തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തല്‍ക്കാലം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. ഇതിനായി തല്‍ക്കാലം കെഎസ്ആര്‍ടിസിക്ക് 10 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുന്നതിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമമനുസരിച്ച് യാത്രക്കാരെ ഇരുത്തി ബസുകളില്‍ ഇന്ധനം നിറയ്ക്കാനാകില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കേണ്ടി വന്നാല്‍ യാത്രക്കാരെ ഏതെങ്കിലും ഡിപ്പോയില്‍ ഇറക്കിയ ശേഷം പോയി ഡീസല്‍ അടിക്കേണ്ടി വരും. ഇതു കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടത്തോടെ നഗരത്തിലെ പമ്പുകളിലെത്തിയാല്‍ വലിയ ഗതാഗത തടസമാകും റോഡുകളില്‍ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താല്‍ക്കാലിക പരിഹാരമെന്ന രീതിയിലാണ് സ്വകാര്യ പമ്പുകളില്‍ നിന്നും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം വീണ്ടും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ 67 പമ്പുകള്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കി അവിടെ നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ധസര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനുള്ള വഴിയാണ് ആലോചിക്കുന്നത്. എന്നാല്‍ ഇതിന് സാങ്കേതികവും നിയമപരവുമായ പല നടപടികളും പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ തലങ്ങളില്‍ നിന്ന് അനുമതിയും ലഭ്യമാക്കേണ്ടതുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ഇതേക്കുറിച്ച് വിശദമായ പദ്ധതി നല്‍കിയിട്ടുണ്ടെന്നും ധനവകുപ്പു കൂടി പരിശോധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ അടിയന്തരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് പൂര്‍ണമായ സഹകരണം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തിയ എണ്ണകമ്പനികളുടെ തീരുമാനത്തെ അനുകൂലിച്ച് സുപ്രീംകോടതി വിധിയുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത് നടപ്പിലായതോടെ വിപണി വിലയിലും അധികം നല്‍കി ഡീസല്‍ വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. നിലവില്‍ തന്നെ വലിയ സാമ്പത്തിക ബാധ്യതയുടെ നടുക്കടലില്‍ നില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നിലനിര്‍ത്തിയത്.
Discussion about this post