തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ അഞ്ചു മുതല്‍ പതിനൊന്നു വരെ നടക്കും. ഏഴാം ഉത്സവദിനമായ പതിനൊന്നിനാണ് പൊങ്കാല. പൊങ്കാല തര്‍പ്പണം നടക്കുന്ന സമയത്ത് വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടി ഉണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
ആറിന് രാത്രി ഒമ്പതിന് നടന്‍ നാദിര്‍ഷ നയിക്കുന്ന സൂപ്പര്‍ മെഗാ സ്റ്റേജ് ഷോ. ഏഴിന് വൈകീട്ട് നാലരയ്ക്ക് കരിക്കകം ഭഗവതി വനിതാസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. അഞ്ചരയ്ക്ക് കരിക്കകം ശ്രീചാമുണ്ഡി കലാപീഠം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും ശാസ്ത്രീയനൃത്താവതരണവും. രാത്രി പത്തിന് ഗാനമേള നടക്കും. എട്ടിന് രാത്രി ഒമ്പതിന് നടന്‍ കോട്ടയം നസീര്‍ നയിക്കുന്ന മെഗാ ഷോ ഉണ്ടാകും.
ഏപ്രില്‍ 9 ബുധനാഴ്ച രാവിലെ ദേവിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും. രാത്രി എഴുന്നള്ളത്ത് മടങ്ങിവന്ന ശേഷം ദീപാരാധനയും നട അടയ്ക്കലും പള്ളിയുറക്കവും. രാത്രി ഒമ്പതിന് പിന്നണിഗായകന്‍ സുധീപ്കുമാര്‍ നയിക്കുന്ന ഗാനമേള. പത്തിന് രാവിലെ ഒമ്പതിന് പുറത്തെഴുന്നള്ളത്ത് നടക്കും. പുറത്തെഴുന്നള്ളത്തിനൊപ്പം പാക്കനാര്‍ തെയ്യം അകമ്പടി സേവിക്കും. രാത്രി ഒമ്പതരയ്ക്ക് ഡോ. ജി.എസ്. പ്രദീപ് നയിക്കുന്ന ലൈവ് അശ്വമേധം ഷോയും നൃത്ത-സംഗീതപരിപാടികളും കോര്‍ത്തിണക്കിയ മെഗാഷോ നടക്കും.
പൊങ്കാലയ്ക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്ന സമയത്ത് ക്ഷേത്ര നടപ്പന്തലില്‍ പ്രത്യേക പഞ്ചാരിമേളം ഉണ്ടായിരിക്കും. രാത്രി അത്താഴപൂജയ്ക്ക് ശേഷം ഗുരുസിയോടുകൂടി ഉത്സവം പര്യവസാനിക്കും. പൊങ്കാലദിവസം രാത്രി ഒന്നിന് കരിമരുന്ന് പ്രയോഗം ഉണ്ടാകും.
ഉത്സവത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.













Discussion about this post