ഹരിപ്പാട്: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം 26ന് ആരംഭിക്കും. 28ന് ആയില്യം എഴുന്നള്ളത്ത്, ആയില്യം പൂജ എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് കൊടിയിറങ്ങും. നാഗരാജാവായ വാസുകിയുടെ ജന്മനാളായ കന്നിമാസത്തിലെ ആയില്യത്തോടൊപ്പം തുലാമാസത്തിലെ ആയില്യവും തുല്യപ്രാധാന്യത്തോടെയാണ് മണ്ണാറശ്ശാലയില്‍ ആഘോഷിക്കുന്നത്.
ആയില്യത്തിന് മുന്നോടിയായി മണ്ണാറശ്ശാല മുഖ്യകാര്യദര്‍ശി ഉമാദേവി അന്തര്‍ജനം ബുധനാഴ്ച മുതല്‍ പ്രത്യേക പൂജകള്‍ നടത്തും. പൂയ്യം നക്ഷത്രദിനം വരെ ഈ പൂജകള്‍ തുടരും. രോഹിണി മുതല്‍ പുണര്‍തം നാളായ 26 വരെ നാഗരാജാവിനും സര്‍പ്പയക്ഷിക്കും മുഴുക്കാപ്പ് ചാര്‍ത്തും. 26ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തുടര്‍ന്ന്, ക്ഷേത്രത്തില്‍ സഹസ്രദീപദര്‍ശനം ഉണ്ടായിരിക്കും.
27നുള്ള പൂയം തൊഴല്‍ ഏറെ വിശേഷപ്പെട്ടതാണ്. മണ്ണാറശ്ശാല വലിയമ്മയുടെ ഉച്ചപൂജ കണ്ട് തൊഴുന്നത് സര്‍വ്വ നാഗദോഷങ്ങളും അകറ്റുമെന്നാണ് ഭക്തരുടെ വിശ്വാസം. രാവിലെ 11ന് പൂയസദ്യ തുടങ്ങും. 12നും 2.30നും മധ്യേയാണ് സര്‍പ്പയക്ഷിയുടെയും നാഗരാജാവിന്റെയും നടയില്‍ വലിയമ്മ ഉച്ചപൂജ നടത്തുന്നത്. രാത്രി ഏഴിന് വലിയമ്മ മണ്ണാറശ്ശാലയിലെ ഇളമുറക്കാരായ അന്തര്‍ജ്ജനങ്ങള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തും.
ആയില്യം നാളായ 28ന് പുലര്‍ച്ചെ 3.30ന് നട തുറക്കും. രാവിലെ എട്ടുമുതല്‍ 12 വരെ ഭക്തര്‍ക്ക് അമ്മയുടെ ദര്‍ശനം ലഭിക്കും. ഉച്ചപൂജയ്ക്കുശേഷം ഇല്ലത്തെ കാരണവര്‍ തെക്കിനിത്തളത്തില്‍ ആയില്യം പൂജയ്ക്കുള്ള പദ്മം തയ്യാറാക്കും. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും മധ്യേ ആയില്യം എഴുന്നള്ളത്തിന് തുടക്കമാകും.













Discussion about this post