ശബരിമല: ഈ മാസം 22ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച തങ്കയങ്കി ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ ഭക്ത്യാദരപൂര്‍വമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് (ഡിസംബര്‍ 25) ഉച്ചയ്ക്ക് ഒരുമണിയോടുകൂടി പമ്പയിലെത്തും. പമ്പ സ്‌പെഷ്യലാഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍, പോലീസ് അധികാരികള്‍, അയ്യപ്പസേവാസംഘം അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് തങ്കയങ്കിയണിഞ്ഞ അയ്യപ്പവിഗ്രഹം ഏറ്റുവാങ്ങി പമ്പഗണപതി ക്ഷേത്രസന്നിധിയിലെ പീഠത്തില്‍ വയ്ക്കും. അവിടെ ദര്‍ശനത്തിനുശേഷം മൂന്നുമണിയോടുകൂടി തങ്കയങ്കി അഴിച്ചുമാറ്റി ഒരു പേടകത്തിലാക്കി അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍ തലച്ചുമടായി ശരംകുത്തിയിലെത്തിക്കും.
അഞ്ച് മണിയോടുകൂടി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. 18-ാം പടിയുടെ മുകളില്‍വച്ച് ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, ബോര്‍ഡ് മെമ്പര്‍, ശബരിമല ഫെസ്റ്റിവല്‍ ചീഫ് കോര്‍ഡിനേറ്റര്‍, പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ദേവസ്വം കമ്മീഷണര്‍, ദേവസ്വം ചീഫ് എഞ്ചിനീയര്‍ (ജനറല്‍) എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. സോപാനത്തെത്തുന്ന തങ്കയങ്കിയെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് തിരുവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
മണ്ഡലപൂജാദിവസമായ 26ന് രാവിലെ 10 മണി വരെ നെയ്യഭിഷേകം നടക്കും. അതിനുശേഷം കളഭാഭിഷേകവും ഉണ്ടായിരിക്കും. 12.30നാണ് മണ്ഡലപൂജ. ഉച്ചപൂജയാണ് മണ്ഡലപൂജയായി ആഘോഷിക്കുന്നത്. 26ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടച്ചുകഴിഞ്ഞാല്‍ മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5.30ന് നട തുറക്കും. ഇന്ന് (ഡിസംബര്‍ 25) വൈകിട്ട് ക്ഷേത്രനടതുറക്കുന്നത് അഞ്ച് മണിക്കായിരിക്കും. തങ്ക അങ്കി സന്നിധാനത്തെത്തി ദീപാരാധനയ്ക്കുശേഷം മാത്രമേ ഭക്തജനങ്ങളെ ദര്‍ശനത്തിന് അനുവദിക്കൂ.
Discussion about this post