ലാല്‍ജിത് ടി. കെ.
തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം – കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും രണ്ടുകിലോമീറ്റര്‍ തെക്കുമാറി റോഡിന്റെ പടിഞ്ഞാറുവശത്തായി മുട്ടത്തറയിലാണ് പുണ്യപുരാതന ക്ഷേത്രമായ വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞുനല്‍കിയ ശാന്തതയും വിശാലതയും ഈ ക്ഷേത്രാന്തരീക്ഷത്തെ വേറിട്ടതാക്കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായും തിരുവിതാംകൂര്‍ രാജകുടുംബവുമായും ഈ ക്ഷേത്രത്തിനുള്ള ബന്ധം ചരിത്രത്തിലൂടെ ഇഴചേര്‍ന്നിരിക്കുന്നു.
കിഴക്കുദര്‍ശനമായി കുടികൊള്ളുന്ന ശംഖുചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കരിങ്കല്ലില്‍ തീര്‍ത്ത വട്ടശ്രീകോവിലിനുള്ളിലാണ് വിഷ്ണുഭഗവാന്‍ വടുവൊത്ത രൂപത്തില്‍ കുടികൊള്ളുന്നത്. തിരുവനന്തപുരം ജില്ലയില്‍ നക്ഷത്രവനം നിര്‍മ്മിച്ച് പരിപാലിക്കുന്ന ക്ഷേത്രമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഭക്തര്‍ക്ക് ജന്മനക്ഷത്രവൃക്ഷ പരിപാലനത്തിനും പൂജയ്ക്കുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജന്മനക്ഷത്ര വൃക്ഷപൂജ ആത്മപുണ്യത്തിനും മൃത്യുപാശത്തില്‍ നിന്നുള്ള നിവൃത്തിമാര്‍ഗമായും ഭക്തജനങ്ങള്‍ കരുതിപ്പോരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മഹാക്ഷേത്രം പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് മണ്ണിനടിയിലായിരുന്നു. രാജവാഴ്ചയുടെ കാലഘട്ടത്തില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തുകൂടി യാത്ര ചെയ്യുകയായിരുന്ന കുതിരപ്പടയാളികള്‍ ഈ ക്ഷേത്രമകുടത്തില്‍ തട്ടി താഴെ വീണു. വിവരം അന്നത്തെ മഹാരാജാവിനെ അറിയിച്ചതനുസരിച്ച് നാടുവാഴി പരിവാരസമേതം എഴുന്നള്ളി പ്രദേശത്തെ മണ്ണുമാറ്റി ക്ഷേത്രം പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരികയും ചെയ്തു. ക്ഷേത്രം പുനരുദ്ധരിച്ച് സ്വാമിയാര്‍ മഠത്തെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് പുഷ്പാഞ്ജലി മഠത്തെ ക്ഷേത്രകാര്യങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ മുട്ടത്തറ വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റാണ് ക്ഷേത്രം പരിപാലിച്ചു വരുന്നത്.

ഗണപതിയും മഹാദേവനും ചേര്‍ന്ന ദക്ഷിണാമൂര്‍ത്തി ഉപക്ഷേത്രം നാലമ്പലമതിലിനുള്ളിലായി സ്ഥിതിചെയ്യുന്നു. നടപ്പാതയ്ക്കു പുറത്തായി ശാസ്താക്ഷേത്രവും പടിഞ്ഞാറുഭാഗത്ത് ദേവീക്ഷേത്രവും നാഗര്‍കാവും പരബ്രഹ്മരക്ഷസും യോഗീശ്വര സമാധിയുമുണ്ട്. സമാധിയുടെ സമീപത്തായി പുണ്യവൃക്ഷമായ രുദ്രാക്ഷമരവും നിലകൊള്ളുന്നു. തുലാം മാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്. ഉത്സവബലി മറ്റുവിശേഷ പൂജകളോടുകൂടി തിരുവോണം നാളില്‍ ശ്രീപദ്മനാഭസ്വാമിയോടും കൂടി ശംഖുംമുഖത്ത് ആറാടിയാണ് ഉത്സവം സമാപിക്കുന്നത്. മകരമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് ഉപദേവതയായ ദേവീക്ഷേത്ര പ്രതിഷ്ഠാവാര്‍ഷികവും പൊങ്കാലയും നടക്കുന്നത്. വ്യാഴാഴ്ച ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു.
തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ആയുധവിദ്യ അഭ്യസിക്കുന്നതിനു മുമ്പായി ഇവിടെ ദര്‍ശനം നടത്തുന്ന പതിവുണ്ട്. മംഗല്യഭാഗ്യത്തിനും മറ്റുസര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഇവിടെ ദര്‍ശനം നടത്തുന്നത് ഭക്തജനങ്ങള്‍ വിശേഷമായി കരുതുന്നു. മൂന്നുനേരം നിവേദ്യത്തോടുകൂടിയ പൂജ ഇവിടെ നടന്നു വരുന്നു. ഉദയാസ്തമയ പൂജ, വെണ്ണമുഴുക്കാപ്പ്, പാല്‍പായസ നിവേദ്യം, നെയ് വിളക്ക് ഇവ പ്രധാന വഴിപാടുകളാണ്. ഭക്തജനങ്ങള്‍ നടയ്ക്കുവച്ച പശുക്കളെ സംരക്ഷിക്കുന്നതിനായി ഒരു ഗോശാലയും പ്രവര്‍ത്തിക്കുന്നു. ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നതിനും ക്ഷേത്രസദ്യാലയ നിര്‍മ്മാണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു.
ക്ഷേത്രം നിലകൊള്ളുന്ന ഭൂമിയുടെ കിടപ്പ് മേല്‍പ്പറഞ്ഞ ഐതീഹ്യത്തിന് സാക്ഷിയാകുന്നു. ഏതാണ് നാലര ഏക്കറോളം ഭൂമി മഠം വകയായി ക്ഷേത്രത്തിനുണ്ടായിരുന്നത് ഇപ്പോള്‍ നഷ്ടപ്പെട്ടതൊഴിച്ച് രണ്ടേക്കറോളം സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മ്മിച്ച് സംരക്ഷിച്ചിട്ടുണ്ട്. ആനക്കൊട്ടിലും ക്ഷേത്രക്കുളവുമൊക്കെയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുളത്തിന്റെ കല്‍പ്പടവുകളുടെ മുകള്‍ഭാഗവും മറ്റും കുളംസ്ഥിതിചെയ്തിരുന്ന സ്ഥലവും കാണാം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ താന്ത്രികാധികാരമുള്ള തരണനല്ലൂര്‍മഠത്തിനാണ് വടുവൊത്ത ക്ഷേത്രത്തിന്റെയും താന്ത്രിക അധികാരം. തരണല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി തന്ത്രിമുഖ്യനായ ക്ഷേത്രത്തിലെ തന്ത്രി ടി.പി.കൃഷ്ണന്‍ നമ്പൂതിരിയാണ്. ഗോപാലകൃഷ്ണ ഭട്ടാണ് ക്ഷേത്രമേല്‍ശാന്തി.
ക്ഷേത്രനടത്തിപ്പ് മഠത്തിന് കഴിയാതെ വന്നപ്പോള്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റുവാങ്ങുകയും 1989-ല്‍ മുട്ടത്തറ വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു. എന്‍.വിശ്വനാഥന്‍ നായര്‍(ചെയര്‍മാന്‍), ബി.ചന്ദ്രശേഖരന്‍ നായര്‍(പ്രസിഡന്റ്), എസ്.അയ്യപ്പമേനോന്‍(വൈസ് പ്രസിഡന്റ്), എം.ഉദയകുമാര്‍(സെക്രട്ടറി), ബി.കുമാര്‍(ജോയിന്റ് സെക്രട്ടറി), എന്‍.കുഞ്ഞുമോന്‍(ട്രഷറര്‍) എന്നിവരാണ് ഇപ്പോള്‍ ക്ഷേത്രട്രസ്റ്റിന്റെ ഭരണം നിര്‍വഹിക്കുന്നത്. എസ്.ശിവരാജന്‍, സുകുമാരന്‍, എസ്.അജിത് കുമാര്‍, ഹരി, കൊച്ചനി, എസ്.വി.സജു എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വടുവൊത്ത ശ്രീ മഹാവിഷ്ണുക്ഷേത്രം ട്രസ്റ്റ്
മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം
രജി.നം. പി.5/1861/89 ഫോണ്‍: 0471 – 2503642

Discussion about this post