ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി
സംസ്‌കാരം, മതം, സമ്പദ്‌ഘടന, രാഷ്‌ട്രീയം എന്നിവയെ വേര്‍തിരിച്ചുനിര്‍ത്തി രാഷ്‌ട്രപുനഃസംവിധാനത്തിനു തയ്യാറെടുക്കുന്നവര്‍ തികച്ചും അശാസ്‌ത്രീയമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഓരോ കാലഘട്ടത്തിലും ഇന്ന ഇന്ന വികാരങ്ങളേ ഉണ്ടാകൂ എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ള കമ്പാര്‍ട്ടുമെന്റല്ല മനുഷ്യജീവിതം. മനുഷ്യന്റെ സമ്പൂര്‍ണവളര്‍ച്ചയ്‌ക്കും സമൂഹത്തിന്റെ നിലനില്‌പിനും ഭാരതത്തിന്റെ കുടുംബബന്ധങ്ങള്‍ക്കും ലോകമാകെ കെട്ടപ്പെട്ടു കിടക്കുന്ന രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്കും മേല്‌പറഞ്ഞ നാലു ഘടകങ്ങളുമായി വേറിട്ടു നില്‍ല്‌ക്കാനാവാത്ത ബന്ധമാണുള്ളത്. സമന്വയനീതിയില്ലാത്ത സാമ്പത്തികസംവിധാനത്തിനുള്ള പരിശ്രമം ഒരു രാജ്യത്തെയും വളര്‍ത്തിയതായി കണ്ടിട്ടില്ല. ലോകത്ത് യുദ്ധങ്ങള്‍ പ്രഖ്യാപിതമായിട്ടുള്ളത് മേല്‌പറഞ്ഞ നാലു കാര്യങ്ങളിലുള്ള പൊരുത്തക്കേടു കൊണ്ടാണ്. സമാധാനം സ്ഥാപിതമായിട്ടുള്ളത് ഇവ തമ്മിലുള്ള സമന്വയത്തിലൂടെയുമാണ്. ഇതു കേവലം ചരിത്രസത്യവും ശാസ്‌ത്രസത്യവുമായിരിക്കെ അവയെ വേര്‍പിരിച്ചു വിന വിതയ്‌ക്കാന്‍ തുടങ്ങുന്ന വിദ്വേഷരാഷ്‌ട്രീയത്തിന്റെ വിഘടനഭാവം വിവേകശാലികള്‍ വലിച്ചെറിയേണ്ടതാണ്.
മതസൗഹാര്‍ദത്തെക്കുറിച്ച് രാഷ്‌ട്രീയകക്ഷികളിലെ നേതാക്കന്മാര്‍ ഇന്ന് വാതോരാതെ പ്രസംഗിച്ചു നടക്കുന്നു. സൗഹാര്‍ദം തകര്‍ത്തതിനുള്ള പഴി മുഴുവന്‍ ഹിന്ദുവിന്റെ പുറത്തു ചാരി സംതൃപ്‌തിയടയാനും അവര്‍ മത്സരിക്കുന്നു. മതസൗഹാര്‍ദ റാലികളും സമ്മേളനങ്ങളുമെല്ലാം ഹിന്ദുവിനെ അധിക്ഷേപിക്കുന്നതിനുള്ള വേദികളായി അധഃപതിച്ചിരിക്കുന്നു. ഇതിനുമാത്രം ഹിന്ദു എന്തു തെറ്റു ചെയ്‌തു? മതസൗഹാര്‍ദം തകര്‍ത്തതാര്? ചില നേതാക്കന്മാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദുവാണോ അതിനുത്തരവാദി ? ലോകചരിത്രത്തില്‍ എവിടെയെങ്കിലും മതത്തിന്റെ പേരില്‍ ഹിന്ദു അതിക്രമം കാണിച്ചതിന് ഉദാഹരണം ചൂണ്ടിക്കാണിക്കാനുണ്ടോ? തീയും വാളുമുപയോഗിച്ച് മതം പ്രചരിപ്പിക്കാനോ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കാനോ ഹിന്ദു എപ്പോഴെങ്കിലും ശ്രമിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ?
ഹിന്ദു വര്‍ഗീയവാദിയല്ല
മറ്റു ചില മതഗ്രന്ഥങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഹിന്ദുവിന്റെ മതഗ്രന്ഥങ്ങളില്‍ എവിടെയെങ്കിലും ശക്തി ഉപയോഗിച്ച് മതം മാറ്റാന്‍ വ്യവസ്ഥയുണ്ടോ? മറിച്ചുള്ള വ്യവസ്ഥകള്‍ ധാരാളമുണ്ടുതാനും. `വസുധൈവ കുടുംബകം’1, `ഏകം സദ് വിപ്രാഃ ബഹുധാ വദന്തി’2, `മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’, `യത്ര വിശ്വം ഭവത്യേകനീഡം’3, `ലോകാഃ സമസ്‌താഃ സുഖിനോ ഭവന്തു’4 എന്നു തുടങ്ങി നാനാതരത്തില്‍ ഏകത്വത്തെ പ്രചരിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഏകസംസ്‌കാരം ഹൈന്ദവന്റേതു മാത്രമാണെന്നു പറയുന്നത് മറ്റു മതങ്ങളോടുള്ള വിരോധം കൊണ്ടല്ല. മറ്റു മതങ്ങള്‍ സ്വന്തം സിദ്ധാന്തം വിവരിക്കുമ്പോള്‍ ഹിംസയും ഏകപക്ഷീയ സിദ്ധാന്തങ്ങളും ആദര്‍ശമെന്ന നിലയില്‍ സ്‌പഷ്‌ടമായി എടുത്തു കാണിക്കാറുണ്ട്. ഋഷിമാര്‍, ചിന്തകന്മാര്‍, ചരിത്രകാരന്മാര്‍, സാഹിത്യകാരന്മാര്‍, ശാസ്‌ത്രജ്ഞന്മാര്‍ എന്നിങ്ങനെ മനുഷ്യോന്നതിക്ക് വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരുംതന്നെ ഹൈന്ദവസിദ്ധാന്തങ്ങളെ വര്‍ഗീയമായി വിലയിരുത്തിയിട്ടില്ല. നാനാത്വങ്ങളെ സമന്വയിപ്പിക്കുന്നതിലും കോര്‍ത്തിണക്കുന്നതിലും ഹിന്ദുവിന്റെ ജീവിതരീതി പ്രശസ്‌തസേവനം നല്‌കിയിട്ടുണ്ട്. ആക്രമണം, സാമ്രാജ്യവികസനം, കോളനി സ്ഥാപിക്കല്‍, വിപണി വികസനം, മതപരിവര്‍ത്തനം എന്നിവയൊന്നുംതന്നെ ഹിന്ദുവിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല. സംഘടിതമതനിയമങ്ങളുടെയും ആക്രമണങ്ങളുടെയും പട്ടിക നിരത്താനാണെങ്കില്‍ ചരിത്രത്തിന്റെ ഏടുകളിലൊന്നുപോലും മറിക്കുന്നത് വെറുതേയാവുകയില്ല. എന്നാല്‍ രക്തപങ്കിലമായ മനുഷ്യജീവിതത്തിന്റെ ക്രൂരവും നിരങ്കുശവുമായ സമീപനം ഹിന്ദുവില്‍നിന്നുണ്ടായിട്ടില്ല. ആക്രമണങ്ങളെ അതിജീവിച്ചും അടിമത്തമനുഭവിച്ചും ഹിന്ദു അനുസരിച്ചതും അംഗീകരിച്ചതും സാഹോദര്യമായിരുന്നു. മറിച്ചുള്ള ഉദാഹരണങ്ങള്‍ മറ്റു മതങ്ങളില്‍ ധാരാളമാണ്. അടുത്ത കാലത്ത് ബംഗാളില്‍ കാസറ്റ് പ്രസിദ്ധീകരണങ്ങളിലൂടെ മാഹമ്മദരാഷ്‌ട്രീയം മതസിദ്ധാന്തത്തോടു ചേര്‍ന്നു നടത്തിയ നഗ്നമായ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ സത്യങ്ങള്‍ മറച്ചുവച്ചിട്ടു കാര്യമില്ല. താഴെ ചേര്‍ത്തിട്ടുള്ള വരികള്‍ വര്‍ഗീയമാണോ സ്വര്‍ഗീയമാണോ എന്നു നിഷ്‌പക്ഷമതികള്‍ വിലയിരുത്തട്ടെ. (1992 ഒക്‌ടോബര്‍ 18 മുതല്‍ 24 വരെയുള്ള `സണ്‍ഡേ മാഗസിനി’ല്‍ സ്വപന്‍ദാസ് ഗുപ്‌ത എഴുതിയ `നോ താങ്ക് യൂ’ എന്ന ലേഖനത്തില്‍നിന്ന്)
“വടക്കുള്ള രസോയി ഗ്രാമത്തിലെ ഇരുപത്തിനാലു പര്‍ഗാനകളില്‍ പ്രചരിപ്പിക്കുന്ന കാസറ്റുകള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഏഷ്യയുടെ പകുതിയിലേറെ ഭാഗം മുസ്ലീങ്ങളുടെ അധീനതയിലാണ്. ഇന്ത്യയെന്നും നേപ്പാളെന്നും പേരുള്ള പിശാചുക്കളുടെ രണ്ടു നാടുകള്‍ മുസ്ലീം സാമ്രാജ്യമഹാസമുദ്രത്തില്‍ അലഞ്ഞു നടക്കുകയാണ്. എന്നാല്‍ വളരെ വേഗം തന്നെ ഈ രണ്ടു രാജ്യങ്ങളെയും മുസ്ലീങ്ങള്‍ കയ്യടക്കും. -Our holy Koran permits us to kill idolators except in the month of Ramzan. If killing appears to be difficult, keep them under siege until they surrender themselves to our Almighty Allah. If you can accomplish it, you will be a permanent resid-ent of Paradise and get beautiful fairies to lie with you.’ (റംസാന്‍ മാസമൊഴിച്ച് മറ്റേതു സമയത്തും വിഗ്രഹാരാധകരെ കൊല്ലാന്‍ വിശുദ്ധ ഖുറാന്‍ നമുക്ക് അനുവാദം തന്നിട്ടുണ്ട്. കൊല്ലുന്നതു പ്രയാസമാണെങ്കില്‍ നമ്മുടെ സര്‍വശക്തനായ അള്ളായ്‌ക്കു കീഴടങ്ങുന്നതുവരെ അവരെ ശക്തിപ്രയോഗത്തിനും സമ്മര്‍ദത്തിനും വിധേയരാക്കണം. ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ നിശ്ചയമായും സ്വര്‍ഗത്തെ സ്ഥിരതാമസക്കാരനാവും; മനോഹരികളായ മാലാഖമാരെ സഹശയനത്തിനു ലഭിക്കുകയും ചെയ്യും). ഏതു തരത്തിലും കാഫിറിനെ ആക്രമിക്കുക, മതം മാറ്റുക. നേപ്പാള്‍ വിഗ്രഹാരാധകരുടെ നാടാണ്. എന്നാല്‍ ഇന്ത്യ ഒരു നാഥനില്ലാക്കളരിയാണ്. നമ്മള്‍ തീര്‍ച്ചയായും ഇന്ത്യയെ ആക്രമിച്ച് അധീനമാക്കും.”
ക്രൂരവും പൈശാചികവുമായ മതനിയമങ്ങള്‍ രാജ്യവിസ്‌തൃതിക്കും ആധിപത്യത്തിനും വേണ്ടി കൂട്ടിയിണക്കി പ്രസ്‌താവിച്ചിരിക്കുന്ന ഒരു സമൂഹത്തിന്റെ ഈ വിധമുള്ള ആക്രമണമനഃസ്ഥിതി ഹിന്ദുവിന്റെ മതസിദ്ധാന്തത്തിലോ രാഷ്‌ട്രസംവിധാനസമീപനത്തിലോ സാമ്പത്തികക്രമീകരണത്തിലോ സാംസ്‌കാരികനവീകരണത്തിലോ പ്രയോഗിച്ചിട്ടുള്ളതായി കാണാനാവില്ല.”The virulity and the vigour coupled with their fanaticism and the iconoclastic fury made them masters of a vast empire’ എന്ന് നിസ്സങ്കോചം പ്രസ്‌താവിച്ച ലോകചരിത്രകാരന്‍ (H.G. Wells) അറബികളുടെ ആക്രമണസിദ്ധാന്തത്തെയും മതസിദ്ധാന്തങ്ങളെയും രണ്ടും കൂടിക്കലര്‍ന്ന സമീപനത്തെയും യഥാതഥം വരച്ചുകാട്ടുന്നു. ഈവിധമൊരു സമീപനം ഹിന്ദുവിന്റെ സംസ്‌കാരചരിത്രത്തിലുണ്ടോ?
രാഷ്‌ട്രീയം, സംസ്‌കാരം, സാമ്പത്തികക്രമീകരണം എന്നിവ ഒരുമിച്ചുനില്‌ക്കണം
ലോകരാഷ്‌ട്രങ്ങളും സംസ്‌കാരങ്ങളും മനുഷ്യസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പല ഘട്ടങ്ങളും
തരണം ചെയ്‌തിട്ടുണ്ട്. പല പരീക്ഷണങ്ങളിലും വിജയമോ പരാജയമോ കൈവരിച്ചിട്ടുമുണ്ട്. ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശക്തിയില്‍ തെറിച്ചുപോയ മാമൂലുകള്‍ ധാരാളമുണ്ട്. അടിഞ്ഞു പോയ സംസ്‌കാരങ്ങളും കുറവല്ല. മെസപ്പൊട്ടേമിയന്‍, ഈജിപ്‌ഷ്യന്‍, ബാബിലോണിയന്‍, സുമേരിയന്‍, അഥീനിയന്‍, ഗ്രീക്ക് തുടങ്ങിയ സംസ്‌കാരങ്ങള്‍ ഈ അടിയൊഴുക്കില്‍പ്പെട്ട് അടിഞ്ഞുപോയവയാണ്. മതവും രാഷ്‌ട്രീയവും ഒരുമിച്ചുനിന്നു പടപൊരുതിയെങ്കിലും സമൂഹത്തിന് ആഘാതമേല്‌പിച്ച അത്തരം വര്‍ഗീയതയും ഒറ്റപ്പെട്ട വികാരങ്ങളും കരിനിഴല്‍പോലെ ഇന്നും കെടുതിയായിത്തന്നെ അവശേഷിക്കുന്നു. ഹിന്ദു ഇത്തരം നീചകൃത്യങ്ങളില്‍ ഭാഗഭാക്കായിട്ടില്ല. എന്നിട്ടും ഹിന്ദു രാഷ്‌ട്രീയക്കാരുടെ കണ്ണില്‍ വര്‍ഗീയവാദിയാണുപോലും!
ഇംഗ്ലണ്ടും അയര്‍ലണ്ടും മത്സരിച്ചു വേര്‍പിരിഞ്ഞത് ഈ അടുത്ത കാലത്താണ്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള വിപരീതമനോഭാവമാണ് ഇതിനു കാരണമെന്നു പറയുന്നത് വര്‍ഗീയതയല്ലല്ലോ. ഇംഗ്ലീഷ് സാഹിത്യത്തില്‍പ്പോലും ഈ കുത്സിതമനോഭാവം കടന്നുവന്നിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയും അതിനെ തുടര്‍ന്ന് വളര്‍ന്നു പന്തലിച്ച ആംഗലേയവിരോധവും അമേരിക്കയിലെ ഇംഗ്ലീഷ് സാഹിത്യത്തിനും ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിനും വ്യത്യസ്‌തപദവികള്‍ നേടിക്കൊടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഉച്ചാരണത്തിലും അക്ഷരക്രമത്തിലുമെല്ലാം ഈ വ്യത്യാസം സ്‌പഷ്‌ടമാണ്. (തുടരും)
Discussion about this post