ശബരിമല: സന്നിധാനത്തെ നിറഞ്ഞുകവിഞ്ഞ ആഴി വൃത്തിയാക്കി. സന്നിധാനത്തെ സര്‍വരോഗനിവാരിണിയായി വര്‍ത്തിക്കുന്ന മഹാ ആഴി മണ്ഡലകാലത്തെ തിരക്ക് മൂലം നിറഞ്ഞു കവിഞ്ഞിരുന്നു. അരവണ കൗണ്ടറിനോട് ചേര്‍ന്നുള്ള വിരിപ്പന്തലിന്റെ സമീപം വരെ ആഴി വ്യാപിച്ചിരുന്നു. ആഴിയുടെ അസഹനീയമായ ചൂടുമൂലം വിരിപ്പന്തലിന്റെ കുറേഭാഗം ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭക്തരുടെ തിരക്ക് മൂലം ഇത് വൃത്തിയാക്കാനും കഴിഞ്ഞിരുന്നില്ല. മണ്ഡലകാലത്തിന് നാന്ദികുറിച്ച് നടയടച്ചിരുന്നതിനാല്‍ ആഴിയില്‍ നാളികേരം പുതുതായി വരുന്നതിന് ശമനമുണ്ടായതിനാല്‍ അത് വൃത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കായി. അയ്യപ്പനെ കാണാന്‍ മാലയിട്ട് വ്രതമെടുക്കുന്ന സ്വാമിമാരുടെ ആത്മാവ് ആണ് നാളികേരത്തില്‍ നിറയ്ക്കുന്ന നെയ്യ്. അത് ഉള്‍ക്കൊള്ളുന്ന നാളികേരമാവട്ടെ ഭക്തന്റെ ശരീരവും. ആത്മാവും ശരീരവും അയ്യപ്പസന്നിധിയില്‍ സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായാണ് നെയ്യഭിഷേകം നടത്തുന്നതും ബാക്കിയാകുന്ന നാളികേരം ആഴിയില്‍ എറിയുന്നതും.
Discussion about this post