
ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി
കാവുകളിലേയും ക്ഷേത്രങ്ങളിലേയും കുരുതി സമ്പ്രദായം ശരിയാണോ ?
അല്ല!
കുരുതി ചെയ്യേണ്ടത് സ്വന്തം അജ്ഞതയെയാണ്; പാവപ്പെട്ട ജന്തുക്കളെയല്ല. അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ് കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌്. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത് ധിക്കരിക്കുന്നു.
`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’ എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന് ഇതു കടകവിരുദ്ധമാണ്. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.
`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’ എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ് ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്) എന്ന പ്രയോഗത്തില്‍ ആത്മാവ് സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്.
`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’
ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട് മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.
`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്)
മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച് സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത് മൗഢ്യമാണ്. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക് അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത് ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന് സര്‍വം എന്നാണര്‍ഥം.
`അഹമേവ പരം സര്‍വമിതി പശ്യേത് പരം സുഖം’ (പൈംഗലോപനിഷത്)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ് പരമമായ സുഖം ലഭിക്കുന്നത്. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ് ഉപദേശിച്ചിരിക്കുന്നത്. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.
`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച് പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ് അര്‍ഥമാക്കുന്നത്. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട് സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്. സ്വാര്‍ഥതയ്‌ക്കുവേണ്ടി സൗകര്യാര്‍ഥം എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങളും കാര്യനിര്‍വഹണാര്‍ഥമുള്ള ദുര്‍വ്യാഖ്യാനങ്ങളുമാണ് മതത്തിന്റെ ഏകത്വത്തിനു കളങ്കം ചേര്‍ത്തത്.
(തുടരും)
Discussion about this post