വടക്കാഞ്ചേരി: പാഞ്ഞാള്‍ ലക്ഷ്മീനാരായണക്ഷേത്രത്തില്‍ പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സഹസ്രകലശത്തോടെയുള്ള മഹാനവീകരണച്ചടങ്ങുകള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാകും. 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനേകം തന്ത്രിമാരും പരികര്‍മികളും ചേര്‍ന്നാണ് താന്ത്രിക കര്‍മങ്ങള്‍ നിര്‍വ്വഹിക്കുക. പരിഹാരകര്‍മങ്ങളാല്‍ വിഗ്രഹത്തെ പൂര്‍വ്വാധികം ചൈതന്യവത്താക്കിയാണ് നവീകരണകലശം.
പാഞ്ഞാള്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ നവീകരണകലശം നടത്തുന്നതോടൊപ്പം കീഴേടം ക്ഷേത്രങ്ങളായ പാഞ്ഞാള്‍ അയ്യപ്പന്‍കാവില്‍ സഹസ്രകലശവും കാട്ടില്‍ക്കാവില്‍ കലശം ഉള്‍പ്പെടെ വിശേഷാല്‍ പൂജകളും നടത്തുന്നുണ്ട്. ആചാര്യവരണത്തോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം. വിശിഷ്ടമായവിധം മഹാനവീകരണകലശം ക്ഷേത്രത്തില്‍ നടന്നത് നൂറുവര്‍ഷങ്ങള്‍ക്ക് മുന്നെയാണെന്ന് നവീകരണ കലശക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജൂണ്‍ 28 ന് ബ്രഹ്മകലശാഭിഷേകം നടക്കും.
Discussion about this post