തൃപ്പൂണിത്തുറ: ചരിത്രപ്രധാനമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര സെപ്തംബര്‍ ഏഴിനു നടക്കും. അത്താഘോഷ കലാസാഹിത്യ മത്സരങ്ങള്‍ ആഗസ്ത് ഒമ്പതിന് ആരംഭിക്കും. സെപ്തംബര്‍ ആറിന് വൈകിട്ട് ഹില്‍പാലസില്‍നിന്ന് അത്തംപതാക ഏറ്റുവാങ്ങി അത്തം നഗറിലേക്ക് കൊണ്ടുവരുന്നതോടെ ആഘോഷത്തിനു തുടക്കമാകും. ഏഴിന് പൂക്കളമത്സരവും 13 വരെ കലാപരിപാടികളും ഉണ്ടാകും. ആഗസ്ത് ഒമ്പതിന് കലാസാഹിത്യ മത്സരങ്ങള്‍ ഉണ്ടാകും. വ്യക്തിഗത ഇനങ്ങളില്‍ ശാസ്ത്രീയസംഗീതം, ലളിതഗാനം, കവിതപാരായണം, മോണോ ആക്ട്, മിമിക്രി, പ്രച്ഛന്നവേഷം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ചെസ്, ഉപന്യാസരചന, കവിതാരചന, ചെറുകഥ, പ്രസംഗം, ഉപകരണ സംഗീതം എന്നിവയില്‍ മത്സരം ഉണ്ടാകും. ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍, 25 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും മത്സരം ഉണ്ടാകും. ഗ്രൂപ്പ് ഇനങ്ങളില്‍ നിശ്ചലദൃശ്യം, അത്തപ്പൂക്കളം, ദേശഭക്തിഗാനം, തിരുവാതിര, ലഘുനാടകം എന്നിവയും ഉണ്ടാകും. ഘോഷയാത്രയില്‍ അന്യസംസ്ഥാന കലാരൂപങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അണിനിരക്കും. നിശ്ചലദൃശ്യങ്ങളുടെ സമ്മാനത്തുക വര്‍ധിപ്പിച്ചു. നിശ്ചലദൃശ്യങ്ങളില്‍ ഒന്നാം സമ്മാനം 15,001 രൂപയും രണ്ടാം സമ്മാനം 7001 രൂപയും മൂന്നാം സമ്മാനം 4001 രൂപയുമായി ഉയര്‍ത്തിയതായി അത്താഘോഷ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ അറിയിച്ചു. യോഗത്തില്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ് മധുസൂദനന്‍, സി എന്‍ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.













Discussion about this post