വേണം. ഭീഷണികളെ സമര്‍ത്ഥമായി നേരിടുന്നവര്‍ പോലും പ്രലോഭനങ്ങളുടെ മുമ്പില്‍ തളര്‍ന്നുപോകുന്നത് അതിന്റെ കുറവുകൊണ്ടാണ്. ഈ രണ്ടുതരം പ്രശ്‌നങ്ങളെയും പതറാതെ നേരിടുന്നവനാണ് വീരന്‍. കര്‍മ്മരംഗത്തു നില്‍ക്കുന്ന ആ യോദ്ധാവ് ജയപരാജയങ്ങളെക്കുറിച്ച് ആ ഘട്ടത്തില്‍ ചിന്തിക്കുകപോലുമില്ല.
ഉദാത്തമായ ആശയങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമായില്ല. ഈ പ്രപഞ്ചത്തില്‍ ആശയങ്ങള്‍ക്കു ഒരു കാലവും ദാരിദ്ര്യമുണ്ടായിട്ടില്ല. പക്ഷേ അവയെ യഥായോഗ്യം പ്രാവര്‍ത്തികമാക്കാനുള്ള കരുത്തുണ്ടാകണം. അപ്പോള്‍ മാത്രമേ അതിന്റെ മേന്മ വ്യക്തിക്കും സമൂഹത്തിനു സിദ്ധമാകൂ. ഇവിടെയാണ് ആധുനികലോകം പരാജയപ്പെടുന്നത്. സത്യമെന്തെന്ന് വ്യക്തമായി അറിഞ്ഞിട്ടും അനുരൂപമായി പ്രവര്‍ത്തിക്കാനോ, എന്തിന് തുറന്നു പറയാന്‍ പോലുമോ ചങ്കൂറ്റമില്ലാത്ത വ്യക്തികളുടെയും സമൂഹത്തിന്റെയും അറിവും അദര്‍ശബോധവും വന്ധ്യമേഘങ്ങളെപ്പോലെയാണ്, അല്പാല്പമായ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി അക്രമികളുടെയോ, വിവേകമില്ലാത്ത ഭരണാധിപന്മാരുടെയോ മുന്നില്‍ മുട്ടുകുത്തി മൃഗതുല്യരായി ജീവിക്കുന്ന പരശ്ശതം ‘മാന്യന്മാരെ’ ഇന്ന് എമ്പാടും കാണാം. വ്യക്തിയുടെയും സമൂഹത്തിന്റെയും മനസ്സില്‍ ഭീരുതയുടെയും അകര്‍മ്മണ്യതയുടെയും വിഷബീജങ്ങള്‍ കത്തിവച്ച് അനുക്രമമായ വിനാശത്തിനു കളമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. സത്യധര്‍മ്മങ്ങളെക്കുറിച്ചു വ്യക്തമായി അറിയുമ്പോഴും അധികാരികളെ പ്രീതിപ്പെടുത്താന്‍ അവയെ മാറ്റിമറിച്ചു ചിത്രീകരിച്ച് അക്കൂട്ടര്‍ സമൂഹത്തെ വഞ്ചിക്കുന്നു. അധികാരത്തിനു ദാസ്യമാളുന്നതിലൂടെ അവര്‍ തങ്ങള്‍ക്കായി നേടിവച്ചിരിക്കുന്ന ആചാര്യപദത്തിന്റെ മേലങ്കി സാധാരണക്കാരെ തെല്ലൊന്നുമല്ല വിഭ്രമിപ്പിക്കുന്നതും. ഇങ്ങനെ ആധുനിക ഭാരതം പെട്ടുപോയിരിക്കുന്ന ദൂഷിത വലയത്തിന്റെ ഭീകരത സ്വതന്ത്രമായി ചിന്തിക്കുന്ന ഓരോര്‍ത്തര്‍ക്കും സ്പഷ്ടമാണ്. സത്യം പറയുന്നതുകൊണ്ടും പ്രവര്‍ത്തിക്കുന്നതുകൊണ്ടും വരാവുന്ന വിപത്തുകള്‍ തൃണവല്‍ഗണിച്ച് ചെയ്യേണ്ടുന്നത് അനുഷ്ടിക്കാനുള്ള ചങ്കൂറ്റമാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യനു വേണ്ടത്, അതുള്ളവരുടെ കരങ്ങളിലാണ് ആദര്‍ശങ്ങള്‍ പൊന്‍പൂക്കളെ വിരിയിക്കുന്നതും ‘ധര്‍മ്മോരക്ഷതി രക്ഷിതഃ’ എന്ന ആപ്തവചനത്തില്‍ അര്‍ത്ഥ ഗൗരവം ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. വീരനമാര്‍ മാത്രമാണ് മാനവരാശിയെ എക്കാലവും പുരോഗതിയുടെ പാതയിലൂടെ കൈപടിച്ചു നടത്തിക്കൊണ്ടുപോയതെന്നു മറക്കരുത്. അതിനാല്‍ ആദര്‍ശമേതും വീരതയുടെ സഹായമര്‍ത്ഥിക്കുന്നു.
വീരത ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ല, ആദ്ധ്യാത്മിക മണ്ഡലത്തിലായാലും വിജയം കൊയ്യണമെന്നുണ്ടെങ്കില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണമാണത്. സ്വന്തം ആന്തരിക ജഗത്തിനെ ജയിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ആദ്ധ്യാത്മിക രംഗത്ത് എങ്ങനെ മുന്നേറാനാകും? അനുഭവസമ്പന്നരായ ആചാര്യന്‍മാര്‍ അസന്നിഗ്ദ്ധമായി വിളിച്ചുപറഞ്ഞു.
‘നായമാത്മാ ബലഹീനേന ലഭ്യഃ’ എന്ന്. (ഈ ആത്മാവിനെ ദുര്‍ബലന്‍മാര്‍ക്കു ലഭിക്കുകയില്ല) ശാരീരികം, മാനസികം, ബൗദ്ധികം എന്നീ തലങ്ങള്‍ മൂന്നിലുമുള്ള ദൗര്‍ബല്യമാണ് ഇവിടെ വിവക്ഷിതം. വീരതയെ ഹനിക്കുന്ന ദൗര്‍ബല്യം മനുഷ്യന്റെ സര്‍വ്വതോമുഖമായ വികസനത്തിനു തടസമായി നില്‍ക്കുന്നു. അവയെ വെല്ലുകയാണ് ഒരു സാധകന്‍ ആദ്യമായി ചെയ്യേണ്ടത്. അതിനാല്‍ ‘ഭയക്കരുത് ഭയക്കരുത്’ എന്ന സന്ദേശമാണ് ഋഷിമാര്‍ എക്കാലവും പ്രപഞ്ചത്തിനു നല്‍കിപ്പോന്നത്. വേദനങ്ങളില്‍ നിന്നെല്ലാം പ്രചണ്ഡശക്തിയോടെ പ്രവഹിക്കുന്ന ആഹ്വാനവും ഇതുതന്നെ. ജ്ഞാനലബ്ധിക്കായി മരണത്തെ വെല്ലുവിളിച്ച ബാലനായ നചികേതസ്സിന്റെ കഥ കഠോപനിഷത്തിലുണ്ട്. നിയതിയുടെ ദുര്‍നിവാരമായ പ്രഭാവത്തെപ്പോലും വെല്ലാന്‍ വീരതയ്ക്കാകുമെന്ന് മാര്‍ക്കണ്ഡേയന്റെ ചരിത്രം വ്യക്തമാക്കുന്നു. മാനവ മഹത്വത്തിന്റെ ആധിത്യതകളിലേക്കുയര്‍ന്നവരില്‍ ആരുടെ ചരിത്രം പരിശോധിച്ചാലും അവരുടെ മനോവാക്കായ കര്‍മ്മങ്ങളെ തേജോമയമാക്കിയ വീരതയുടെ പ്രകാശം കാണാനാകും.
ഭാരതീയരുടെ ദേവതാസങ്കല്പങ്ങളിലെല്ലാം വീരതയുടെ സന്ദേശം അന്തര്‍ലീനമായി കിടപ്പുണ്ട്. സര്‍വ്വശക്തനായും, ധീരനായും, വീരനായുമൊക്കെ മാത്രമേ ആചാര്യന്‍മാര്‍ ദേവതകളെ കണ്ടിരുന്നുള്ളൂ. കൃഷ്ണയജൂര്‍ വേദത്തില്‍ വരുന്ന ശ്രീരുദ്രത്തില്‍ നിന്ന് ഒരു മന്ത്രം ഉദ്ധരിക്കാം.
‘നമഃ ശുരായ ചാവഭിന്ദതേ ച.’
(അനുവാകം 6. മന്ത്രം 19)
ശൂരന്മാരില്‍ വച്ച് അഗ്രഗണ്യനും ദുഷ്ടസമൂഹത്തെ തര്‍ക്കുന്നവനുമായാണ് ശിവനെ ഋഷി ദര്‍ശിക്കുന്നത്. ആയുധ ധാരികളായും അഭയമുദ്രയോടുകൂടിയവരായും ദേവതമാരെ സങ്കല്പിക്കുന്നതിനു പിന്നിലുള്ള രഹസ്യവും വേറൊന്നല്ല.
പുരുഷാര്‍ത്ഥങ്ങളില്‍ ആദ്യത്തെതു ധര്‍മ്മാണ്. മോക്ഷമെന്ന പരമലക്ഷ്യം നേടുന്നതിനുള്ള ഒരേയൊരു ഉപായവും അതു തന്നെ. ആത്മമോക്ഷം ആഗ്രഹിക്കാതെ ഭൗതിക സുഖങ്ങളില്‍ മാത്രം കാമിക്കുന്നവര്‍ക്കും ധര്‍മ്മത്തെ ഉപേക്ഷിക്കുക വയ്യ. ധര്‍മ്മത്തെ വെടിഞ്ഞാല്‍ മനസുഖത്തോടെ ജീവിക്കാന്‍ സാധിക്കുകയില്ല എന്നതുതന്നെ മുഖ്യകാരണം. കൂടാതെ ആപത്തുകള്‍ നിരന്തരം വേട്ടയാടുകയും ചെയ്യും. ഇങ്ങനെ ഏവര്‍ക്കും അനുപേക്ഷണീയമായ ധര്‍മ്മം അുഷ്ഠിക്കണമെന്നുണ്ടെങ്കില്‍ വീരത കൂടിയേ കഴിയൂ. ഭീരുക്കള്‍ക്കും ദുര്‍ബലന്‍മാര്‍ക്കും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം ദുഷ്പ്രാപ്യമാണ്. മാത്രമല്ല ഭയമോ ദൗര്‍ബല്യമോ മൂലം ചെയ്യുന്ന പ്രവര്‍ത്തി എത്രതന്നെ മഹനീയമായിരുന്നാലും അധര്‍മ്മമേ ആകൂ. മഹാഭാരതം വനപര്‍വ്വത്തില്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി യുധിഷ്ഠിരനോട് ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ‘നേശേബലസ്യേതി ചരേദധര്‍മ്മം’ എനിക്കു ബലമില്ല എന്ന ധാരണമൂലം ചെയ്യുന്നതെല്ലാം അധര്‍മ്മമാണ് എന്നു സാരം. ഉത്തമകര്‍മ്മം പോലുംവീരതയുടെ അഭാവത്തില്‍ അധര്‍മ്മമായിത്തീരുമെന്നാണ് ആചാര്യന്‍മാരുടെ മതം.
പ്രവര്‍ത്തികളെ നല്ലതെന്നും ചീത്തയെന്നും രണ്ടായി സമൂഹം തിരിച്ചിട്ടുണ്ട്. സല്‍കര്‍മ്മമെന്നുപരക്കെ അംഗീകരിക്കപ്പെട്ടിട്ടുളവ പോലും ദൗര്‍ബല്യമോ ഭീരുതയോ മൂലം ചെയ്യപ്പെടുമ്പോള്‍ അധര്‍മ്മമായി തീരുന്നതിന് കാരണമുണ്ട്. ഭീരുത താന്‍തന്നെയായ ആത്മാവിനെ നിന്ദിക്കലാണ്; ഈശ്വരനെ പുശ്ചിക്കലാണ്. ഇതില്‍പരം അധര്‍മ്മം വേറെന്തുണ്ടാവാന്‍? സമസ്ത ചരാചരങ്ങളുടേയും ഉള്ളിലും പുറത്തും നിറഞ്ഞു നില്‍ക്കുന്നത് ജനനമരണ രഹിതമായ ആത്മാവാണെന്നു വേദശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഈ ആത്മാവില്‍ സമസ്തശക്തികളും കുടികൊള്ളുന്നു. ഇതിന്റെ ചൈതന്യം മൂലമാണ് പരമാണുക്കള്‍ മുതല്‍ ഗോളസമൂഹങ്ങള്‍ വരെ ചലിക്കുന്നത്. പ്രപഞ്ചത്തിന്റെ ഉല്പത്തിയും, നിലനില്‍പും ലയവും ആത്മാവിലാകുന്നു. ദുര്‍ബലനെന്നും ഭീരുവെന്നും തന്നെ കരുതുന്ന മനുഷ്യന്‍ ദൗര്‍ബല്യ ഭീരുത്വാദികള്‍ തന്നില്‍ ആരോപിക്കുന്നതിലൂടെ ആത്മാവിലാരോപിച്ച് അതിനെ നിന്ദിക്കുകയാണ് ഫല ത്തില്‍ ചെയ്യുന്നത്. താന്‍ ശരീരമനോബുദ്ധികളാണെന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണം. അധര്‍മ്മത്തിനാസ്പദവും അതു തന്നെ. അതിനാല്‍ ഉത്തമനായ മനുഷ്യനു ആവശ്യം വേണ്ടുന്ന ഗുണം വീരതയാണെന്നു സിദ്ധിക്കുന്നു. ഒരു വീരനു മാത്രമേ ആ ധര്‍മ്മം അനുഷ്ഠിക്കാനാകൂ. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിനുള്ളില്‍ ഇടിഞ്ഞി ഉണ്ടാക്കുന്ന അതേ പദാര്‍ത്ഥം കൊണ്ടുള്ള മനസ്സുമാണ് വേണ്ടതെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു വെറുതെയല്ല. പുരുഷോത്തമ ലക്ഷണങ്ങളില്‍ ആദ്യത്തേതായി വാല്മീകി മഹര്‍ഷി വീരതയെ തന്നെ നിര്‍ദ്ദേശിച്ചതും അതുകൊണ്ടാകുന്നു.
Discussion about this post