സത്യാനന്ദപ്രകാശം-4
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
സേവനാദര്‍ശം
സേവനസന്ദശത്തിന്റെ മകുടോദാഹരണമാണ് ശ്രീഹനുമാന്റെ ജീവിതം. ത്രേതായുഗത്തെ മുഴുവന്‍ പ്രഭാപൂര്‍ണ്ണമാക്കിയ കര്‍മ്മപരമ്പരകളുടെ മഹാപ്രവാഹം തന്നെ പരിശുദ്ധമായ ആ കരണത്രയങ്ങളില്‍ നിന്നുണ്ടായി. അതുമുഴുവന്‍ എന്തിനായിരുന്നു എന്നു ചോദിച്ചാല്‍ പ്രപഞ്ചരൂപംകൈക്കൊണ്ടുനില്‍ക്കുന്ന ഭഗവാനുവേണ്ടിയായിരുന്നു എന്നു പകല്‍പോലെ സ്പഷ്ടമാണ്. സ്വന്തമായൊരു കുടുംബമോ കുടുംബജീവിതമോ ഇല്ലാത്ത ആ നിത്യബ്രഹ്മചാരിക്ക് പ്രപഞ്ചമായിരുന്നു എല്ലാം. അതിന്റെ നന്മയായിരുന്നു സുഖം. അതാണു അദ്ദേഹത്തെ സര്‍വാത്മാവായ രാമന്റെ ഉപാസകനാക്കിയത്. ലോകനന്മയ്ക്കുവേണ്ടി മഹാസമുദ്രം ചാടിക്കടക്കാനും ഏകനായി നിന്നു രാക്ഷസരോടേറ്റുമുട്ടാനും രാവണനെ വെല്ലുവിളിക്കാനുമെല്ലാം അദ്ദേഹം തയ്യാറായത് ലോകനന്മയ്ക്കുവേണ്ടിയാണ്. ധര്‍മ്മപക്ഷമായ രാമാദികള്‍ക്കു വേണ്ടി എന്തുജോലിയും ഏറ്റെടുക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഹനുമാന്റെ സേവനപാതയില്‍ ഒരു തൊഴിലും മോശമായിരുന്നില്ല. ഒരു ജോലിയും കേമവുമായില്ല. ലോകനന്മയ്ക്ക് ഉതകുന്നതെന്തും അദ്ദേഹത്തിന് ആദരണീയവും ഈശ്വരപൂജയുമായിരുന്നു. സേവനത്തിനു പ്രതിഫലമായി യാതൊന്നും അദ്ദേഹം ആഗ്രഹിച്ചില്ല. ഇതു താന്‍ ചെയ്യുന്നു എന്ന വിചാരംപോലും ഹനുമാനെ തീണ്ടിയില്ല. തികഞ്ഞ കര്‍മ്മയോഗമായിരുന്നു ആ സേവനപദ്ധതി.
ശ്രീഹനുമാനെപ്പോലെ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന സ്വാമി വിവേകാനന്ദന്‍ ആഞ്ജനേയന്റെ സേവനാദര്‍ശം കലിയുഗത്തിന്റെ ആവശ്യങ്ങള്‍ക്കിണങ്ങുംവിധം ചെയ്തുകാണിച്ചു. കര്‍മ്മയോഗത്തിന്റെ അനശ്വര പ്രഭ അതില്‍ എമ്പാടും സ്പഷ്ടമായിത്തന്നെ ദര്‍ശിക്കാം. കൊളോണിയല്‍ മേധാവികളുടെ സമഗ്രചൂഷണങ്ങളും നാട്ടുകാരുടെ സ്വാര്‍ത്ഥതയും ദാരിദ്ര്യവും അജ്ഞതയും ആലസ്യവും ഉച്ചനീചത്വ ചിന്തകളും എല്ലാം കൂടിക്കുഴഞ്ഞ് അത്യന്തം പ്രശ്‌നഭൂയിഷ്ഠമായ യുഗത്തിലാണ് ശ്രീരാമകൃഷ്ണദേവന്‍ സര്‍വാത്മാവാണെന്നു തിരിച്ചറിഞ്ഞ് ആ പാദങ്ങളില്‍ എല്ലാം സമര്‍പ്പിച്ച് അദ്ദേഹം കര്‍മ്മരംഗത്തിറങ്ങുന്നത്. ഭാരതം മുഴുവന്‍ ആ പരിവ്രാജകന്‍ നടന്നുകണ്ടു. നാടിന്റെയും നാട്ടാരുടെയും ക്ലേശങ്ങളും ക്ലേശകാരണങ്ങളും പഠിച്ച് നിവാരണമാര്‍ഗ്ഗം കണ്ടെത്താന്‍ ഗുരുപാദങ്ങളില്‍ തന്നെ ശരണം പ്രാപിച്ചു. അതായിരുന്നു കന്യാകുമാരിയിലെ തപസ്സ്. ആ സമയത്ത് അതേ ദുഃഖങ്ങള്‍ താന്‍ ജനിച്ചുവളര്‍ന്ന വീട്ടിലും സംഭവിക്കുന്നത് അദ്ദേഹം അറിയുന്നുണ്ട്. അപ്രതിമമായ മനസ്സാന്നിദ്ധ്യം തന്നെ വേണം അവയെല്ലാം തരണംചെയ്യാന്‍. സുഖ ദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും തുല്യമായിക്കണ്ട് ഈശ്വരാര്‍പ്പിതമായി കര്‍മ്മം ചെയ്യേണ്ടത് എങ്ങനെയാണെന്നു മനസ്സിലാക്കാന്‍ സ്വാമിജിയുടെ ജീവചരിത്രം വായിക്കണം.
ഭാരതത്തിലെ യുവാക്കളെ അദ്ദേഹം തട്ടിയുണര്‍ത്തി. നാടിന്റെയും നാട്ടാരുടെയും വാസ്തവസ്ഥിതി അവരെ ബോദ്ധ്യപ്പെടുത്തി. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അജ്ഞതയും രോഗവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വ്യക്തമായ കര്‍മ്മപദ്ധതികള്‍ അദ്ദേഹം അവര്‍ക്കുമുന്നില്‍ സമര്‍പ്പിച്ചു. അവയെല്ലാം സ്വയം ചെയ്തുകാണിച്ചു. പ്ലേഗ് ഭാരതത്തില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ കോളണി ഭരണാധികാരികള്‍ ചെറുവിരല്‍ പോലുമനക്കാതെ പ്ലേഗിന്റെ ദയയ്ക്കു നാട്ടാരെ തള്ളിവിട്ടപ്പോള്‍, ആസ്പത്രികള്‍ സ്ഥാപിച്ചും മരുന്നു ചികിത്സയുമെത്തിച്ചും രോഗികളെ ചുമന്ന് ആസ്പത്രിയിലെത്തിച്ചും സ്വാമിജി കാണിച്ച മാതൃക ഭാരതത്തില്‍ ആവേശമായിത്തീര്‍ന്നു. ആയിരങ്ങള്‍ സേവനാദര്‍ശമുള്‍ക്കൊണ്ട് സ്വാമിജി കാണിച്ച മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തനമാരംഭിച്ചു. ‘ആത്മനോ മോക്ഷായ ജഗദ്ഹിതായ ച’ എന്ന് ശ്രീരാമകൃഷ്ണ മിഷനു അദ്ദേഹം നല്‍കിയ മൂലമന്ത്രം സമൂഹം ഉള്‍ക്കൊണ്ടു. ശ്രീരാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ടും അല്ലാതെയും അസംഖ്യം സ്ഥാപനങ്ങളും കര്‍മ്മപദ്ധതികളും സ്വാമിജിയില്‍നിന്നു സേവനാദര്‍ശമുള്‍ക്കൊണ്ടു വളര്‍ന്നുവന്നു.
ശ്രീഹനുമദ്പ്രഭാവന്‍
സ്വാമി വിവേകാനന്ദനും ഹനുമാനും തമ്മിലുള്ള സാദൃശ്യങ്ങള്‍ നിരവധിയാണ്. അവയില്‍ ഏതാനുമെണ്ണം ഒന്നനുസ്മരിക്കുകമാത്രമേ ഇവിടെ ചെയ്തുള്ളു. ത്രേതയില്‍ ശ്രീരാമചന്ദ്രനായും ദ്വാപരത്തില്‍ ശ്രീകൃഷ്ണനായും അവതരിച്ച പരമാത്മാവാണല്ലൊ കലിയുഗത്തില്‍ പൂര്‍ണ്ണാവതാരമായ ശ്രീരാമകൃഷ്ണ പരമഹാസരായി നമ്മെ അനുഗ്രഹിച്ചത്. അതിനാല്‍ ത്രേതായുഗത്തിലെ മഹാപുരുഷനായ ആഞ്ജനേയ മഹാപ്രഭു കലിയുഗത്തില്‍ ശ്രീരാമകൃഷ്ണാവതാരവേളയില്‍ സ്വാമി വിവേകാനന്ദനായും അവതരിച്ചു എന്നു കരുതുന്നതില്‍ സാംഗത്യമുണ്ട്.
Discussion about this post