സ്വാമി സത്യാനന്ദ സരസ്വതി
പ്രപഞ്ചം മുഴുവനും സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു തത്വങ്ങളില്‍ അധിഷ്ഠതമാണ്. സ്ഥൂലം കണ്ണുകള്‍കൊണ്ട് കാണാവുന്നതും രൂപം ഗുണം പേര് ഇവകളോടുകൂടി പ്രപഞ്ചത്തില്‍ കാണുന്നവയുമാണ്. ജീവന്‍ സമ്പാദിച്ചു വയ്ക്കുന്ന സൂക്ഷ്മഭാവമാണ് മനസ്സ്. മനസ്സിലെ അച്ഛന്റെ രൂപവും വെളിയില്‍ നിന്നുവരുന്ന അച്ഛന്റെ രൂപവും തമ്മില്‍ യോജിക്കുമ്പോഴേ ഇതെന്റെ അച്ഛാനാണെന്നറിയൂ. എന്നാല്‍ ഉറങ്ങുന്ന സമയത്ത് ഈ രണ്ടവസ്ഥകളും അറിയപ്പെടുന്നില്ല. എങ്കിലും ജീവന്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനങ്ങളുണ്ടെങ്കിലും അറിയുക എന്ന അനുഭവം ഇല്ലാത്തപ്പോഴാണ് ഉറക്കം. വിവരക്കേടും അതുതന്നെ. ഉറങ്ങുമ്പോള്‍ ജീവനുണ്ടെങ്കിലും അറിയാത്തതുകൊണ്ട് അച്ഛന്‍ തുടങ്ങി സകലതും ഇല്ലാതിരിക്കുന്നു. അപ്പോള്‍ ജീവനെ തന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് ബോധം അഥവാ അറിവ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
അതിനാലാണ് നാം ആ ശക്തിയെ ബോധസ്വരൂപന്‍, ജ്ഞാനസ്വരൂപന്‍, ചൈതന്യസ്വരൂപന്‍ തുടങ്ങിയ പേരുകളില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ ക്രിസ്തുവോ, കൃഷ്ണനോ, നബിയോ ആരായാലും മൂന്നുപേരും വലിക്കുന്ന ശ്വാസംപോലെ ചൈതന്യഭാവത്തില്‍ ഒന്നായിത്തന്നെ ഇരിക്കുന്നു. എല്ലാവരുടെയും ചൈതന്യത്തിന്റെ അടിസ്ഥാനം ഒരു തത്വം തന്നെയാണല്ലോ. ചൈതന്യസ്വരൂപമായ ഒരു അടസിഥാനമാണ് പ്രപഞ്ചത്തിനുള്ളത് എന്നറിയാനാണ് ആമുഖമായി ഇത്രയും പറഞ്ഞത്. ചൈതന്യവും ബോധവും ഒന്നുതന്നെയെന്ന് നേരത്തേ പറഞ്ഞുവല്ലോ. ബോധം കെട്ടുപോയി എന്നു പറയുമ്പോഴുള്ള അവസ്ഥ ഒന്നും അറിയാത്തതാണല്ലോ. ജീവനുണ്ടെങ്കിലും ബോധം ഇല്ലെങ്കില്‍, താന്‍ കിടക്കുന്നത് ആശുപത്രിയിലോ വഴിയിലോ എന്നറിയുകയില്ല. ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസല്‍മാനും, ഈ നിയമം ബാധകമാണ്. എല്ലാപേര്‍ക്കും ശരീരനിയമവും ജീവന്റെ നിയമവും ഒന്നായിരിക്കെ മേല്പറഞ്ഞ ചൈതന്യത്തിന്റെ നിയമവും വേറൊന്നല്ല. വ്യക്തിയുടെ ജീവനിലും പ്രപഞ്ചത്തിന്റെ ആകെക്കൂടിയുള്ള ജീവനിലും അടങ്ങിയിരിക്കുന്ന ചൈതന്യം അഥവാ ബോധം ഒരു തത്വത്തിന്റെതാണെന്ന് ക്രിസ്ത്യാനിയും മുസല്‍മാനും സമ്മതിക്കേണ്ടിവരും.
ജീവനില്‍ നിന്നുള്ള ബോധസ്വരൂപമായ ചൈതന്യവും ശരീരത്തില്‍ നിന്നുള്ള രശ്മികളും ചേരുമ്പോഴാണ് ഒരു വസ്തുവിനെ കണ്ടു, അറിഞ്ഞു എന്ന അനുഭവം ഉണ്ടാകുന്നത്. പ്രപഞ്ചത്തിന്റെ ഘടന ജാതിമതഭേദമന്യേ ഇത്തരത്തിലുള്ള ഒരു തത്വത്തിലധിഷ്ഠിതമാണ്. രക്തം. വിയര്‍പ്പ്, വേദന ഇവകള്‍ക്കൊന്നും പ്രത്യേക മതമില്ല. മേല്പറഞ്ഞ തത്വം തന്നെയാണിതിനെല്ലാം കാരണം. ഈ തത്വം ആദ്യം കണ്ടറിഞ്ഞതും പ്രഖ്യാപിച്ചതും ഹിന്ദുമതമാണ്. ഒരു വസ്തു തന്നിലുള്ള തന്റെ ശരീരത്തിന്റെ രശ്മികളും ജീവന്റെ ചൈതന്യവും പ്രപഞ്ചത്തിന്റെ ഇതരവസ്തുക്കളുടെ ചൈതന്യവുമായി ബന്ധപ്പെട്ടാണ് പരസ്പരബോധം ഉണ്ടാകുന്നത്. തേജോഗോളങ്ങളുടെ രശ്മികള്‍, വസ്തുക്കളുടെ രശ്മികള്‍, മനുഷ്യന്‍, മൃഗം എന്നുവേണ്ട സകലതിന്റയും രശ്മികള്‍ തമ്മില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചം ഇങ്ങനെ രശ്മിവലയങ്ങള്‍കൊണ്ട് കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് ‘ലേസര്‍ ബീമുകള്‍’ ഉപയോഗിച്ചുള്ള സമരം പരീക്ഷണ വിധേയമാക്കിയിരിക്കുന്നത്. രശ്മികളോടു ബന്ധപ്പെട്ട സര്‍വതിനേയും നശിപ്പിക്കുന്ന ഈ തത്വം കറിയിടുന്ന (തിലകം ചാര്‍ത്തുക) കാര്യത്തിലും താത്വികമായി അന്തര്‍ഭവിച്ചിരിക്കുന്നു. ഭൂമദ്ധ്യത്തിലോ ആജ്ഞാചക്രത്തിലോ വേണം കുറിയിടാന്‍. ശരീരത്തിന്റെ സന്ധികളിലും വിവിധതരം കുറികള്‍ വിധിച്ചിട്ടുണ്ട്. ഏതു രീതിയില്‍ ചിന്തിച്ചാലും ആര് ചിന്തിച്ചാലും (ക്രിസ്താനിയായാലും മുസല്‍മാനായാലും) മേല്പറഞ്ഞ ഭൂമദ്ധ്യത്തിലൂടെയാണ് നേരത്തെ സൂചിപ്പിച്ച് ചൈതന്യത്തിന്റെ രശ്മികള്‍ കടന്നുപോകുന്നത്. ആധുനിക വൈദ്യശാസ്ത്രജ്ഞന്മാര്‍ ഇത് സമ്മതിച്ചിട്ടുണ്ട്. ഭൂമദ്ധ്യത്തില്‍ കുറിയിടുന്നതുകൊണ്ടുള്ള മേന്മകള്‍ വളരെ വലുതാണ്. പുരുഷന്മാര്‍ക്ക് ചന്ദനവും സ്ത്രീകള്‍ക്ക് കുങ്കുമവുമാണ് സാധാരണ കുറിക്ക് വിധിച്ചിട്ടുള്ളത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടെന്ന് കോപിഷ്ടരാകുന്നു. അതുമൂലം ഭൂമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ഇതുകൊണ്ടാണ് ചന്ദനം വിധിച്ചിരിക്കുന്നത്. സ്ത്രീകള്‍ താരതമ്യേന ശാന്തശീലരാണ്. പെട്ടെന്ന് ശോകമോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തചംക്രമണത്തിന്റെ വേഗത കുറയും. ഈ കുറവ് പരിഹരിക്കാന്‍ കുങ്കുമപ്പൊട്ട് പ്രയോജനപ്പെടും. കുങ്കുമത്തിന്റെ ചുവപ്പുനിറവും രക്തത്തിന്റെ ചുവപ്പുനിറവും ഭൂമദ്ധ്യത്തില്‍ യോജിക്കുന്നു. അറിവന്റെ രശ്മികള്‍ ഭൂമദ്ധ്യത്തിലൂടെയാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭൂമദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുകയും രക്തചംക്രമണത്തിന്റെ വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞള്‍, നാരങ്ങാനീര് തുടങ്ങിയ അണുനശീകരണശക്തിയുള്ള (രാഗാണുക്കളെമാത്രം നശിപ്പിക്കുന്ന) മരുന്നുകളാണ് കുങ്കുമം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ നോട്ടത്തില്‍നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്‍ ബാധിക്കാതിരിക്കുന്നതിന് കുങ്കുമത്തിന്റെ ആന്റീബാക്ടീരിയയില്‍ രശ്മികള്‍ പ്രയോജനപ്പെടും (നോട്ടത്തിന്റെ ശക്തികൊണ്ടാണ് മത്സ്യം മുട്ട വിരിയ്ക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്). ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കാനുള്ള കുങ്കുമത്തിന്റെ ഈ ശക്തി മുഖശ്രീ വളര്‍ത്തുന്നതിനും തന്മൂലം മറ്റുള്ളവര്‍ക്ക് അനുകൂലമായ ചിന്തയുണ്ടാക്കുന്നതിനും സഹായകമാകും.
രക്തത്തിലുള്ള ശ്വേതാണുക്കളുടെയും അരുണാണുക്കളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ആധുനികശാസ്ത്രം വ്യ്ക്തമാക്കിയിരുന്നു. എപ്പോഴാണോ അരുണാണുക്കള്‍ കുറയുന്നത് അപ്പോള്‍ രക്തത്തിലുള്ള ഓക്‌സിജന്‍, ഹിമോഗ്ലോബിന്‍ എന്നിവ കുറയുകയും ശരീരം ക്ഷീണിതമാവുകയും ചെയ്യും. ഇത് ശ്വേതാണുക്കളുടെ രോഗപ്രതിരോധ ശക്തിയെവരെ ഗുരുതരായി ബാധിക്കുകയും ശരീരം പെട്ടെന്നുതന്നെ രോഗബാധിതമായിത്തീരുകയും ചെയ്യും. അരുണാണുക്കളെ ഭൂമദ്ധ്യത്തിലേക്ക് കൊണ്ടുവരുന്നതിന് കുങ്കുമത്തിന് ശക്തിയുണ്ട്. ലേസര്‍ ബീമുകളുായി ബന്ധമുള്ള കുങ്കുമത്തില്‍നിന്ന് നിര്‍ഗളിക്കുന്ന രശ്മികള്‍ ശരീരത്തിന്റെ സൂക്ഷ്മതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധമനികളിലേക്ക് രക്തപ്രവാഹം ത്വരിതപ്പെടുത്തി ആരോഗ്യനില സൂരക്ഷിതമാക്കുന്നു. ത്വക്കിനെ സ്പര്‍ശനശക്തിയുള്ളതാക്കുന്ന ബാഹ്യധമനികളിലും കുങ്കുമത്തിന്റെ ഈ ബീമുകള്‍ അനുകൂലമായി പ്രവര്‍ത്തിക്കുന്നു.
മസ്തിഷ്‌കധമനികളിലും ഈ പ്രവര്‍ത്തനക്ഷമത പകരാന്‍ കുങ്കുമത്തിന്റെ രശ്മികള്‍ക്ക് കഴിയും. ചന്ദനം വ്രണങ്ങള്‍ ഉണക്കുന്നതിനും ക്യാന്‍സര്‍ രോഗം ശമിപ്പിക്കുന്നതിനും കഴിയുന്ന വസ്തുവാണെന്ന് അടുത്തകാലത്ത് ശാസ്ത്രജ്ഞന്മാര്‍ സമ്മതിച്ചിരിക്കുന്നു. ആയുര്‍വേദം, അലോപ്പതി തുടങ്ങിയ എല്ലാ വൈദ്യശാസ്ത്രമണ്ഡലങ്ങളും ഇത് അംഗീകരിക്കുന്നു. ക്ഷേത്രത്തിലെ കളഭാഭിഷേകത്തിലും മുഴുക്കാപ്പ് ചാര്‍ത്തുന്നതിലും, ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതിലും, ശിവന്, ഭസ്മാഭിഷേകം നടത്തുന്നതിലും എല്ലാം ഈ തത്വം അടങ്ങിയിരിക്കുന്നു. ഇതിലേതെങ്കിലും ഒന്നുചെയ്യുന്ന ഭക്തന്റെ തോട്ട്‌വേവുകളും (ചിന്താതരംഗം) വിഗ്രഹത്തില്‍ നിന്നുവരുന്ന രശ്മികളും (Rays), മന്ത്രോച്ചാരണം മൂലം ഉണ്ടാകുന്ന ശബ്ദതരംഗങ്ങളും ഒത്തുചേര്‍ന്നാലുണ്ടാകുന്ന ഫലം എത്രമാത്രം വലുതാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. എതിര്‍ക്കുന്ന ക്രിസ്ത്യാനിക്കും, മുസല്‍മാനും ജീവതതത്വത്തിന് വ്യത്യാസമില്ലാത്തതിനാല്‍ കുറിയിടുന്ന ഹിന്ദുവിനെ സമീപിച്ചാല്‍ എതിര്‍ത്താലും പ്രയോജനം കിട്ടും. ക്ഷേത്രത്തിലെത്തിയാല്‍ കളഭ, കുങ്കുമ, ഭസ്മാദികളാലുള്ള അഭിഷേകത്താല്‍ ശക്തമായ ക്ഷേത്രപരിസരങ്ങളില്‍ കുങ്കുമക്കുറി, കളഭക്കുറി എന്നിവയോടുകൂടി എത്തുന്ന ഭക്തന് ഈ രണ്ടു രശ്മികളും പരസ്പരം യോജിച്ചുള്ള സ്ഥലം സിദ്ധിക്കുമെന്നതിന് സംശയം ഇല്ലല്ലോ. അമ്മയെ തെറിവിളിച്ചാലും പ്രസവിച്ചത് അമ്മയാണെന്ന സത്യം മാറിപ്പോവുകയില്ലല്ലോ. ശാസ്ത്രസത്യത്തെ ആക്ഷേപിച്ചാലും തത്വം മാറാതെ ഫലം കിട്ടാനുള്ള കാരണവും ഇതാണ്. മേല്പറഞ്ഞ ഭസ്മ കുങ്കുമ അഭിഷേകങ്ങള്‍ പൂര്‍ണമായിരിക്കുമ്പോള്‍ അടുത്തു ചെല്ലുന്നവരുടെ ശരീരത്തിലുള്ള രക്തപ്രസാദത്തിന് എത്രമാത്രം വര്‍ധനവുണ്ടാകും എന്ന് സാമാന്യബുദ്ധികൊണ്ട് ചിന്തിച്ചാല്‍ തന്നെ അറിയാവുന്നതാണ്. ഭസ്മം ശരീരത്തിന്റെ സന്ധികളില്‍ ആകമാനം പൂശുന്നതുകൊണ്ട് ദുര്‍മേദസ്സ് അപഹരിക്കപ്പെടുകയും ശരീരം മെലിഞ്ഞതും ദൃഢതയുള്ളതാകുകയും ചെയ്യും. അന്തരീക്ഷത്തിന്റെ വിപരീതഗുണങ്ങളൊന്നും ത്വക്കിനെ ബാധിക്കുകയില്ല. അമിതമായ തണുപ്പോ ചൂടോ ശരീരത്തെ ശല്യപ്പെടുത്തുകയില്ല. മേദസ്സിന്റെ സമ്മര്‍ദം കുറഞ്ഞാല്‍ ഞരമ്പുകള്‍ രക്തത്തെ വഹിക്കാന്‍ ശക്തമായിതീരും. അമിതാദ്ധ്വാനംകൊണ്ടും രഹിതാദ്ധ്വാനം കൊണ്ടും ഉണ്ടാകുന്ന സന്ധികളുടെ ശക്തിഹീനതക്ക് ഭസ്മലേപനം പരിഹാരമാണ്. ത്വക്കിനെ ബാധിക്കുന്ന അണുക്കളെ ആട്ടിപ്പായിക്കാനും ത്വക്ക് രോഗങ്ങളെ നിവാരണം ചെയ്യാനും ഭസ്മത്തിനു കഴിയുന്നു. പടയാളിക്ക് പടച്ചട്ടപോലെ രോഗാണുക്കളില്‍നിന്ന് ശരീരത്തെ രക്ഷിക്കാനുള്ള ഒരു കവചമായി ഇത് പ്രവര്‍ത്തിക്കുന്നു.
‘കളഭത്തില്‍’ അടങ്ങിയിട്ടുള്ള പച്ചക്കര്‍പ്പൂരം, മഞ്ഞള്‍, കസ്തൂരി, ഗോരോചനം, വെരുകിന്‍പൂവ്, പനിനീര് എന്നീ വിശിഷ്ടങ്ങളായ അണുനശീകരണശക്തിയുള്ള സാധനങ്ങള്‍ രോഗാണുക്കളെ നശിപ്പിക്കുക മാത്രമല്ല ജീവാണുക്കളെ വര്‍ധിപ്പിക്കുകയും, സുഗന്ധം ശീതളത എന്നിവകൊണ്ട് പ്രസാദവും, പ്രശാന്തിയും നല്കുകയും ചെയ്യും. മേല്പറഞ്ഞവയില്‍ നിന്നുണ്ടാകുന്ന പ്രസന്നത കാള ഇറച്ചിയും, പന്നി ഇറച്ചിയും തിന്നാലുണ്ടാകുന്നതല്ല.
മുനയുള്ള ദര്‍ഭ കരിച്ച് തേനില്‍ ചാലിച്ച് തൊടുന്നത് കുഞ്ഞുങ്ങള്‍ക്ക് വളരെയേറെ ‘ദൃഷ്ടി ദോഷം’ ഒഴിവാക്കാന്‍ പ്രയോജനപ്പെടുന്നു.
ആവണക്ക് അരി എരിച്ചുകിട്ടുന്ന എണ്ണയില്‍ ചാന്തുപയോഗിക്കുന്നതുകൊണ്ട് നാഡികള്‍ക്ക് സ്‌നിഗ്ദ്ധതയും തണുപ്പും ലഭ്യമാകും. നിസ്സാരമായ പുകയറ തേനില്‍ ചാലിച്ച് പല്ലുതേച്ചാല്‍ മോണയില്‍ നിന്നുണ്ടാകുന്ന രക്തസ്രാവം, പഴുക്കല്‍ എന്നിവ നില്ക്കും. തത്തുല്യമായ ഗുണം കുറിയിടുന്നതുകൊണ്ടും ക്രമേണ ലഭ്യമാകുന്നതാണ്. ഭസ്മലേപനത്തോടുകൂടി ഉദയ സൂര്യനെ വണങ്ങുന്നതുകൊണ്ട് ലഭ്യമാകുന്ന ultra violet രശ്മികള്‍ ശരീരത്തിന് വളരെയേറെ പ്രയോജനപ്പെടുമ്പോള്‍ ധരിച്ചിരിക്കുന്ന ഭസ്മം അന്തരീക്ഷത്തിന്റെ Bacterial Radiation ഒഴിവാക്കി വ്യക്തിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
പൊട്ടുതൊടുന്നതും രാവണന്‍ സീതയെ അപഹരിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അത്തരം അന്ധവിശ്വാസ ജഡിലങ്ങളായ കെട്ടുകഥകളാണ് നമ്മുടെ സകല ശാസ്ത്രീയ ആദ്ധ്യാത്മിക സത്യങ്ങളേയും നശിപ്പിച്ചതും തെറ്റുകള്‍ക്ക് പ്രചാരം നല്കിയതും. അതുകൊണ്ട് അവയൊന്നും വിശ്വസിക്കരുത്.
ഇത്രയും ശാസ്ത്രീയവും, ആരോഗ്യപ്രദവുമായ കുറിക്കൂട്ടുകളെയും അവയുടെ ഉപയോഗത്തെയും ആക്ഷേപിക്കുന്നവരെപ്പറ്റി ഒരു ചെറിയ ഉദാഹരണം പറയാം.
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാര്‍ ഇതിനുത്തരം കൊടുത്തിട്ടുണ്ട്. രംഗം ഒരു കൃഷിസ്ഥലമാണ്. ഞണ്ടും, ഞൗണിയും, നത്തയും, ഞാഞ്ഞൂലും ഒക്കെ സമൃദ്ധമായി ലഭിക്കുന്ന സമയം. കൃഷിക്കാരനെ പിന്‍തുടര്‍ന്ന് സ്വന്തം കൊക്കര വീര്‍പ്പിക്കുന്ന ഏതാനും കൊക്കുകള്‍. കര്‍ഷക സഹായികളായ ഇവരെയൊക്ക ചുണ്ടിലാക്കിക്കൊണ്ട് ഞങ്ങളും കര്‍ഷകരാണെന്നഭിമാനിക്കുന്ന കഠിനാധരന്മാരാണ് ഇവര്‍. ഭക്ഷണമൊക്കെ കഴിഞ്ഞ് ശ്രീമാന്മാര്‍ വരമ്പുകളില്‍ കയറി സുഖിച്ചിരിക്കുന്ന രംഗം നമ്പ്യാര്‍ നമുക്ക് കാട്ടിത്തന്നിരിക്കുന്നു.
‘ചെളിബഹുചളപളയായൊരു കണ്ടത്തിന്റെ
വരമ്പത്തനവധി കൊറ്റകള്‍, ഞണ്ടും ഞൗണിയുമീവക
പറ്റിയണഞ്ഞഥ കൊത്തിവിഴുങ്ങി
കൊറ്റു കഴിച്ചമരുന്നളവവിടെ
ചെറ്റെന്നഴകൊടു ചെന്നാനൊരുവന്‍’
ചെന്നതാരാണെന്നറിയേണ്ടേ?
മാനസ സരസ്സില്‍നിന്നും വന്ന ഒരു അരയന്നമായിരുന്നു അത്. ഈ വിശേഷജീവിയെ കണ്ട് നമ്മുടെ കൊക്കുകള്‍ താറാക്കോഴികളെപ്പോലെ ഹി! ഹി! രവത്തോടെ അരയന്നത്തിന്റെ ചുറ്റുംകൂടി. ഈ മ്ലേഛപ്രമാണിമാര്‍ക്ക് അരയന്നത്തിന്റെ സൗന്ദര്യം സുഖിച്ചില്ല ഇവന്റെ ശാപ്പാടെന്താണെന്നറിയണമെന്നൊരു ചിന്ത ഹി! ഹി! രവത്തോടുകൂടി അരയന്നത്തിന്റെ അടുത്തെത്തി ചോദ്യങ്ങള്‍ തുടങ്ങി.
”കയ്യും കാലും കണ്ണും മുഖവും
തീയതുപോലെ ചുവന്നഴകുള്ളൊരു
നീയാരാണെ, വിടന്നാണെ, ന്നുര ചെയ്യേണം
എന്നതു കേട്ടുര ചെയ്തരയന്നം
ഞാനൊരു ഹംസമതാണ് വരുന്നത്
മാനസമതില്‍നിന്നെന്നുരചെയ്തു.”
മാനസ സരസ്സിനെപ്പറ്റി കേട്ടിട്ടില്ലാത്ത കൊക്കുകള്‍ക്ക് ഒന്നേ അറിയേണ്ടിയിരുന്നുള്ളൂ. അവന്റെ സൗന്ദര്യത്തിന്റെ രഹസ്യമായ ഭക്ഷണം എന്താണെന്നു മാത്രം. ഇന്നത്തെ സോഷ്യലിസ്റ്റു പ്രേമികളെപ്പോലെ തന്നെ ആഹാരത്തെപ്പറ്റിയായി ചോദ്യം. കയ്യും, കാലും, മുഖവും, കണ്ണും തീപോലെ ചുവന്ന് അഴകാര്‍ന്ന അരയന്നത്തിന്റെ ആഹാരമെന്തന്നറിയാനുള്ള കൊക്കുകളുടെ അത്യാര്‍ത്തി പൊട്ടിടുന്നതിന്റെ ഗുണത്തെപ്പറ്റി അറിയാനുള്ള ക്രിസ്ത്യാനിയുടെ അത്യാര്‍ത്തിയെക്കാള്‍ ഭേദമായിരുന്നു. ഭക്ഷണമെന്തെന്നുള്ള ചോദ്യത്തിന് ഉത്തമായി അരയന്നം പറഞ്ഞു.
”ചെന്താമരകളുമമൃതൊളി ജലവും
ചന്തമൊടുണ്ടെന്നന്നം ചൊന്നാന്‍”
ഗംഭീരന്‍ ചോദ്യവും, സ്വന്തം പരിചയത്തിന്റെ അടുത്തെങ്ങും വരാത്ത ഉത്തരവും കേട്ടപ്പോള്‍ കൊക്കുകളുടെ സംശയം വര്‍ധിച്ചു അട്ടയും പുഴുവും ഞാഞ്ഞൂലും തവളയും ഒക്കെ തിന്ന് രക്തം വര്‍ധിപ്പിച്ചിട്ടും ഞങ്ങള്‍ക്കില്ലാത്ത സൗന്ദര്യം വെറും താമരയയല്ലിയിലും, ശുദ്ധജലവുമായി കഴിയുന്ന ഈ അരയന്നത്തിനെങ്ങനെ കിട്ടി? ഏതായാലും സംശയം തീര്‍ത്തുകളയാം.
”അട്ടകളില്ലേ ഞണ്ടുകളില്ലേ തേരട്ടകളില്ലേ ഞാഞ്ഞൂലില്ലേ?”
”കിട്ടില്ലീവകയെന്നതിനുത്തരം
ഒട്ടും കൂസാതന്നം ചൊന്നാന്‍”
ഹ! കൊക്കുകള്‍ക്ക് സംശയം വര്‍ധിച്ചു. രക്തം കൂട്ടാന്‍ മേല്പറഞ്ഞവയില്ലാതെങ്ങനെ? ഇനി ഇവയെ ഇവിടെ നിര്‍ത്തുന്നത് ശരിയല്ല. ഒറ്റ വിരട്ട്.
”എന്തിനുകൊള്ളാം നിന്നെ
നീ സുഖമെന്തറിയുന്നത്”
മേല്പറഞ്ഞവയൊന്നും ഇല്ലെങ്കില്‍
”വന്നൊരുവഴിയേ ഹന്ത! തിരിച്ചുനടക്കുക
നിന്നുടെ ചന്തംകണ്ടാല്‍ ചതുരംതന്നെ!
കൂട്ടത്തോടവരിങ്ങനെ കഠിനം കലശലുകൂട്ടി-
ക്കളഹംസത്തെ, ആട്ടിപ്പായ്ച്ചു കളഞ്ഞൊരക്കഥ
കേട്ടിട്ടില്ലാത്താളുകളുണ്ടോ?”
സരസകവിയായ കുഞ്ചന്‍നമ്പ്യാര്‍ കൊക്കുകളുടെ പേര് പറഞ്ഞ് പൊട്ടിടുന്നതില്‍ വിവരമില്ലാത്ത ക്രിസ്ത്യാനിയെ പോലുള്ള വരെ അല്ലാതെ ആരെയാണ് കാണിച്ചിരിക്കുന്നത്. അരയന്നം ഭാരതീയ സംസ്‌കാരവും, അതിന്റെ ആചാരമര്യാദയും അതിന്റെ പ്രസന്നതയുമാണ്. പൊട്ടിടുമ്പോള്‍ ഉള്ള പ്രസന്നത കാളയിറച്ചില്‍നിന്നും പന്നിയിറച്ചിയില്‍നിന്നും കിട്ടില്ലെന്നു പറഞ്ഞതും അതുകൊണ്ടാണ്. നമ്പ്യാരുടെ ഭാഷയില്‍തന്നെ നമുക്കു പറ്റിയ അബദ്ധവും മനസ്സിലാക്കാം.
”നിന്ദ്യന്‍മാരൊടു കൂടുകിലിങ്ങനെ
വന്നിടുമമളി മിടുക്കന്മാര്‍ക്കും
എന്നതുകൊണ്ടതിനാരും തുനിയരു-
തെന്നുമനര്‍ത്ഥമതെന്നിതിനര്‍ഥം”
(പൊട്ടു തൊടുന്നതിനെക്കുറിച്ച് ഒരു കുട്ടി ചോദിച്ച സംശയത്തിന്റെ മറുപടി)
Discussion about this post