ശബരിമല: ശബരിമല ഉത്സവത്തിനു കൊടിയേറി. രാവിലെ പത്തിനും 10.30നും മധ്യേ ക്ഷേത്രംതന്ത്രി കണ്ഠര് രാജീവരാണ് കൊടിയേറ്റു കര്‍മത്തിനു മുഖ്യകാര്‍മികത്വം വഹിച്ചത്. ക്ഷേത്രം മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി സഹകാര്‍മികത്വം വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെംബര്‍ സുഭാഷ് വാസു, എക്സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരനാരായണപിള്ള, ബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ശബരിമലയിലേത്. ഇന്നു മുതല്‍ 26 വരെ ഉത്സവബലിയുണ്ടാകും. ഉച്ചപൂജയ്ക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുന്നത്. 26നാണ് പള്ളിവേട്ട, 27ന് രാവിലെ 11.30ന് പമ്പയിലെ ആറാട്ടുകടവില്‍ ആറാട്ട് നടക്കും. രാവിലെ 9.30ന് ആറാട്ട് ചടങ്ങുകള്‍ക്കായി സന്നിധാനത്തുനിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളത്ത് നടക്കും. ആറാട്ടിനുശേഷം അയ്യപ്പവിഗ്രഹം പമ്പാ ഗണപതികോവിലിലെ ആനക്കൊട്ടിലില്‍ ദര്‍ശനത്തിനിരുത്തും. ഉച്ചകഴിഞ്ഞു മൂന്നിന് സന്നിധാനത്തേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി പത്തിനു ഹരിവരാസനത്തോടെ ക്ഷേത്രനട അടയ്ക്കും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയിരുന്നു.
Discussion about this post