ഗുരുവായൂര്‍: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അഞ്ചാമത് ഭാഗവത ത്രിപക്ഷയജ്ഞത്തിന് തിരുവെങ്കിടാചലപതിക്ഷേത്രത്തില്‍ വെള്ളിയാഴ്ച സന്ധ്യയ്ക്ക് തിരിതെളിഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഭദ്രദീപം തെളിയിച്ചു. പി.വി. ചന്ദ്രന്‍ യജ്ഞം ഉദ്ഘാടനം ചെയ്തു.
ഭാഗവതത്തിലെ തൃതീയ സ്‌കന്ദത്തിലെ 33 അധ്യായങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ‘കനകഹാരം’ എന്ന ദ്വിതീയ സ്മരണിക പി.വി. ചന്ദ്രന്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന് നല്‍കി പ്രകാശനം ചെയ്തു.
ഒറവങ്കര അച്യുതന്‍ നമ്പൂതിരി, ഗുരുവായൂര്‍ പ്രഭാകര്‍ജി, കോഴിയോട് ഉണ്ണികൃഷ്ണന്‍, സി.പി. നായര്‍ എന്നീ ഭാഗവത പണ്ഡിതര്‍ക്ക് വസ്ത്രവും ദക്ഷിണയും നല്‍കി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ ആചാര്യവരണം നിര്‍വഹിച്ചു. യജ്ഞസമിതി ചെയര്‍മാന്‍ വി. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. രാമന്‍ ‘ശ്രീമദ് ഭാഗവതത്തിലൂടെ മോക്ഷം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഭാഗവതത്തിലെ 335 അദ്ധ്യായങ്ങള്‍ 45 ദിവസങ്ങളില്‍ 328 മണിക്കൂറുകളിലായി സന്നിധിയില്‍ പ്രഭാഷണ വിഷയങ്ങളാകും.
Discussion about this post