തിരുവനന്തപുരം: അരി വില പിടിച്ചുനിര്‍ത്താന്‍ റംസാന്‍-ഓണ കാലയളവില്‍ സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി 36,000 മെട്രിക് ടണ്‍ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനായിരം ടണ്‍ അധികമാണ് ഇക്കുറി അരി വിതരണം ചെയ്യുകയെന്നും ഇതുവഴി മാര്‍ക്കറ്റില്‍ അരിവില പിടിച്ചു നിര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
റംസാന്‍-ഓണം മെട്രോ പീപ്പിള്‍സ് ബസാര്‍ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ വിപണിയില്‍ വില കൂടുതലാണെന്ന വാദം ശരിയല്ല. 11 മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കമ്പോള വിലയില്‍നിന്നും 40 ശതമാനംവരെ വിലക്കുറവ് സപ്ലൈകോയില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യോല്‍പാദനം 15 ശതമാനം മാത്രമാണ്. ഇവിടെ വരള്‍ച്ചയുണ്ടായാലും നമുക്ക് ആശങ്കവേണ്ട. എന്നാല്‍ ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭക്ഷ്യോല്‍പാദനം കുറഞ്ഞാല്‍ നമ്മുടെ സംസ്ഥാനത്തെ സാരമായി ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ അവശ്യസാധനം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
50 പഞ്ചായത്തുകളില്‍ മാത്രമാണ് സംസ്ഥാനത്ത് മാവേലിസ്റ്റോറുകള്‍ ഇല്ലാത്തത്. ഇവിടങ്ങളില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങാന്‍ നടപടികളായി വരുന്നു. മുന്‍കാലങ്ങളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഓണം ബസാറുകള്‍ 45 ദിവസംവരെ നീട്ടി ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ-സപ്ലൈകോ സ്റ്റോറുകള്‍ വഴി വില നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുമ്പോള്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ നടപടികളെടുക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നതായും മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആദ്യവില്പനയും ചടങ്ങില്‍വച്ച് മന്ത്രി നിര്‍വ്വഹിച്ചു. സപ്ലൈകോ എം.ഡി. ശ്യാം ജഗന്നാഥന്‍, ജനറല്‍ മാനേജര്‍ ജേക്കബ്ബ് ജോസഫ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരുമം സുന്ദരേശന്‍, എന്‍.എം.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post