തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ഭഗവതീക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. പത്തര പവന്‍ സ്വര്‍ണ്ണാഭരണവും അയ്യായിരം രൂപയും കവര്‍ന്നു. അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള തിടപ്പള്ളിയോടു ചേര്‍ന്നുള്ള ഓഫീസ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വഴിപാടായി ലഭിച്ച സ്വര്‍ണ്ണപ്പൊട്ടുകള്‍, ആള്‍രൂപങ്ങള്‍, മാലകള്‍, ചെറിയ മുത്തുമാല, മണിമാല തുടങ്ങിയ സ്വര്‍ണ്ണശേഖരമാണ് മോഷണം പോയത്. അലമാരയ്ക്കുള്ളില്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിച്ചതായിരുന്നു പണവും. ഓഫീസിന്റെ വാതില്‍ പൂട്ടും ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങളും കുത്തിത്തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രഭാതപൂജകള്‍ക്കായി എത്തിയ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയാണ് കവര്‍ച്ചവിവരം അറിഞ്ഞത്. തുടര്‍ന്ന് വടക്കേക്കാട് പോലീസില്‍ അറിയിച്ചു. കുന്നംകുളം ഡിവൈ.എസ്.പി. ഇബ്രാഹിം, ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദര്‍ശന്‍, വടക്കേക്കാട് എസ്.ഐ. സജിന്‍ ശശി എന്നിവരടങ്ങിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post