വിദര്‍ഭദേശത്ത് സത്യരഥന്‍ എന്ന് പേരായ പ്രസിദ്ധനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം ധാര്‍മ്മികനും സത്യശീലനും ശിവഭക്തന്മാരെ അത്യന്തം ആദരിയ്ക്കുന്നവനുമായിരുന്നു. ധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു സല്‍ഭരണം കാഴ്ചവച്ചുകൊണ്ട് അദ്ദേഹം നീണാള്‍ ഈ ഭൂമിയില്‍ വാണു. ഇങ്ങനെ കഴിയവെ ഒരിയ്ക്കല്‍ ശാല്‍വദേശത്തിലെ രാജാക്കന്മാര്‍ സത്യരഥന്റെ രാജധാനിയ്ക്കുനേരെ നാലുപാടു നിന്നും ആക്രമണം അഴിച്ചുവിട്ടു. അതിബൃഹത്തായ സേനാബലത്തോടുകൂടിയ ശാല്‍വദേശരാജാക്കന്മാരോടു കൂടു, ധാര്‍മികനായ സത്യരഥരാജാവ് ഗംഭീരമായ യുദ്ധം തന്നെ നടത്തി. അത്യന്തം ഘോരമായ ആ യുദ്ധത്തില്‍ സത്യരഥരാജന്റെ മഹാസേന നഷ്ടമായി. തുടര്‍ന്ന് സത്യരഥനും ശാല്‍വന്മാരില്‍ നിന്നും മരണം ഏറ്റുവാങ്ങി. രാജാവ് യുദ്ധക്കളത്തില്‍ മരിച്ചുവീണപ്പോള്‍ ശേഷിച്ച സൈനികരും മന്ത്രിയും ഭയവിഹ്വലരായി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. ശത്രുക്കള്‍ കൊട്ടാരം വളഞ്ഞിരുന്നെങ്കിലും സത്യരഥന്റെ മഹാറാണി രാത്രിയില്‍ ആ നഗരത്തില്‍ നിന്നും പുറത്തുചാടി രക്ഷപ്പെട്ടു. അവള്‍ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് തന്നെ അത്യന്തം ശോകാകുലയും ആയിരുന്നു. മഹാദേവനെ നെഞ്ചകത്ത് പേറി അവള്‍ മന്ദം മന്ദം കിഴക്ക് ദിക്ക് ലക്ഷ്യമാക്കി നടന്നകന്നു.
രാത്രി മുഴുവന്‍ അപ്രകാരം നടന്ന അവള്‍ പ്രഭാത കാലത്ത് ശങ്കര കൃപകൊണ്ട് ഒരു നിര്‍മലസരസ്സിന്റെ അടുത്തെത്തി. ഇതിനകം അവള്‍ വളരെ ദൂരം താണ്ടിയിരുന്നു. സരസ്സിന്റെ തീരത്തെത്തിയ അവള്‍ ഒരു ഛായാവൃക്ഷത്തിന്റെ തണലില്‍ ഇരുന്നു. ആ വൃക്ഷത്തണലിലിരുന്ന് ഒരു ശുഭമുഹൂര്‍ത്തത്തില്‍ ദിവ്യലക്ഷണത്തോടുകൂടിയ ഒരു ബാലകന് അവള്‍ ജന്മം നല്‍കി. തുടര്‍ന്ന് മഹാറാണിക്ക് അതികലശലായ ദാഹം തോന്നി. ദാഹശമനാര്‍ത്ഥം അവള്‍ സരസ്സില്‍ ഇറങ്ങി ഞൊടിയിടയില്‍ ഒരു ഭീകരനായ മുതല അവളെ പിടികൂടി വിഴുങ്ങി. അച്ഛനും അമ്മയും ജനിച്ചപ്പോള്‍ തന്നെ ഇല്ലാതായിത്തീര്‍ന്ന ആ കുട്ടി വിശപ്പും ദാഹവും സഹിയ്ക്കാനാവാതെ കുളക്കരയില്‍ കിടന്നു നിലവിളിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ കുഞ്ഞിനോട് കാരുണ്യം തോന്നിയ മഹാദേവന്‍ അവിടെയെത്തി കുട്ടിയെ പരിരക്ഷിയ്ക്കാന്‍ തുടങ്ങി.
യാദൃശ്ചികമായി ഒരു ബ്രാഹ്മണ സ്ത്രീ അവിടെ വന്നുചേര്‍ന്നു. അവള്‍ ഒരു വിധവയായിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയാചിച്ചാണ് അവള്‍ ജീവിച്ചിരുന്നത്. ഒരു വയസ്സായ ഒരു കുട്ടി അവളുടെ ഒക്കത്ത് ഉണ്ടായിരുന്നു. ഒരു അനാഥ ശിശു കുളക്കരയില്‍ കിടന്ന് നിലവിളിയ്ക്കുന്നത് അവള്‍ കണ്ടു. ഈ വിജനമായ വനത്തിലെ കുളത്തിനരികെ അനാഥ ശിശുവിനെ കണ്ട അവള്‍ വിസ്മയം പൂണ്ടു. അവള്‍ ചിന്തിച്ചു-പൊക്കിള്‍ക്കൊടി പോലും വീഴാത്ത ഇപ്പോള്‍ പിറന്നുവീണ ഈ കുഞ്ഞിന്റെ അമ്മ എവിടെ! കുട്ടിയുടെ അച്ഛനേയുമൊന്നും ഇവിടെ കാണുന്നുമില്ല. ഇതിനെന്താണ് കാരണം.! ആര് പെറ്റിറ്റിട്ട് പോയോ എന്തോ! ആരേയും ഇവിടെ കാണാനുമില്ല. ആരോടു ചോദിയ്ക്കാന്‍. എനിയ്ക്ക് ഈ കുട്ടിയെ കണ്ടിട്ടു കരുണ തോന്നുന്നു. ഈ കുട്ടിയെ എടുത്തു വളര്‍ത്തിയാല്‍ എന്ത്!
ബ്രാഹ്മണി ഇപ്രകാരം ചിന്തിച്ചിരിയ്‌ക്കെ ഭക്തവത്സലനായ ഭഗവാന്‍ ശങ്കരന്‍ ഒരു സന്യാസീ രൂപത്തില്‍ അവിടെ വന്നു. കരുണാമയനായ ആ ശ്രേഷ്ഠ ഭിക്ഷുകന്‍ ചിരിച്ചുകൊണ്ട് ബ്രഹ്മിണിയോടു പറഞ്ഞു- ബ്രാഹ്മണീ! നീ സന്ദേഹിയ്ക്കുകയും ദു:ഖിയ്ക്കുകയുമൊന്നും വേണ്ട. ഈ ബാലകന്‍ പരമപവിത്രനാണ്. നീ ഈ കുട്ടിയെ എടുത്തു വളര്‍ത്തിയ്‌ക്കോ. ബ്രാഹ്മണി മറുപടി പറഞ്ഞു- ‘ഹോ, ഭാഗ്യമായി! അങ്ങയെ കാണാന്‍ സാധിച്ചല്ലോ. അങ്ങ് പറഞ്ഞതുപോലെ ഞാന്‍ ഈ കുട്ടിയെ സംരക്ഷിയ്ക്കാം. എന്നാലും ഞാന്‍ ഒന്നു അറിഞ്ഞോട്ടെ, ഈ കുട്ടി ആരാണ്? ആരുടെ പുത്രനാണ്? അങ്ങ് ആരാണ് ഈ സമയത്ത് ഇവിടെ എത്തിച്ചേരാന്‍? ഭിക്ഷുവര! എന്റെ മനസ്സ് മന്ത്രിയ്ക്കുന്നു, അങ്ങ് കരുണാ സിന്ധുവായ ശിവന്‍ തന്നെ എന്ന് ഈ കുട്ടി പൂര്‍വജന്മത്തില്‍ അങ്ങയുടെ ഭക്തനുമാണ്. എന്തോ കര്‍മ്മദോഷം കൊണ്ട് ഇങ്ങനെ വന്നുപെട്ടതുമാണ്. അങ്ങയുടെ മായയാല്‍ മോഹിതയായിട്ടാണ് വഴി തെറ്റി ഞാനും ഇവിടെ വന്നുചേര്‍ന്നത്. ഈ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അങ്ങ് എന്നെ ഇവിടെ കൊണ്ടുവന്നത് തന്നെയാണ്.
ഭിക്ഷുപ്രവരന്‍ അതിന് മറുപടി പറഞ്ഞു-ബ്രാഹ്മണി! നീ കേട്ടുകൊള്ളുക. നീ വിചാരിച്ചതുപോലെ ഇവന്‍ ശിവഭക്തന്‍ തന്നെ. വിദര്‍ഭരാജാവായ സത്യരഥന്റെ പുത്രനാണ് ഇവന്‍. ശാല്‍വരാജാക്കന്മാരില്‍ നിന്നും സത്യരഥന്‍ മരണം വരിച്ചപ്പോള്‍ അവന്റെ ഭാര്യ ഇവിടെ ഓടിയെത്തിയതാണ്. പ്രസവശേഷം വെള്ളം കുടിയ്ക്കാന്‍ കുളത്തില്‍ ഇറങ്ങിയ അവളെ മുതല പിടിച്ചുകളഞ്ഞു. അങ്ങനെ അമ്മയും നഷ്ടമായി. അതുകൊണ്ട് നീ ഈ കുട്ടിയെ രക്ഷിക്കുക.
കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണ് പ്രാരബ്ധം, സഞ്ചിതം അഗാമി. പ്രാരബ്ധകര്‍മ്മ പൂര്‍വജന്മാര്‍ജ്ജിതമാണ്. സഞ്ചിതകര്‍മ്മഫലം ഈ ജന്മത്തില ചെയ്തികള്‍ അനുസരിച്ച് വന്നുചേരുന്നവയാണ്. ഭാവിയില്‍ ചെയ്യാനിടയുള്ള കര്‍മ്മത്തിന്റെ ഫലമാണ് അഗാദി കര്‍മ്മഫലം. ഈ മൂന്നു കര്‍മ്മഫലങ്ങളില്‍ സഞ്ചിത കര്‍മ്മഫലത്തെക്കുറിച്ച് മാത്രമെ ഒരുവന് ബോധം ഉണ്ടായിരിയ്ക്കുകയുള്ളു. അതിനാല്‍ ഈ ജന്മത്തില്‍ ധാര്‍മികമായ ജീവിതം തന്നെയാണ് ഒരുവന്‍ നയിയ്ക്കുന്നതെങ്കിലും, ഒരുവന്‍ അത്യാപത്തുകള്‍ക്ക് വിധേയനായെന്നു വരാം. ദൃഷ്ടമായ കാരണം കാണാതെയുള്ള കാര്യമായി അതിനെ വ്യാഖ്യാനിയ്ക്കാം. ഇത്തരം അറിവിന് വിഷയമാകുന്ന കാരണമില്ലാതെ സംഭവിയ്ക്കുന്ന കഷ്ടപ്പാടുകള്‍ ദുര്യോഗങ്ങള്‍ ദുര്‍ഗതികള്‍ തുടങ്ങിയവ മുജ്ജന്മത്തെ പാപഫലമാണെന്ന് ധരിയ്ക്കണം. സത്യരഥനും കുടുംബത്തിനും നേരിടേണ്ടിവന്ന ദുര്യോഗങ്ങള്‍ പ്രാരബ്ധകര്‍മ ഫലങ്ങളാണ്.
Discussion about this post