ഹരിപ്പാട്: വിശ്വപ്രസിദ്ധമായ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനു വന്‍ ഭക്തജനപ്രവാഹം. ഭക്തജനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ക്ഷേത്രം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പുണര്‍തസന്ധ്യയിലെ മഹാദീപക്കാഴ്ചയോടെ മൂന്നുദിവസം നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികള്‍ ആരംഭിക്കും. 27 നാണ് പൂയം. പന്ത്രണ്ട് ദിവസങ്ങളിലായി അമ്മ നടത്തിവന്നിരുന്ന വിശേഷാല്‍ പൂജകള്‍ അന്നു പൂര്‍ത്തിയാകും. ചതുശനിവേദ്യത്തോടെ അമ്മ പൂയം നാളില്‍ നടത്തുന്ന ഉച്ചപൂജ ദര്‍ശനപ്രധാനമാണ്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള സ്കൂള്‍ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ രാവിലെ 11 മുതല്‍ ആരംഭിക്കുന്ന പൂയസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. 28 നാണ് മണ്ണാറശാല ആയില്യം. പുലര്‍ച്ചെ 3.30 നു നടതുറക്കും.
പുലര്‍ച്ചെതന്നെ കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. രാവിലെ എട്ടുമുതല്‍ ഇല്ലത്ത് നിലവറയ്ക്കു സമീപം അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കും. രാവിലെ 11 മുതല്‍ സ്കൂള്‍ മുറ്റത്ത് ഒരുക്കിയ പന്തലില്‍ നടക്കുന്ന പ്രസാദമൂട്ടില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. ഉച്ച പൂജയ്ക്കുശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോടു ചേര്‍ന്നുള്ള തളത്തില്‍ ആയില്യം പൂജയ്ക്കായുള്ള പത്മമിടല്‍ ആരംഭിക്കും. കളം പൂര്‍ത്തിയായാലുടന്‍ അമ്മ ക്ഷേത്രത്തിനു വടക്കുമാറിയുള്ള തീര്‍ഥക്കുളത്തില്‍ കുളിച്ച് ഓലക്കുടയും ചൂടി ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തും. അമ്മ ക്ഷേത്രത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ശ്രീകോവിലില്‍നിന്നു കുത്തുവിളക്കിലേക്കു ദീപം പകരും. ഇതോടെ എഴുന്നള്ളത്തിന്റെ തുടക്കം അറിയിച്ചു കൊണ്ടുള്ള ശംഖ്, തിമിലപ്പാണി, വായ്കുരവ എന്നിവ ആരംഭിക്കും. തുടര്‍ന്ന് അമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിനു വലം വയ്ക്കുന്നതോടെ പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് ആരംഭിക്കും.
ആയില്യം പൂജകള്‍ക്കുശേഷം അമ്മയുടെ അനുമതിയോടെ കുടുംബകാരണവര്‍ ആകാശസര്‍പ്പങ്ങളെ സങ്കല്പിച്ച് തട്ടിന്മേല്‍ നൂറും പാലും നടത്തുന്നതോടെ ആയില്യം ഉത്സവത്തിന്റെ ചടങ്ങുകള്‍ സമാപിക്കും.













Discussion about this post