മോസ്‌കോ: ഭഗവദ്ഗീത തീവ്രവാദം പ്രചരിപ്പിക്കുന്നതാണെന്നും അതിന്റെ പരിഭാഷ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി റഷ്യന്‍ കോടതി തള്ളി. സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ജില്ലാകോടതിയാണ് ഭഗവദ്ഗീതയ്‌ക്കെതിരായ പരാതി നിരസിച്ച കീഴ്‌ക്കോടതി വിധി ശരിവെച്ചത്. ഇന്ത്യ-റഷ്യ ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ത്തിയ പ്രശ്‌നമാണിത്. ഹര്‍ജി നിരാകരിച്ച കോടതിവിധിയെ ഇന്ത്യ സ്വാഗതം ചെയ്തു.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്(ഇസ്‌കോണ്‍) സ്ഥാപകനായ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദയുടെ ഗീതാവ്യാഖ്യാനത്തിനെതിരെയാണ് ടോംസ്‌ക് സ്റ്റേ പ്രോസിക്യൂട്ടര്‍മാര്‍ പരാതി നല്‍കിയത്. കീഴ്‌ക്കോടതി തള്ളിയതിനെത്തുടര്‍ന്ന് അവര്‍ ജില്ലാകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ജില്ലാകോടതിവിധിയില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര ആഹ്ലാദം പ്രകടിപ്പിച്ചു. റഷ്യയിലെ നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ടെന്ന് ഇസ്‌കോണ്‍ മോസ്‌കോയിലെ സാധു പ്രിയാ ദാസ് പറഞ്ഞു. ഭഗവദ്ഗീത വ്യാഖ്യാനത്തില്‍ തീവ്രവാദം വളര്‍ത്തുന്ന ഭാഗങ്ങളാണ് ഏറെയുമെന്ന് പരാതിക്കാര്‍ ആരോപിച്ചു. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതും അവിശ്വാസികളെ അപമാനിക്കുന്നതുമാണതെന്ന് അവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാക്കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെച്ചത്. കോടതിമുറിയില്‍ തിങ്ങിക്കൂടിയ അനുയായികള്‍ അത് ആരവം മുഴക്കി സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കീഴ്‌ക്കോടതിയില്‍ ഭഗവദ്ഗീതയ്‌ക്കെതിരെ പരാതി സമര്‍പ്പിച്ചത്. അതും തുടര്‍ന്നു നടന്ന വിചാരണനടപടികളും പരക്കെ വിമര്‍ശനത്തിനിടയാക്കി. പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 1788-ലാണ് റഷ്യയില്‍ ആദ്യമായി ഭഗവദ്ഗീത പ്രസിദ്ധീകരിച്ചത്. ഇതും വ്യാഖ്യാനങ്ങളുമൊക്കെ പിന്നീട് ഒട്ടേറെത്തവണ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
Discussion about this post