കുറിച്ചിത്താനം: ഭാഗവത സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ഭഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കൊച്ചുമകന്‍ സപ്താഹവേദിയിലേക്ക്. ഒരുവര്‍ഷം മുന്‍പ് ഉപനയനം നടത്തി നമ്പൂതിരിയായി മാറിയ മള്ളിയൂര്‍ ശ്രീശിവനാണ് നാളെ പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന വൈശാഖ ഭാഗവത സപ്താഹ യജ്ഞത്തിനു ഭദ്രദീപം തെളിക്കുക. ദശാബ്ദങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയായിരുന്നു പൂതൃക്കോവിലപ്പന്റെ സന്നിധിയില്‍ ആദ്യ സപ്താഹത്തിന് ആചാര്യപദം വഹിച്ചത്. പിന്നീട് പ്രഥമ ഭാഗവത സത്രവും ഏതാനും വര്‍ഷം മുന്‍പു രജതജൂബിലി സത്രവും കുറിച്ചിത്താനത്ത് നടന്നപ്പോഴും ഭാഗവതഹംസത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മകനായ ശ്രീശിവന്റെ ഉപനയനം കഴിഞ്ഞ മേയ് 13ന് ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് പൂജാദികര്‍മങ്ങളും സംസ്‌കൃതവും സ്വായത്തമാക്കിയ ശ്രീശിവന്‍ ഭാഗവത പാരായണം ചെയ്യാനും പഠിച്ചു.
പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച നടപ്പന്തലിലാണു സപ്താഹം നടക്കുക. പുത്തില്ലം മധു നാരായണന്‍ നമ്പൂതിരിയാണ് മുഖ്യ ആചാര്യന്‍. നാളെ വൈകിട്ട് 6.45 നു മള്ളിയൂര്‍ ശ്രീശിവന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് മഹാത്മ്യ പാരായണം. 17ന് ശ്രീകൃഷ്ണാവതാരവും 18ന് രുഗ്മിണീസ്വയംവരവും 19 നു കുചേലോപാഖ്യാനവും പാരായണം ചെയ്യും. 20നു 12ന് അവഭൃഥസ്‌നാനത്തോടെ സമാപിക്കും.
Discussion about this post