രഘുനന്ദന്‍
ലോകത്തില്‍ പലതരത്തില്‍പ്പെട്ട എണ്‍പത്തിനാലു ലക്ഷത്തോളം ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തില്‍ വിവരിച്ചിരിക്കുന്നത്. മനുഷ്യരെക്കൂടാതെ, പക്ഷികളും, മൃഗങ്ങളും, വൃക്ഷങ്ങളും, ചെടികളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇവയില്‍ ഏറ്റവും താണപടിയിലുള്ള ജീവികളാണു വൃക്ഷങ്ങളും, ചെടികളും, ആകൃതിയിലും പ്രകൃതിയിലും ഇവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. കാലാവസ്ഥയ്ക്കും പരിത:സ്ഥിതികള്‍ക്കുമനുസരിച്ച്, നിലനില്പിനുവേണ്ടിയുള്ള ജീവികളുടെ, അദമ്യമായ ആഗ്രഹമനുസരിച്ച്, തലമുറകളില്‍ കൂടി രൂപാന്തരം പ്രാപിച്ചതുകൊണ്ടാണ്. ജീവികള്‍ പലതരത്തിലുള്ളവയാകുവാന്‍ കാരണമെന്നു കരുതപ്പെടുന്നു ഇതില്‍നിന്നുതന്നെ ഏതു ജീവിയായാലും, അതിന്റെ ആഗ്രഹത്തിനനുസരിച്ച് കാലാന്തരത്തില്‍ മാറ്റമുണ്ടാകുമെന്നു മനസ്സിലാക്കാം.
വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം വലിച്ചെടുത്തു വളരുക എന്നതില്‍ കവിഞ്ഞ് അറിവൊന്നുമവയ്ക്കില്ല. അവ്യക്തമായ ഒരു ജീവചൈതന്യമാണ് അവയില്‍ പ്രവര്‍ത്തിക്കുന്നത്.
കുറച്ചുകൂടി ഉയര്‍ന്നതരത്തിലുള്ള ജീവികളാണ് പക്ഷികളും, മൃഗങ്ങളും. ഇവയും പലതരത്തില്‍പ്പെട്ടവയാണ്. ഇവയ്ക്കും ഒരു പൊതു സ്വഭാവമുണ്ട്. കഴിഞ്ഞ കാര്യങ്ങളോ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളോ, വിചിന്തനം ചെയ്യുവാനുള്ള കഴിവ് ഇവയ്ക്കില്ല. ഇഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥം മണത്തറിയുന്നു. ദു:ഖത്തേയും, സുഖത്തേയും പറ്റിയുള്ള സ്മരണ പെട്ടന്നില്ലാതെയാകുന്നു. ഇവയൊക്കെയാണിവയുടെ സാമാന്യധര്‍മ്മം. എന്നാല്‍ ഇതിനെക്കാളൊക്കെ ഉയര്‍ന്ന തരത്തിലുള്ള ജീവിയാണ് മനുഷ്യന്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇതരജന്തുക്കള്‍ എങ്ങനെ ജീവിച്ചിരുന്നോ, അതില്‍നിന്നും വ്യത്യസ്തമായി ജീവിക്കുവാന്‍ അവയ്ക്ക് കഴിയുന്നില്ല. നൈസര്‍ഗ്ഗികമായ ജീവിതമാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കുവാനുള്ള കഴിവു അവയ്ക്കില്ല. തന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും, മെച്ചപ്പെടുത്തുവാനും മനുഷ്യനു കഴിയുന്നു. മനുഷ്യനില്ലായിരുന്നെങ്കില്‍ ലോകം ഇന്നത്തെതു പോലെയാകുമായിരുന്നില്ല. പ്രാകൃതാവസ്ഥയില്‍ നിന്നും പുരോഗമിച്ച്, പുതിയ കണ്ടുപിടിത്തങ്ങള്‍ വഴി അത്യന്താധുനിക സൗകര്യങ്ങളില്‍ അവന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ജീവിതം സംതൃപ്തമാക്കാന്‍ പുതിയ വ്യവസ്ഥിതികള്‍ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ബാഹ്യമായി ഇങ്ങനെ വളരെയധികം മാറ്റങ്ങള്‍ വന്നുചേര്‍ന്നെങ്കിലും, പണ്ടത്തെ പ്രാകൃതമനുഷ്യനില്‍ നിന്നും ആന്തരികമായി അവന്‍ വ്യത്യസ്ഥനാണോ? പണ്ടത്തെ മനുഷ്യനും ജീവിതത്തില്‍ സുഖമനുഭവിച്ചിരുന്നു. ദു:ഖം അവനെ വിട്ടുപിരിഞ്ഞിട്ടില്ല. പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ പുതിയ പുതിയ ദു:ഖങ്ങളുണ്ടാക്കുന്നു. വിശാലമായി ചിന്തിക്കുമ്പോള്‍ മൃഗങ്ങളെപ്പോലെത്തന്നെ നിയതമായ രീതിയില്‍ ജീവിക്കാനല്ലാതെ ഇഷ്ടാനുസരണം ജീവിതം രൂപപ്പെടുത്തുവാന്‍ മനുഷ്യനും കഴിയുന്നില്ല. വളര്‍ച്ചയില്‍കൂടി നാശത്തിലേക്കുള്ള ദു:ഖപര്യവസായിയായ ഒരു സംഭവമായി ജീവിതമവസാനിക്കുന്നു.
ആഹാരം, നീഹാരം, നിദ്ര മൈഥുനം എന്നിവ സകല ജീവികളുടെയും അടിസ്ഥാനപരമായ വൃത്തിയാണ്. ഒരു പരിധിവരെ നിയന്ത്രിക്കുമെന്നല്ലാതെ, ഇതിനെ പരിപൂര്‍ണ്ണമായി ഒഴിവാക്കുവാന്‍ മനുഷ്യനും കഴിയുന്നില്ല. സുഖത്തിനുവേണ്ടി ഈ ആവശ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് മനുഷ്യന്‍. ഈ ആവശ്യങ്ങളുടെ ആവര്‍ത്തന വലയത്തിനുള്ളില്‍ ഒതുങ്ങുകയെന്നതാണോ ജീവിതലക്ഷ്യം. അങ്ങനെയെങ്കില്‍ അതു മൃഗങ്ങള്‍ക്കും കഴിയുന്നുണ്ടെങ്കിലും, ഈ അവസരങ്ങളില്‍ സകലജീവികളും അനുഭവിക്കുന്ന അനുഭൂതിക്ക് മാറ്റമൊന്നുമില്ല.
മനുഷ്യനുള്‍പ്പെടെയുള്ള സകല ജീവികളും, സദാ സുഖത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സുഖത്തിനുവേണ്ടിയാണ്. നിരന്തരമായ സുഖാന്വേഷണമാണു ജീവിതം. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം, സ്വന്തം സുഖത്തിനുവേണ്ടിയല്ലാതെ അവന്‍ പലതും പ്രവര്‍ത്തിക്കുന്നില്ലേ എന്നു സംശയം തോന്നാം. ഉദാഹരണത്തിന് ഒരമ്മ സ്വന്തം മക്കള്‍ക്കുവേണ്ടി എന്തെല്ലാം തരത്തിലുള്ള കഷ്ടപ്പാടുകള്‍ അുഭവിക്കുന്നു. ത്യാഗങ്ങള്‍ സഹിക്കുന്നു. മഹാന്മാരായിട്ടുള്ളവര്‍ ലോകനന്മയ്ക്കുവേണ്ടി എന്തെന്തു ത്യാഗങ്ങള്‍ അനുഭവിക്കുന്നു. സൂക്ഷ്മമായി ചിന്തിച്ചാല്‍ ഇതും അവരവരുടെ സുഖത്തിനുവേണ്ടിത്തന്നെയെന്നു മനസ്സിലാക്കാം. മക്കള്‍ക്കുവേണ്ടി കഷ്ടപ്പാടുകള്‍ അനുഭവിച്ചില്ലെങ്കില്‍ അമ്മയ്ക്ക് ദു:ഖമുണ്ടാകുന്നു. ലോകത്തിനുവേണ്ടി ത്യാഗമനുഭവിച്ചില്ലെങ്കില്‍ മഹാന്മാര്‍ക്കു ദു:ഖമുണ്ടാകുന്നു. നാം കരയുന്നതുപോലും സ്വന്തം സുഖത്തിനുവേണ്ടിയാണ്. കരയുമ്പോള്‍ നമുക്കാശ്വാസം കിട്ടുന്നു. ഇങ്ങനെ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ സകലപ്രവര്‍ത്തനങ്ങളും, സുഖത്തിനുവേണ്ടിയാണെന്നു മനസ്സിലാക്കാം.
എന്താണ് യഥാര്‍ത്ഥത്തിലീ സുഖം? കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങള്‍വഴി വിഷയബോധം മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതില്‍ക്കൂടി കേട്ടും, ത്വക്കില്‍ക്കൂടി സ്പര്‍ശിച്ചും, കണ്ണില്‍ക്കൂടി കണ്ടും, നാക്കില്‍ക്കൂടി രുചിച്ചും, മൂക്കില്‍ക്കൂടി മണത്തും ഇങ്ങനെ ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങള്‍ ആയി സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതികസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങള്‍വഴി കിട്ടുന്നതാണ്. ഈ അനുഭവം അതാതിന് ഉതകുന്ന വസ്തുക്കളെ ആശ്രയിച്ചാണ്. നല്ല കാഴ്ചകള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. തൊലിക്ക് സുഖകരമായ സ്പര്‍ശാനുഭവമുണ്ടാകുമ്പോള്‍ സുഖം തോന്നുന്നു. രൂചികരമായ പദാര്‍ത്ഥങ്ങള്‍ നാക്കില്‍ക്കൂടി അനുഭവിക്കുന്നു. പൂക്കളില്‍നിന്നും മാറ്റമുണ്ടാകുന്ന സുഗന്ധം മൂക്കില്‍ക്കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍വഴി സുഖമനുഭവിക്കാന്‍ വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു. വസ്തുക്കളെ യഥേഷ്ടം അനുഭവിക്കാന്‍ കഴിഞ്ഞാല്‍ സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാന്‍ മനുഷ്യന്‍, കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷെ വസ്തുക്കള്‍ എല്ലാം നശ്വരങ്ങളായതുകൊണ്ട് അതില്‍നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്. മാത്രമല്ല കാലപ്പഴക്കം കൊണ്ട് ഇന്ദ്രിയങ്ങള്‍ ബലഹീനങ്ങളാകുന്നതോടെ അവ ആസ്വദിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഈ വക വസ്തുക്കള്‍ എത്രമാത്രമുണ്ടായിരുന്നാലും ഒരിക്കല്‍ അവയൊക്കെ എന്നെന്നേക്കുമായി വിട്ടുപിരിയത്തക്ക വിധത്തില്‍ ജീവിതമവസാനിക്കുകയും ചെയ്യുന്നു വസ്തുക്കളില്‍നിന്നു കിട്ടുന്ന സുഖത്തിനും പ്രാകാരഭേദങ്ങളുണ്ട്. ഒരു വസ്തുവില്‍നിന്നും ഒരാള്‍ക്കു സുഖമായി തോന്നുന്ന അനുഭവം, മറ്റൊരാള്‍ക്ക് സുഖമായിക്കൊള്ളണമെന്നില്ല, നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ചില വസ്തുക്കള്‍ ചില ജന്തുക്കള്‍ ഭക്ഷിക്കുന്നതു കണ്ടിട്ടില്ലേ? ആ ഗന്ധവും, അതിന്റെ രുചിയും അവയ്ക്കു വളരെ ഇഷ്ടമായി തോന്നുന്നതു കൊണ്ടാണല്ലോ അതു ഭക്ഷിക്കുന്നത്. നാം നല്ല വസ്തുക്കള്‍ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ് ആ വക വസ്തുക്കളില്‍നിന്നവയ്ക്കും കിട്ടുന്നത്. വസ്തുക്കള്‍ക്ക് ഗുണമോ ദോഷമോ യഥാര്‍ത്ഥത്തിലില്ല. അവ ആപേക്ഷികമാണ്. അവരവരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കിഷ്ടപ്പെടാത്ത വസ്തുക്കള്‍ അവനവനു ചീത്ത. ഇഷ്ടപ്പെടുന്നതു നല്ലത്. ഒരു ജീവിക്കിഷ്ടപ്പെടുന്നത് മറ്റൊരു ജീവിക്കിഷ്ടപ്പെടുന്നില്ല. ഇതില്‍നിന്നും ഗുണദോഷങ്ങള്‍ പഞ്ചേന്ദ്രിയങ്ങളെ ആശ്രയിച്ചാണെന്നറിയാന്‍ കഴിയും വസ്തുക്കള്‍ക്ക് മാറ്റമുണ്ടെങ്കിലും അവയില്‍നിന്നുണ്ടാകുന്ന അനുഭൂതികള്‍ എല്ലാ ജീവികള്‍ക്കും ഒരുപോലെയാണ്. ഇതില്‍നിന്നു തന്നെ സുഖം വസ്തുക്കളിലല്ല സ്വന്തം ഉള്ളില്‍ത്തന്നെയാണെന്നു മനസ്സിലാക്കാം.
ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂര്‍ണമായ ആനന്ദമുണ്ടാകുന്നത് അതനശ്വരമാണ്. വസ്തുക്കളെ ആശ്രയിക്കാതെ ഇന്ദ്രിയാതീതമായ ആ ആനന്ദത്തില്‍ എത്തിച്ചേരുകയെന്നതാണ് ജീവിതലക്ഷ്യം. അതിനു മനുഷ്യനു മാത്രമെ കഴിയൂ. ഇതാണ് ഇതരജീവികളെ അപേക്ഷിച്ച് മനുഷ്യനുള്ള മേന്മ.
ശരീരമാണു താന്‍ എന്നു തെറ്റിദ്ധരിച്ച് സുഖത്തിനുവേണ്ടി നാം ബാഹ്യവസ്തുക്കളെ ആശ്രയിക്കുകയാണ്. നാം ശരീരമല്ലെന്നും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ചൈതന്യമാണെന്നുമറിഞ്ഞ് അവനവനില്‍ പൂര്‍ണത ദര്‍ശിക്കുവാന്‍ കഴിയുമ്പോള്‍ സമ്പൂര്‍ണആനന്ദമുണ്ടാവുകയും, ശരീരനാശത്തോടെ അനന്തമായ പരാശക്തിയില്‍ ലയിക്കുകയും ചെയ്യുന്നു. ശരീരമാണ് താനെന്നു വിചാരിക്കുമ്പോള്‍ ശാരീരികസൗഖ്യത്തിനുവേണ്ടി വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു. ഈ മാതിരി വസ്തുക്കള്‍ എത്രമാത്രമുണ്ടായിരുന്നാലും, എരിയുന്ന തീ കെടുത്തുവാന്‍ നെയ്യൊഴിക്കുന്നതുപോലെ അവയിലുള്ള ആഗ്രഹം വര്‍ധിക്കുകയല്ലാതെ ഒട്ടും കുറയുകയില്ല. ആഗ്രഹത്തിനടിമപ്പെടുന്നതോടെ ശരീരനാശമുണ്ടാകുമ്പോള്‍ ആഗ്രഹവൃത്തിക്കായി വീണ്ടും ജനിക്കേണ്ടിവരുന്നു. ഇങ്ങനെ ജനനമരണമാകുന്ന സംസാരചക്രത്തില്‍നിന്നു മോചനമില്ലാതെ ദു:ഖമനുഭവിക്കേണ്ടിവരുന്നു.
മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ്. കല്‍ക്കണ്ടത്തില്‍നിന്നും ഒരു ചെറിയ തുണ്ടടര്‍ത്തിയെടുത്താല്‍ കല്‍ക്കണ്ടത്തിനുള്ള എല്ലാ ഗുണങ്ങളും ആ തുണ്ടിനുമുണ്ടാകുന്നതുപോലെതന്നെ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനുമുണ്ട്. ഭൂമിയും, സൂര്യനും, ചന്ദ്രനും, നക്ഷത്രസമൂഹവുമെല്ലാം ഉള്‍ച്ചേര്‍ന്നതാണീ പ്രപഞ്ചം. മനുഷ്യന്‍ പ്രാകൃതനായിരുന്ന കാലത്ത്, കായും, കനിയും, തിന്നും, കാട്ടുമൃഗങ്ങളെ വേട്ടയാടിയും ജീവിച്ചിരുന്നു. ഉപജീവനത്തിനാവശ്യമായ കായ്കനികളും കിഴങ്ങുകളുമെല്ലാം സമൃദ്ധിയായി വളരുന്ന ഫലഭൂയിഷ്ഠമായ നദീതീരങ്ങളില്‍ അവര്‍ താവളമുറപ്പിച്ചു. ക്രമേണ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കുന്നതിനും ആവശ്യവസ്തുക്കള്‍ കൃഷിചെയ്തുണ്ടാക്കുന്നതിനുമവര്‍ പഠിച്ചു. നിത്യജീവിതത്തില്‍ സ്വയം പര്യാപ്തത നേടിയ അവരില്‍ ചിലര്‍, തങ്ങളെ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിച്ചു. തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവജാലങ്ങളെല്ലാം എങ്ങനെയുണ്ടായി? ജീവികള്‍ മരിക്കുന്നതെന്തുകൊണ്ട് മരണാനന്തരം എന്തു സംഭവിക്കുന്നു? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കുറിച്ചവര്‍ നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. അതറിയുന്നതിനുവേണ്ടി മറ്റെല്ലാമുപേക്ഷിച്ചു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. നിരന്തരമായ ആ പരിശ്രമം തപസ്സായി മാറി. ആ കഠിനതപസ്സില്‍ അവസാനം സത്യമവരുടെ ഉള്ളില്‍ തെളിഞ്ഞു. മറ്റുള്ളവരുടെ ഉപകാരത്തിനുവേണ്ടി ആ സത്യം അവര്‍ പ്രചരിപ്പിച്ചു. അനേകം ചിന്തകന്മാരുടെ അനേകകാലത്തെ തപസ്സിന്റെ ഫലമായി അവര്‍ കണ്ടെത്തിയ ആ സത്യങ്ങളാണ് വേദങ്ങള്‍. ബാദരായണമഹര്‍ഷി അവയെ ക്രമീകരിച്ച് നാലു ഭാഗങ്ങളാക്കിയതുകൊണ്ട് അദ്ദേഹത്തെ വേദവ്യാസന്‍ എന്നു പറയുന്നു. ഋക്‌യജുസ്സ്, സാമം, അഥര്‍വം എന്നിവയാണ് നാലു വേദങ്ങള്‍ ഇവയാണ് സനാതനതത്ത്വത്തിന്റെ അടിത്തറ. ഇവയില്‍ ഏറ്റവും കാതലായത് വേദത്തിന്റെ (അറിവിന്റെ) അന്തമായ വേദാന്തം അല്ലെങ്കില്‍ ഉപനിഷത്തുകളാണ്. ദേശകാലങ്ങള്‍ക്കനുസരിച്ച് മാറ്റംവരാത്ത നിത്യസത്യങ്ങളാണ് വേദങ്ങള്‍ ശ്രുതികളെ അടിസ്ഥാനപ്പെടുത്തി ദേശകാലങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താവുന്ന കാലികനിയമങ്ങളാണ് സ്മൃതി. ശ്രുതിയും സ്മൃതിയുമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും.
വേദതത്ത്വമനുസരിച്ച്, ആദിയില്‍ പ്രപഞ്ചം ഇന്നത്തേതുമാതിരിയായിരുന്നില്ല. അന്നു ഭൂമിയോ, സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങളോ, ജീവജാലങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാ ബീജരൂപ പരാശക്തിയില്‍ ലയിച്ചിരുന്നു. ഇതിനു ഭഗവാന്റെ ഹിരണ്യഗര്‍ഭാവസ്ഥയെന്നു പറഞ്ഞുവരുന്നു. പ്രപഞ്ചമെല്ലാം ഏന്നു ഭഗവാനില്‍ അടങ്ങിയിരുന്നു. വിറകില്‍ അഗ്നിപോലെ, വിത്തില്‍ വൃക്ഷംപോലെ. പരാശക്തിയെ ധ്യാനിച്ചു യോഗനിന്ദ്രയില്‍ ലയിച്ചിരുന്ന ഭഗവാന്‍ ഉണര്‍ന്നു. ഏകവും, അദ്വയവുമായിരുന്ന ഭഗവാന്‍ പലതായിത്തീരണമെന്ന് ആഗ്രഹിച്ചു. അങ്ങനെ പ്രപഞ്ചം ജനിച്ചു. ഭഗവാന്റെ നാഭിയില്‍ നിന്നും ഒരു താമരത്തണ്ടുയര്‍ന്നു പൊങ്ങി അതില്‍ ഒരു താമര വികസിച്ചു. ഭഗവാന്റെ അംശം തന്നെ അതിലെത്തി ബ്രഹ്മാവായി ഭവിച്ചു. ബ്രഹ്മാവു നാലുദിക്കിലേക്കും നോക്കി. അപ്പോള്‍ ബ്രഹ്മാവിന് നാലു തലകളുണ്ടായി.
ഭഗവാന്റെ നാഭിയില്‍ നിന്നുദ്ഭവിച്ച ആ താമര, കേന്ദ്രത്തില്‍ നിന്നുണ്ടായ വികാസത്തെയാണു സൂചിപ്പിക്കുന്നത്. ബ്രഹ്മാവ് സങ്കല്പവും, ആഗ്രഹവും, നിശ്ചയവും കൂടിച്ചേര്‍ന്ന ബുദ്ധിയാണ്. ബുദ്ധി, ചിത്തം, അഹങ്കാരം, അന്ത:കരണം എന്നിവയാണ് ബ്രഹ്മാവിന്റെ നാലു തലകള്‍. ഇതില്‍ നിന്നാണ് പ്രപഞ്ചം സൃഷ്ടിയ്ക്കപ്പെടുന്നത്.
താന്‍ ആവിര്‍ഭവിച്ചയുടനെ ബ്രഹ്മാവ് സംഭ്രമത്തോടെ ആലോചിച്ചു. താനാരാണ്? എവിടെ നിന്നുവന്നു എന്താണ് തന്റെ കര്‍ത്തവ്യം? അനന്തരമായ പാലാഴിയില്‍ അടിച്ചുയരുന്ന അലകളല്ലാതെ മറ്റൊന്നും കാണാന്‍ കഴിയുന്നില്ല. അലകളടിക്കുന്ന ആ ശബ്ദം ‘തപ, തപ’യെന്നു തന്നോടു പറയുന്നതുപോലെ അദ്ദേഹത്തിനു തോന്നു. അതുകൊണ്ടദ്ദേഹം ബാഹ്യമായ അന്വേഷണമവസാനിപ്പിച്ച് തന്നിലേക്കുതന്നെ നോക്കി. താനാരാണന്നും, എവിടെ നിന്നും വന്നു എന്നും, എന്താണു കര്‍ത്തവ്യമെന്നു അറിയണമെങ്കില്‍ ബാഹ്യമായ അന്വേഷണമവസാനിപ്പിച്ച് തന്നിലേക്കു തന്നെ നോക്കണം. അങ്ങനെ അനേകകാലം ഏകാഗ്രമായ തപസ്സു ചെയ്തപ്പോള്‍, തന്റെ കര്‍ത്തവ്യം അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. സൃഷ്ടിയാണ് തന്റെ കര്‍ത്തവ്യമെന്നു മനസ്സിലായി,. അതിനുവേണ്ടി സ്വയമദ്ദേഹം രണ്ടായി ഭവിച്ചു. സ്വായംഭൂവനും, ശതരൂപിയുമുണ്ടായി. സ്വയം ഭവിച്ചുണ്ടായവന്‍ സ്വായംഭൂവന്‍. അനേകരൂപങ്ങള്‍ ശതരൂപി. ഒന്നായിച്ചേരുവാനുള്ള അവരുടെ കാമത്തില്‍നിന്നു സകല ജീവജാലങ്ങളുമുണ്ടായി. ആ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ മനുഷ്യനായി ഭവിച്ചു. ആ മുഷ്യനു ജീവിതത്തില്‍ ശാന്തിയനുഭവിക്കുന്നതിനും, തിരിച്ചു മഹാവിഷ്ണുവില്‍ എത്തിച്ചേരുന്നതിനുംവേണ്ടി ബ്രഹ്മാവിന്റെ ഒരോ മുഖത്തുനിന്നും ഓരോ വേദം ഉണ്ടായി. ഈ വേദതത്ത്വങ്ങളാണ് പ്രപഞ്ചരഹസ്യമറിയുവാന്‍ തപസ്സുചെയ്ത മഹര്‍ഷിമാര്‍ ഉള്‍ക്കണ്ണുകൊണ്ടു കണ്ടത്.
ബ്രഹ്മാവും, വിഷ്ണുവും മഹേശ്വരനുമുള്‍പ്പെടെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നത് പരാശക്തിയാണ്. പരാശക്തിയില്ലെങ്കില്‍ അവര്‍ക്ക് സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ ചെയ്യുവാന്‍ കഴിവില്ല. എന്നാല്‍ പരാശക്തിയെ അതേ വിധത്തില്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കുകൂടി സാദ്ധ്യമല്ല. അങ്ങനെ ഉള്‍ക്കൊണ്ടാല്‍ അവര്‍ പരാശക്തിയില്‍ ലയിക്കും. അപ്പോള്‍ പ്രപഞ്ചഭരണം സാദ്ധ്യമല്ലാതേ വരും. അതുകൊണ്ട് പരാശക്തി സരസ്വതിയായി ബ്രഹ്മാവിനോടും ലക്ഷ്മിയായി പരമശിവനോടും ചേര്‍ന്ന് സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ ചെയ്ത് പ്രപഞ്ചം ഭരിക്കുന്നു.
പ്രപഞ്ചം പഞ്ചഭൂതാത്മകമാണ്. ഭൂമി (മണ്ണ്) ജലം, അഗ്നി, വായു, ആകാശം എന്നിവ കൂടിച്ചേര്‍ന്നതാണ്. പ്രപഞ്ചത്തിലെ ഏതൊരു വസ്തു എടുത്തപഗ്രഥിച്ചാലും, അതിലെ ഘടകങ്ങള്‍ ഈ പഞ്ചഭൂതമാണന്നു കാണാം. ജഡമായ പഞ്ചഭൂതങ്ങളിലടങ്ങിയിരിക്കുന്ന ശക്തിചൈതന്യമാണു പരാശക്തി. ഏതെങ്കിലും ഒരു വസ്തുവിനെ എടുത്തു വീണ്ടുംവീണ്ടും വിഭജിച്ചാല്‍, അതു ഒരു തന്മാത്രയായിത്തീരും. ആ തന്മാത്രയെ വീണ്ടും വീണ്ടും വിഭജിച്ചാല്‍, വിഭജിക്കാന്‍ പാടില്ലാത്ത ഒരവസ്ഥയില്‍ എത്തിച്ചേരും. അങ്ങനെ അവശേഷിക്കുന്ന സൂക്ഷ്മമായ ആ തരിയുടെ അംശത്തെ സങ്കല്പത്തില്‍ വിഭജിക്കുവാന്‍ കഴിയും. അങ്ങനെ വിഭജിക്കുമ്പോള്‍ ആ വസ്തു ഇല്ലാതായിത്തീരുകയും, ശക്തി മാത്രമവശേഷിക്കുകയും ചെയ്യും. ഇതില്‍നിന്നും വസ്തുമായയും, ശക്തി സത്യവുമാണെന്നറിയാന്‍ കഴിയും. ഈ ശക്തി തന്നെയാണ് ഈശ്വരന്‍. മായയാകുന്ന പഞ്ചഭൂതങ്ങളുടെ സാന്നിദ്ധ്യംകൊണ്ട്, സത്യമറിയാന്‍ കഴിയാതെ പോകുന്നു.
Discussion about this post