ഈശാവാസ്യോപനിഷത്തിലെ ഒരു മന്ത്രമാണ്
‘അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതംഗമയ’ എന്നത്. അസത്തില്‍നിന്ന് സത്തിലേക്ക് നയിച്ചാലും, ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും, മൃത്യുവില്‍നിന്ന് അമരത്വത്തിലേക്ക് നയിച്ചാലും എന്നാണ് ഇതിനര്‍ത്ഥം. നിലവിളക്ക് വെളിച്ചത്തിന്റെ ഉറവിടമാണ്. വിളക്ക് തെളിക്കുക എന്നത് ദൈവികമായ കര്‍ത്തവ്യമെന്നതിനപ്പുറത്തേക്ക് ഇരുള്‍നീക്കുക എന്ന പാവനമായ കര്‍മ്മംകൂടിയാണ്. അത് ഭാരതീയസംസ്‌കാരത്തിന്റെ ഭാഗവുമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി മുസ്ലീംലീഗിലെ പി.കെ.അബ്ദുറബ്ബ് പൊതുചടങ്ങുകളില്‍ വിളക്കുകൊളുത്താന്‍ തയ്യാറാകുന്നില്ല. ഇത് അബ്ദുറബ്ബിന്റെ മാത്രം കാര്യമല്ല. ഇന്നോളം കേരളംഭരിച്ച ലീഗ് മന്ത്രിമാരൊന്നും ഇതിനുതയ്യാറായില്ല എന്നത് ഇനിയെങ്കിലും ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്.
മതേതരകക്ഷിയെന്ന് ലീഗ് സ്വയം വിശേഷിപ്പിക്കുമ്പോഴും വര്‍ഗ്ഗീയതയ്ക്ക് മേലിട്ട ഒരു മൂടുപടമാണ് അതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാല്‍ എല്ലാ ജനവിഭാഗങ്ങളേയും സമഭാവനയോടെ കാണുകയും ആരോടും പ്രത്യേകം മമതയോ വിദ്വേഷമോ കൂടാതെ ഭരിക്കാമെന്നും സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിസ്ഥാനങ്ങളില്‍ എത്തുന്നത്. വിളക്കുകൊളുത്തുക എന്നത് ‘ഹറാ’ മായി കാണുന്ന മന്ത്രിമാര്‍ കേരളത്തിനുതന്നെ അപമാനമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസമന്ത്രി. ഒരുനാടിന്റെ ഭാവിയെ കരുപ്പിടിപ്പിക്കേണ്ട വകുപ്പു കൈകാര്യം ചെയ്യുന്നമന്ത്രി വെളിച്ചത്തെ നിഷേധിക്കുന്നത് ഭാവിയെ ഇരുട്ടാക്കുന്നതിന് തുല്യമാണ്.
വിദ്യാഭ്യാസമന്ത്രിയുടെ ചെയ്തികള്‍ അവിടംകൊണ്ടും തീരുന്നില്ല. അദ്ദേഹം താമസിക്കുന്ന ഔദ്യോഗിക വസതിയുടെ ‘ഗംഗ’ എന്ന പേര് ‘ഗ്രേസ്’ എന്നാക്കിമാറ്റി. ഹിമവാനും ഗംഗയുമില്ലാത്ത ഒരു ഭാരതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏതെങ്കിലും ഭാരതീയനു കഴിയുമോ? ഗംഗ എന്ന പേര് മാറ്റിയതിന്റെ അര്‍ത്ഥം അബ്ദുറബ്ബ് ഭാരതത്തിന്റെ ദേശീയത മാനിക്കുന്നില്ല എന്നുതന്നെയാണ്. ഇത്തരത്തില്‍ ഭാരതത്തിന്റെ ഭരണഘടനാനുസൃതമായി മന്ത്രിയായ വിദ്യാഭ്യാസമന്ത്രി ഇനിയും എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലീംലീഗാണ്. ലീഗിന് വിദ്യാഭ്യാസവകുപ്പ് നല്‍കരുതെന്ന് എത്രയോ കാലമായി കോണ്‍ഗ്രസിലെതന്നെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയ വിലപേശലിന്റെ പേരില്‍ വിദ്യാഭ്യാസവകുപ്പ് സ്വന്തമാക്കികൊണ്ട് ആ മേഖലയില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ദേശീയതയേയും സംസ്‌കൃതിയേയും മുസ്ലീംലീഗ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് കേരളീയര്‍ ഉറ്റുനോക്കുന്നത്.
Discussion about this post