ശബരിമല: പന്തളം രാജകൊട്ടാര പ്രതിനിധി ഭരണിനാള്‍ അശോകവര്‍മ്മരാജ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് മലകയറി വൈകുന്നേരം അഞ്ച് മണിയോടെ സന്നിധാനത്ത് എത്തിയ രാജപ്രതിനിധിയേയും സംഘത്തേയും സന്നിധാനം ആശുപത്രിക്ക് മുന്നില്‍ വച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരനാരായണ പിള്ള, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗോപാലകൃഷ്ണപിള്ള, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍ പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹരികുമാര്‍, ദേവസ്വം പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം എന്നിവര്‍ ചേര്‍ന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. പതിനെട്ടാം പടിക്ക് മുന്നില്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി അശോകവര്‍മ്മരാജയെ കാല്‍കഴുകി ആനയിച്ചു. പതിനെട്ടാം പടി കയറിയ രാജപ്രതിനിധി ഉടവാളും പണക്കിഴിയും അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങി. തുടര്‍ന്ന് രാജപ്രതിനിധി വടക്കേനടവഴി സന്നിധാനത്തിന് പുറത്തിറങ്ങി അവിടെ സജ്ജമാക്കിയിരുന്ന പല്ലക്കില്‍ കയറി മാളികപ്പുറം ക്ഷേത്രത്തിലെ മണിമണ്ഡപത്തിന് സമീപം സജ്ജീകരിച്ച മുറിയില്‍ എത്തി. ഇവിടെ വിശ്രമിക്കുന്ന രാജപ്രതിനിധി 20ന് നട അടച്ചശേഷം പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.
Discussion about this post