ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പസദ്യയും ഇന്നുനടക്കും. എരുമേലി പേട്ടതുള്ളി കരിമലതാണ്ടി എത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്ക് കണ്ടശേഷമാണ് മകരജ്യോതി ദര്‍ശനത്തിനായി മലചവിട്ടുന്നത്. നാടിന്റെ നാനാഭാഗത്തുമുള്ള. ഭക്തര്‍ ഇന്നലെ വൈകിട്ട് സന്ധ്യാവന്ദനത്തിനുശേഷം പമ്പാ മണല്‍പ്പുറത്ത് പമ്പാസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച വിഭവങ്ങള്‍ ഇന്നു രാവിലെ തയാറാക്കും. ഇന്ന് ഉച്ചയോടെ അയ്യപ്പഭക്തര്‍ പമ്പാമണപ്പുറത്ത് ഒന്നിച്ചിരുന്നാണ് സദ്യകഴിക്കുക. നിലവിളക്ക് കൊളുത്തി തൂശനില ഇട്ട് വിഭവങ്ങള്‍ വിളമ്പുന്നതോടെ സദ്യവട്ടങ്ങള്‍ ആരംഭിക്കും. ആദ്യ ഇലയിലെ ഭക്ഷണം അയ്യപ്പസ്വാമി നിവേദിച്ചശേഷമാണ് ഭക്തര്‍ സദ്യ ഉണ്ണുക. പമ്പസദ്യയില്‍ അന്നദാനപ്രഭുവായ സ്വാമി അയ്യപ്പന്‍ പങ്കെടുക്കുമെന്നാണ് വിശ്വാസം. മകരവിളക്കിന് മുന്നോടിയായി ഇന്ന് വൈകിട്ട് ആറിന് പമ്പവിളക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മുളകൊണ്ട് ഗോപുരങ്ങള്‍ ഉണ്ടാക്കി അതിന്മേല്‍ മണ്‍ചിരാതുകള്‍ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെ പമ്പാനദിയിലൂടെ ഒഴുക്കിവിടും. സന്ധ്യയോടെ പമ്പയും തീരവും ദീപപ്രഭയില്‍ ശോഭിക്കും. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ പ്രാസാദശുദ്ധിക്രിയകള്‍ നടന്നു. ഇന്ന് ബിംബശുദ്ധിക്രിയകള്‍ നടക്കും.
Discussion about this post