*പി.കെ വാസുദേവന്‍നായര്‍*
‘വാല്‍മീകേവര്‍ചനം സര്‍വ്വം സത്യം’ എന്നു വാല്‍മീകി രാമായണത്തെക്കുറിച്ചുപറയാറുണ്ട്. ഇതുതന്നെയാണ് ഹിന്ദീ സാഹിത്യത്തില്‍ തുളസീദാസിനെക്കുറിച്ചും പറയാനുള്ളത്, സഗുണോപാസകനായ തുളസീദാസന്‍ നിരാകാരനായ ഈശ്വരന്റെ സഗുണാവതാരമായ ശ്രീരാമനെ വാഴ്ത്തിസ്തുതിച്ചു. തുളസീദാസന്റെ ‘രാമചരിതമാനസം’ ഉത്തരഭാരതത്തിലെ ഹൈന്ദവജനതയുടെ വേദഗ്രന്ഥമാണ്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും വിസ്തൃതവുമായ വ്യാഖ്യാനം ആ കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്നു. ‘കാവ്യഭാവനാപരിപക്വബുദ്ധി: സഹൃദയംഃ’ എന്നാണല്ലോ മമ്മടഭട്ടന്റെ മതം. സംസ്‌ക്കാരസമ്പത്തുകൊണ്ട് പക്വതയും സൗന്ദര്യാംശങ്ങള്‍ ആസ്വദിക്കാനുളള പ്രവണതയും ശൃഗാരാദിഭാവങ്ങളെപ്പറ്റിയുള്ള ബോധവും തുളസീദാസന് സ്വായത്തമായിരുന്നു. രാമായണകഥയില്‍ തന്മയീഭാവം നേടി ആ ഭാവസമാധിയില്‍ അനുഭവിച്ച വികാരതരളതയെ എത്ര മനോജ്ഞമായിട്ടാണ് അദ്ദേഹം അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നത്. രാമചരിതമാനസം അക്ലിഷ്ടസുന്ദരമായ ഒരു കലാശില്പമാണെന്നുള്ളതില്‍ അഭിപ്രായഭിന്നതയില്ല. രസനിഷ്യന്ദിയായ ഒരു ഉപമയെങ്കിലുമില്ലാത്ത പുറങ്ങള്‍ രാമചരിതമാനസത്തില്‍ കാണുകയില്ല. ശൃംഗാരവര്‍ണ്ണനയില്‍ മാധുര്യംഗുണവും വീരവും രൗദ്രവും സ്ഫുടിക്കുമ്പോള്‍ ഓജഗുണവും ശാന്തവും കരുണയും വ്യഞ്ജിപ്പിക്കുമ്പോള്‍ പ്രാസാദഗുണവും തുളസീദാസന്റെ കൃതികളില്‍ ദര്‍ശിക്കാം. തുളസീദാസന്‍ ഹിന്ദിഭാഷയ്ക്ക് അത്യുല്‍കൃഷ്ടമായ ഒരു സ്ഥാനം നേടിക്കൊടുത്തു എന്നതില്‍ കവിഞ്ഞ് ഭാരതത്തിനു പൊതുവേ ആദ്ധ്യാത്മികമായ നേട്ടങ്ങള്‍ കൈവരുത്തിയിട്ടുമുണ്ട്. രാമഭക്തിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് തുളസീദാസനെപ്പോലെ വേറൊരു ഭക്തകവിക്കും സാധിച്ചിട്ടില്ലെന്നു നിസ്തര്‍ക്കം പറയാം. നാസ്തികമതത്തെ ആശ്രയിച്ചേക്കാമായിരുന്ന ഒരു ജനതയെ ഉദ്ധരിക്കുന്നതില്‍ തുളസീദാസന്‍ നിര്‍വഹിച്ച പങ്ക് അനര്‍ഘവും അവിസ്മരണീയവുമാണ്.
വജ്രയാനി സിദ്ധന്മാരും നാഗപന്ഥിയോഗികളും കാപാലികന്മാരും ഹഠയോഗസിദ്ധികളെപ്പറ്റി അവ്യക്തഭാഷയില്‍ പ്രചാരം നടത്തിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു തുളസീദാസന്റെ ജനനം. ജ്ഞാനയോഗത്തെ ആസ്പദമാക്കിയുള്ള കബീറിന്റെ ഉപദേശങ്ങലും ബന്ധനവിമര്‍ശനങ്ങലും രുചിക്കാതെ ജനങ്ങള്‍ കര്‍മ്മയോഗത്തിലും വിമുഖരായിരുന്നു. മുസല്‍മാന്‍മാരുടെ ആധിപത്യത്തില്‍കീഴില്‍ ഹിന്ദുദേവാലയങ്ങള്‍ ധ്വംസിക്കപ്പെട്ടിരുന്നു. ആ പരിതഃസ്ഥിതിയില്‍ സമന്വയഭാവനയോടുകൂടി ഭക്തിയോഗത്തിന്റെ ഒരു പുതിയസരണി വെട്ടിത്തുറക്കുന്നത് ദുഷ്‌കരമായ ഒരു കൃത്യവുമായിരുന്നു. പക്ഷേ തുളസീദാസന്‍ ആ കൃത്യം നിര്‍വഹിച്ചു. ആദര്‍ശപുരുഷനായ ശ്രീരാമചന്ദ്രന്റെ ചിത്രാസഗുണോപാസനയ്ക്കായി അദ്ദേഹം ചിത്രീകരിച്ചു. അതോടുകൂടി ശ്രീരാമഭക്തിയുടെ കാവ്യലഹരി സാഹിത്യത്തിലും ജീവിതത്തിലും അലയടിച്ച് ഉയരുന്നതിന് അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചു. ശബ്ദാര്‍ത്ഥങ്ങളുടെ സമാധീനത പ്രതിഭാസമ്പന്നനായിരുന്നു തുളസീദാസന് ജന്മസിദ്ധമായിരുന്നു. അനുഗ്രഹശക്തിയും അഭ്യസനബലവും അദ്ദേഹത്തിന്റെ ഒത്തിണങ്ങിയിരുന്നു. ഭക്തിയുടെ മൂര്‍ദ്ധന്യഭാവങ്ങളെ ആവിഷ്‌ക്കരിക്കുന്ന കരളലിയിക്കുന്ന ഗാനങ്ങള്‍ തുളസീദാസന്‍ രചിച്ചു. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ ആദ്ധ്യാത്മിക പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. തുളസീദാസന്‍ ഹിന്ദുമതത്തിനു ചെയ്തിട്ടുള്ള ഗുണങ്ങള്‍ അപരിമേയമാണ്. അദ്ദേഹം ഹിന്ദുമതത്തിന്റെ ആന്തരീകതത്ത്വങ്ങള്‍ ലളിതവും സുഗ്രഹവുമായ രീതിയില്‍ അവതരിപ്പിച്ചു. ശൈവവൈഷ്ണവമതക്കാരുടെ ഇടയില്‍ വേരൂന്നിയിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ദൂരീകരിച്ച് അവരെ ഏകമതത്തില്‍ വിശ്വസിപ്പിച്ചു. രാമഭക്തി സര്‍വ്വോല്‍കൃഷ്ടമെന്ന് അദ്ദേഹം വിളംബരംചെയ്തു. രാമഭക്തരാകുവാന്‍ സമസ്തജനങ്ങളേയും അദ്ദേഹം ഉപദേശിച്ചു.
തുളസീദാസന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും പണ്ഡിതന്മാരുടെ ഇടയില്‍ വാദപ്രതിവാദങ്ങള്‍ക്ക് വിഷയീഭവിച്ചിരിക്കുകയാണ്. ബാംദാജില്ലയിലെ രാജാപൂര്‍ഗ്രാമമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിതാവു ആത്മാരാമനെന്ന് പേരുള്ള ബ്രാഹ്മണശ്രേഷ്ഠനും മാതാവ് ഹുല്‍സി എന്ന സ്ത്രീരത്‌നവുമായിരുന്നു. ‘രാമബോള’ എന്നായിരുന്നു തുളസീദാസന്റെ യഥാര്‍ത്ഥനാമധേയം. കുലനാശം ഭയന്ന് തുളസിയെ മാതാപിതാക്കള്‍ ശൈശവത്തില്‍ത്തന്നെ കൈവെടിഞ്ഞു. ബാല്യത്തില്‍ തുളസീദാസന്‍ വീടുകള്‍തോറും കയറിയിറങ്ങി ഭിക്ഷയെടുത്താണ് ജീവിതം നയിച്ചത്. ഓമനിയ്ക്കപ്പെടേണ്ട ആ പ്രായത്തില്‍ പലരുടേയും ആക്ഷേപങ്ങളും താഡനങ്ങളും സഹിച്ച് ആ ബാലന്‍ തെണ്ടിനടന്നു. ആത്മകഥാകഥനം ചെയ്യുന്ന ‘കവിതാവില’യിലെ ചില വരികള്‍ വായിച്ചാല്‍ നിരാശയില്‍ മുഴുകിയ ഒരു ഹൃദയത്തിന്റെ രോദനങ്ങള്‍ നമുക്ക് അവയില്‍ വ്യക്തമായി കേള്‍ക്കാം. അവസാനം നരഹരി എന്നു പേരുള്ള ഒരു സന്യാസി കൂട്ടിക്കൊണ്ടുപോയി സംരക്ഷിക്കുകയും വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തു. വിദ്യാഭ്യാസാനന്തരം തുളസീദാസന്‍ അതിസുന്ദരിയായ ‘ബുദ്ധിമതി’ എന്ന യുവതിയെ വിവാഹംചെയ്തു. അധികം താമസിയാതെ താരകന്‍ എന്നൊരു പുത്രനും ജനിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ താരകന്‍ ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. ഭാര്യയില്‍ അതിയായ ഭ്രമംമൂലം തുളസീദാസന്‍ ഒരിക്കലും അവരെ പിരിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഭാര്യയെ പിതൃഗൃഹത്തില്‍ പോകുന്നതിനുപോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ബുദ്ധിമതിക്ക് ഭര്‍ത്താവിന്റെ പെരുമാറ്റം ദുസ്സഹമായി തോന്നി. ഭര്‍ത്താവില്ലാതിരുന്ന അവസരത്തില്‍ അവര്‍ സഹോദരനോടുകൂടി പൃത്രഗൃഹത്തിലേക്കു മടങ്ങിപ്പോയി ഭാര്യയുടെ പിറകെ, അന്ധകാരാവൃതമായ രാത്രി; കരകവിഞ്ഞ് ഒഴുകുന്നപുഴ; എല്ലാംതാണ്ടിക്കടന്നു അദ്ദേഹം ഭാര്യാഗ്രഹത്തില്‍ എത്തിച്ചേര്‍ന്നു. ലജ്ജയും കോപവും താപവുംകൊണ്ട് ഭാര്യ വിവശയായി. പരിഹാസവും കോപവും നിറഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു ‘ഈ ഭ്രമം അനശ്വരനായ ശ്രീരാമനോട് കാണിച്ചിരുന്നെങ്കില്‍ അങ്ങയുടെ ആത്മാവിനെങ്കിലും ഗതികിട്ടുമായിരുന്നു’ എന്ന്. ഭാര്യയുടെ വാക്കുകള്‍ തുളസീദാസന്റെ ഹൃദയത്തില്‍ തറച്ചു; ചിന്തയെ തട്ടി ഉണര്‍ത്തി; കണ്ണുകള്‍ തുറപ്പിച്ചു. അദ്ദേഹത്തിന് ജ്ഞാനോദയമുണ്ടായി. ലൗകികമായ സകലസുഖങ്ങലും എന്നെന്നെയ്ക്കുമായി ഉപേക്ഷിച്ച് അദ്ദേഹം സന്യാസിയായി. അന്ന് ഗൃഹം വിട്ടിറങ്ങിയ തുളസീദാസന്‍ പിന്നീട് ഒരിക്കലും അവിടെ കാലുകുത്തിയിട്ടില്ല.
വീടുവിട്ടിറങ്ങിയ തുളസീദാസന്‍ സന്യാസിയായി ജഗന്നാഥപുരി, അയോദ്ധ്യാ, രാമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു താന്‍ കണ്ടുമുട്ടിയ സന്യാസിമാരോടെല്ലാം അദ്ദേഹം വേദാനന്തപരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭക്തകവിയായിരുന്ന സൂര്‍ദാസിനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. താമസംവിനാ തുളസിദാസന്‍ ദിവ്യനായ ഒരു യോഗിയും കവിയുമായിതീര്‍ന്നു.
തീര്‍ത്ഥാടനത്തിനുശേഷം തുളസീദാസന്‍ ചിത്രകൂടത്തിനു സമീപം ഒരു കുടില്‍ കെട്ടി അവിടെയിരുന്ന് ഉഗ്ര തപസ്സ് ആരംഭിച്ചു. ദിവസവും രാവിലെ ശൗചകര്‍മ്മം കഴിച്ചിട്ട് മടങ്ങിവരുമ്പോള്‍ മൊന്തയില്‍ അവശേഷിക്കുന്ന ജലം സമീപമുള്ള ഒരു അരയാല്‍ വൃക്ഷത്തില്‍ ഒരു ഭൂതം അധിവസിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ശൗചകൃത്യം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ മൊന്തയില്‍ ജലമില്ലായിരുന്നു. വൃക്ഷച്ചുവട്ടില്‍ ചെന്നപ്പോള്‍ തുളസീദാസന് പതിവായി ചെയ്യുന്ന കൃത്യത്തിന് ഭംഗം ഭവിച്ചതില്‍ കുണ്ഠിതം തോന്നി. ദുഃഖാകുലനായി നിന്ന തുളസീദാസന്റെ മുന്‍പില്‍ ഒരുഭൂതം പെട്ടെന്നു പ്രത്യക്ഷപ്പെട്ടു. ഇപ്രകാരം പറഞ്ഞു. ‘സാരമില്ല, ദിവസേനയുള്ള ന്റെ ജലപ്രക്ഷാളത്താല്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ തുറന്നുപറയുക. തുളസീദാസന്‍ പറഞ്ഞു ‘ഞാന്‍ ശ്രീരാമചന്ദ്രനെ രേില്‍ കാണുന്നതിന് ആഗ്രഹിക്കുന്നു. അതല്ലാതെ എന്റെ ജീവിതത്തില്‍ മറ്റൊരാഗ്രഹമില്ല. ആ ഭൂതം മറുപടിപറഞ്ഞ് ‘ശ്രീരാമനെ നിനക്കു കാണിച്ചുതരുന്നതിന് എനിക്കു ശക്തിയില്ല. പക്ഷേ അതിനുള്ളമാര്‍ഗ്ഗം പറഞ്ഞുതരാം. ഇതിന് അടുത്തൊരു സ്ഥലത്ത് മുടങ്ങാതെ രാമായണവായന നടക്കുന്നുണ്ട്. അവിടെ ശ്രീരാമഭക്തനായ ഹനുമാന്‍ ഒരു കുഷ്ഠരോഗിയുടെ വേഷത്തില്‍ ചെന്ന് രാമായണവായനകേള്‍ക്കാറുണ്ട്. നീ അവിടെ ചെല്ലണം. ആളുകള്‍ എല്ലാം സ്ഥലം വിടുമ്പോള്‍ നീ ആ കുഷ്ഠരോഗിയുടെ കാലുകളില്‍ കടന്നുപിടിച്ച് നിന്റെ അഭിലാഷമറിയിക്കണം. ശ്രീരാമദര്‍ശനം ലഭിക്കുന്നതുവരെ ആ കാലുകളില്‍ നിന്നു പിടിവിടരുത്. ഏതെല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞാലും വഴങ്ങുകയുമരുത്’. ഭൂതം പറഞ്ഞതുപോലെ തുളസീദാസന്‍ അടുത്തദിവസം ഹനുമാനെ ചെന്നുകണ്ട് തന്റെ ജീവിതാഭിലാഷം അറിയിച്ചു. ഹനുമാന് തുളസീദാസന്റെ നിഷ്‌കളങ്കഭക്തിയില്‍ സംതൃപ്തിതോന്നി. തുളസീദാസന്റെ കാമിതം നിറവേറ്റി കൊടുക്കുകയും ചെയ്തു. ഹനുമാന്റെ കാമിതം നിറവേറ്റി കൊടുക്കുകയും ചെയ്തു. ഹനുമാന്റെ ഉപദേശപ്രകാരം തുളസീദാസന്‍ അയോദ്ധ്യയില്‍ ചെന്ന് താമസിച്ച് ‘രാമചരിതമാനം’ എഴുതുവാന്‍ തുടങ്ങി പ്രസ്തുത കൃതിയാണ് തുളസീദാസന് അനശ്വരമായ പ്രശ്തിനേടിക്കൊടുത്ത്. ഹിന്ദിയിലെ ഭക്തിരസകാവ്യങ്ങളില്‍ പ്രഥമസ്ഥാനം ‘രാമചരിതമാനസത്തിനു’ ലഭിച്ചിട്ടുമുണ്ട്. തുളസിദാസനേയും രാമചരിതമാനസത്തേയും കുറിച്ച് മി.ഗ്രിയേഴ്‌സന്‍ തന്റെ ‘മാനുവല്‍ ഓഫ് വെര്‍ണാക്യുലര്‍ ലിറ്ററേച്ചര്‍ ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ‘ ഇന്ത്യാചരിത്ര’ത്തില്‍ തുളസീദാസന്റെ നാമം സ്തുത്യര്‍ഹമാണ്. തുളസീദാസകൃതിയായ രാമായണത്തിന്റെ സാഹിത്യമേന്മ അവഗണിച്ചാലും ഭഗല്‍പൂര്‍ മുതല്‍ പഞ്ചാബുവരേയും ഹിമാലയം മുതല്‍ നര്‍മ്മദാനദിവരേയുമുളളവരുമായ സകല ജനങ്ങളാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കൃതി. ഇംഗ്ലീഷ് പുരോഹിതന്മാര്‍ എങ്ങിനെ ബൈബിളിനെ ആദരിക്കുന്നവോ അതുപോലെ ഭാരതത്തിലെ ലക്ഷോപലക്ഷം ജനങ്ങളാല്‍ ആദരിക്കപ്പെടുന്ന ബൈബിളാണ് തുളസീദാസ രാമായണം’. ഇതില്‍നിന്ന് തുളസീദാസന്റെ മഹിമ മനസ്സിലാക്കുവാന്‍ സാധിക്കുമല്ലോ.
ദര്‍ശനശാസ്ത്രം കൂലംകഷമായി പഠിച്ചിരുന്ന തുളസീദാസന്‍ ക്ലിഷ്ടമായ സിദ്ധാന്തങ്ങളെ സരളമായി തന്റെ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വിനായകപത്രിക’ എന്ന കൃതിയില്‍ ആദിശങ്കരന്റെ മായാവാദത്തിന്റെ ഉല്ലേഖനം കാണുന്നുണ്ട്. രാമചരിതമാനസത്തില്‍തന്നെ ശ്രീരാമ-നാരദ സംവാദത്തിലും ശ്രീരാമ-ലക്ഷ്മണ സംഭാഷണത്തിലും മറ്റും കവിയുടെ ദാര്‍ശനികത തെളിഞ്ഞുകാണുന്നു. തുളസീദാസന്‍ വിശിഷ്ടാദൈ്വതിവാദിയായിരുന്നു. ‘വിനായപത്രിക’യില്‍ ഭക്തിയുടെ സാംഗോപാംഗമായ വര്‍ണ്ണന ഹൃദയാവര്‍ജ്ജകമായി പകര്‍ത്തിയിട്ടുണ്ട്. രസദൃഷ്ട്യാ നിരൂപിക്കുമ്പോള്‍ രാമചരിതമാനസമാണ് ഉയര്‍ന്ന നില്‍ക്കുന്നത്. അതില്‍ നവരസങ്ങളും സ്ഥായിയായ നിര്‍വ്വേദത്തില്‍നിന്ന് അതാതിന്റെ നിമിത്തം സ്വീകരിച്ച് ഉല്പന്നമാകുന്നു. ഒടുവില്‍ നിര്‍വ്വേദത്തില്‍ തന്നെ വിലയം കൊള്ളുകയും ചെയ്യുന്നു.
‘കവിതാവലി’യും ഗീതാവലിയുമാണ് തുളസീദാസന്റെ മറ്റു രണ്ടു കൃതികള്‍. ‘കവിതാവലി’യില്‍ ഭാവങ്ങള്‍ വിശൃംഖലമാണെങ്കിലും അതിലെ സുന്ദരകാണ്ഡത്തില്‍ രാമചരിതമാനസത്തിലുള്ളതിനെക്കാളും സുന്ദരമായി രൗദ്രഭയാനകരസങ്ങള്‍ വ്യഞ്ജിപ്പിച്ചിരിക്കുന്നു. ‘ഗീതാവലി’ തുളസീദാസന്റെ കാവ്യകലയുടെ ഏറ്റവും മധുരമായ അഭിവ്യക്തിയാണ്. വ്രജഭാഷയുടെ നിര്‍സര്‍ഗ്ഗമാധുര്യം ഗീതാവലിയില്‍ തുളുമ്പിനില്‍ക്കുന്നു.
തുളസിദാസിന് ഭാഷയില്‍ അപ്രതിമമായ പാണ്ഡിത്യമുണ്ടായിരുന്നു. സംസ്‌കൃതബഹുലമായ ‘അവധി’ ഭാഷയാണ് രാമചരിതമാനസത്തിന്റെ ഭാഷ. ‘വിനായപത്രിക’യും ‘ഗീതാവലിയും’ വ്രജഭാഷയിലുള്ള രചനകളാണ്. ‘വിനായകപത്രിക’യില്‍ ഭോജപുരി ഭാഷയുടെ ഉദാഹരണങ്ങളും ബുന്ദേല്‍ഖണ്ഡിഭാഷയിലെ ചില പ്രയോഗങ്ങളും കാണുന്നുണ്ട്. തുളസിയുടെ ഇതരകൃതികളായ ‘ബര്‍വൈരാമായണവും’ രാമലലാനഹചരിതവും കലര്‍പ്പില്ലാത്ത അവധി ഭാഷയിലാണ് രചിച്ചിട്ടുള്ളത്. ആദ്യം പറഞ്ഞ കൃതികളില്‍ അറബിയിലേയും പാഴ്‌സിയിലേയും പദങ്ങള്‍ ധാരാളംകാണുന്നുണ്ട്. മിക്കഭാഷാവൃത്തികളും തുളസീദാസന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
തുളസീദാസന്റെ ഓരോ കൃതിയും അദ്ദേഹത്തിന്റെ പ്രകൃതി നിരീക്ഷണത്തേയും ഭക്തിപ്രചുരിമയേയും ഉദാഹരിക്കുന്നു. രാമായണകഥയാകുന്ന പ്രായേണ എല്ലാ കൃതികളിലേയും പ്രതിപാദ്യവിഷയം. ചിലപ്പോഴെല്ലാം മറ്റുള്ള ദേവതകളെ സ്തുതിക്കുന്നുണ്ടെങ്കിലും ആ വിഷയത്തില്‍ തുളസിദാസന്റെ മറ്റു കവികളില്‍നിന്നു വിഭിന്നനാണ്. തുളസീദാസന് ശ്രീരാമചന്ദ്രനില്‍ ഭക്തിപ്രവൃദ്ധമാകണമെന്ന അഭിലാഷമെ ഉണ്ടായിരുന്നൊള്ളൂ. അതിനാല്‍ മറ്റു ദേവതകളോടു സ്തുതിമുഖേന രാമഭക്തി യാചിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. തുളസീദാസന്റെ ദൃഷ്ടിയില്‍ സര്‍വ്വവും ‘സീതാരാമ’മയമായിരുന്നു. പരമഭാഗവതനും യോഗിയുമായിരുന്ന തുളസീദാസന്‍ 1628-ല്‍ ജീവന്മുക്തനായി. തപോഥനനായിരുന്ന ആ ദിവ്യമഹാകവി ഹിന്ദീസാഹിത്യവിഹായസ്സിലെ ഒരു ധ്രുവനക്ഷത്രമായി ഇന്നും എന്നും മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും.
Discussion about this post