ദക്ഷിണ കന്നട: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് അഞ്ചിനു തുടക്കം കുറിച്ചു. രാവിലെഏഴിനു നടക്കുന്ന വിനായകപൂജയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മഹാനവമി വരെ രാത്രി കലാപരിപാടികളും നൃത്തനൃത്യങ്ങളും ഉണ്ടാകും. നവരാത്രിയുടെ ഭാഗമായി രാത്രിയില്‍ കല്‍പോക്‌തപൂജ, സുഹാനി പൂജ എന്നിവയുമുണ്ടാകും.
നവരാത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ രഥോത്സവം 13-ന് ഉച്ചയ്‌ക്കു 12 മണിക്കാണ്. ക്ഷേത്രം മേല്‍ശാന്തി ദേവിയെ രഥത്തിലിരുത്തി ആ രഥം ഭക്‌തര്‍ വലിക്കും. ഈ സമയത്ത് രഥത്തില്‍ നിന്നു മേല്‍ശാന്തി നാണയത്തുട്ടുകള്‍ എറിയും. ഈ നാണയങ്ങള്‍ ലഭിക്കുന്ന ഭക്‌തര്‍ക്ക് ഐശ്വര്യമുണ്ടാകുമെന്നാണ് ഐതിഹ്യം.
മഹാനവമി ദിവസം രാവിലെ 11 മുതല്‍ ചണ്‌ഡികായാഗം ഉണ്ടാകും. 14-നു പുലര്‍ച്ചെ നാലു മണി മുതല്‍ വിദ്യാരംഭം ആരംഭിക്കും. എഴുത്തിനിരുത്തുന്നതിനു പതിനായിരത്തോളം കുരുന്നുകള്‍ എത്തുമെന്നാണു കരുതുന്നത്. നവരാത്രിക്കു ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കു സ്വകാര്യ ലോഡ്‌ജുകളിലും ദേവസ്വം ഗസ്‌റ്റ്‌ഹൗസിലും മുറിയെടുക്കുമ്പോള്‍ ഐഡി കാര്‍ഡ് കോപ്പി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ഷേത്രം സ്‌കൂള്‍ ഗ്രൗണ്ട്, കല്യാണമണ്‌ഡപം, ബസ് സ്‌റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന സ്‌ഥലത്ത് പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചു. ദേവിക്കു ഭക്‌തര്‍ ചാര്‍ത്തിയ സാരികളുടെ ലേലം അഞ്ചിനു വൈകിട്ട് മുതല്‍ 13 വരെ ഉണ്ടാകും













Discussion about this post