മിര്‍പൂര്‍: ക്രിക്കറ്റിന്റെ രാജന് നൂറില്‍ നൂറ്. സെഞ്ചുറികളില്‍ സെഞ്ചുറിക്കായുള്ള സച്ചിന്റെയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് അവസാനിച്ചു. ഒരു വര്‍ഷത്തിനിടെ പലതവണ നിര്‍ഭാഗ്യം തട്ടിയെടുത്ത നേട്ടം സച്ചിന്‍ ഒടുവില്‍ സ്വന്തമാക്കുകയായിരുന്നു. ഏഷ്യാകപ്പില്‍ ബംഗ്‌ളാദേശിനെതിരായ മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികളെന്ന അവിസ്മരണീയ നേട്ടം ഇന്ത്യയുടെ ക്രിക്കറ്റ് രാജാവ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 138 പന്തില്‍ നിന്ന് 10 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് സച്ചിന്‍ ചരിത്രം കുറിച്ചത്. നാല്‍പത്തിയൊന്‍പതാം ഏകദിന സെഞ്ചുറിയാണ് സച്ചിന്‍ ഇന്ന് സ്വന്തമാക്കിയത്. ടെസ്‌റ് മത്സരങ്ങളില്‍ നേടിയ 51 സെഞ്ചുറികള്‍ കൂടി ചേര്‍ത്താണ് നൂറാം സെഞ്ചുറിയിലെത്തിയത്. സച്ചിന്റെ 462ാം ഏകദിന മത്സരമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്‌റില്‍ സെഞ്ചുറി നേടിയ ശേഷം സച്ചിന്റെ ബാറ്റില്‍ നിന്നും സെഞ്ചുറികള്‍ അകന്നുനില്‍ക്കുകയായിരുന്നു. അര്‍ധസെഞ്ചുറി പിന്നിട്ട നിരവധി ഇന്നിംഗ്‌സുകള്‍ പിറന്നെങ്കിലും സെഞ്ചുറിക്ക് തൊട്ടുമുന്‍പ് ഇവ അവസാനിക്കുകയായിരുന്നു. നൂറാം സെഞ്ചുറിക്കായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സച്ചിന് വേണ്ടിവന്നത്. കാത്തിരിപ്പു നീണ്ടതോടെ സച്ചിന്റെ ബാറ്റിംഗിനെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്തിടെ നടന്ന ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ നിരവധി തവണ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനും ഇത് ഇടയാക്കിയിരുന്നു.
Discussion about this post