ഹരിയാന: യുപിഎ സര്‍ക്കാര്‍ സുരക്ഷയ്ക്കും സൈന്യത്തിനും പ്രാമുഖ്യം നല്‍കുന്നില്ലെന്ന് നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. രാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ സൈനികരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ തയാറായില്ലെങ്കിലും അവരെ പരിഹസിക്കരുതെന്ന് മോഡി പറഞ്ഞു. നമ്മുടെ സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ദേശസ്നേഹമുള്ള സര്‍ക്കാരിനെയാണ് ഡല്‍ഹിയില്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയത് ഇന്ത്യന്‍ സൈന്യം ദുര്‍ബലമായതുകൊണ്ടല്ലെന്നും ഡല്‍ഹിയിലെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മോഡി കുറ്റപ്പെടുത്തി.
ഹരിയാനയിലെ റെവാരിയില്‍ വിമുക്തഭടന്‍മാരുടെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി. മോഡിയെ ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. ഇന്‍ഷുറന്‍സ് പോളിസി പോലെയാണ് രാജ്യത്തെ സൈന്യമെന്ന് മോഡി പറഞ്ഞു. ഇന്‍ഷുറന്‍സ് പോളിസി ദുര്‍ബലമായാല്‍ രാജ്യവും ദുര്‍ബലമാകും. സൈനികര്‍ക്ക് നമ്മുടെ നേതാക്കള്‍ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്ന് പറഞ്ഞ മോഡി സൈനികര്‍ മരിക്കാന്‍ വേണ്ടി കരാര്‍ ഒപ്പിട്ടവരാണെന്ന രീതിയിലാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സൈനിക സ്കൂളില്‍ ചേരണമെന്നായിരുന്നു കുട്ടിയായിരിക്കെ തന്റെ ആഗ്രഹമെന്നും എന്നാല്‍ പണമില്ലാത്തതിനാല്‍ ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം തുടരാന്‍ പിതാവ് നിര്‍ദേശിക്കുകയായിരുന്നുവെന്നും മോഡി പറഞ്ഞു. സൈന്യത്തിലെ മതേതരത്വം രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രചോദനമായി എടുക്കണമെന്നും മോഡി പറഞ്ഞു.
Discussion about this post