ചെങ്കല്‍ സുധാകരന്‍
ശ്രീകൃഷ്ണ ജരാസന്ധവധം
ശ്രീ ഭഗവാന്‍ ‘സ്വ ജ്ഞാതി രക്ഷാര്‍ത്ഥം’ സമുദ്രമദ്ധ്യത്തില്‍ ദ്വാരകാപത്തനം നിര്‍മ്മിച്ചു. ഒറ്റരാത്രികൊണ്ട് ‘ദ്വാര്‍കാദുര്‍ഗ്ഗം’ എന്നാണ് ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞിരിക്കുന്നത്. ആസുരതയ്ക്കടുക്കാനാകാത്ത ഒരു ദുര്‍ഗ്ഗമാണ് ദ്വാരക. അതാകട്ടെ സമുദ്രമദ്ധ്യത്തിലും. അല്പമാലോചിച്ചാല്‍ ഈ ഭഗല്ലീലയിലെ ആസ്യം മനസ്സിലാകും. യാദസ്സുകളുടെ ആക്രമണങ്ങള്‍ക്കോ സമുദ്രജലപ്രവാഹങ്ങളുടെ ആഘാതമേല്‍പ്പിക്കലിനോ വിധേയമാകാത്ത നഗരമാണ് ദ്വാരക! ശുദ്ധവും ക്ഷമിതവുമായ മനസ്സിന്റെ ഒരുത്തമ പ്രതീകമാണത്. അസുരപ്പടയുടെ ഉപദ്രവമേല്‍ക്കാതെ (ദുര്‍വ്വികാരങ്ങള്‍ക്കാക്രമിക്കാനാകാതെ) മനസ്സിനെ നിയന്ത്രിച്ചു എന്നുസാരം. അവിടെ സ്വജ്ഞാതികള്‍ക്ക് – ദേവ ഭാവത്തിന് യാതൊരുപദ്രവുമുണ്ടാവുകയില്ല. മലകളിലുമിളകാത്ത മഹാജനചിത്തം ക്ഷോഭിക്കുകയില്ല. പ്രവര്‍ഷണ പര്‍വ്വതത്തില്‍ കയറിപ്പോയ രാമകൃഷ്ണന്മാരെ തീയെരിക്കുവാന്‍ കാത്തുനിന്ന ജരാസന്ധന്റെ യത്‌നം വിഫലമായി. പ്രവര്‍ഷണമേറുന്നയാളെ ആര്‍ക്കും നശിപ്പിക്കാനാവില്ല! അത് പ്രകര്‍ഷേണ വര്‍ഷിക്കുന്നതാണ്. താത്വികമായാലോചിച്ചാല്‍, ‘ധര്‍മ്മം വര്‍ഷിക്കുന്നത്’ എന്നര്‍ത്ഥം! ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ച്, ധര്‍മ്മവര്‍ഷണം നടത്തുന്ന ആ പര്‍വ്വതം വിവേകത്തിന്റെ പ്രതീകമാകുന്നു. അതിലേക്കാണ് രാമകൃഷ്ണന്മാര്‍ കയറിപ്പോയത്. കുബുദ്ധികള്‍ എങ്ങനെ ശ്രമം ചെയ്താലും വിവേകിയെ നശിപ്പിക്കാനാവില്ല. വിവേകി അസുരന്മാരുടെ ലക്ഷ്യത്തിനു വിപരീതമായി സ്വച്ഛതയുടെ ദ്വാരക പണിത് അതില്‍ സ്വസ്ഥത കണ്ടെത്തും. ലൗകിക ജീവിതത്തിന്റെ ഇളകിമറിച്ചിലുകള്‍ക്കോ (സമുദ്രക്ഷോഭങ്ങള്‍ക്കോ) ദുര്‍മ്മതികളുടെ (ജരാസന്ധന്മാരുടെ) നിരന്തരാക്രമണങ്ങള്‍ക്കോ യാതൊന്നും ചെല്ലാന്‍ കഴിയാത്ത ദുര്‍ഗ്ഗമാണ് ദ്വാരക! മാത്രമല്ല, അത്, വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതവുമാണ്. വൈകുണ്ഠത്തിലെ സര്‍വ്വസമ്പത്തും അവിടെ ചേര്‍ത്തിണങ്ങിയിട്ടുണ്ട്. സംസാരദുഃഖത്തിന് എത്താന്‍ കഴിയാത്തവിധം, ലൗകിക വാസനകള്‍ക്കടുക്കാനാകാത്തവിധം ദേവസമ്പത്തുള്ള സ്ഥാനമാണതെന്നും കണ്ടെത്താന്‍ പ്രയാസമില്ല.
ദ്വാരകയില്‍ നിന്ന് നിരായുധനായി പുറത്തിറങ്ങിയ ഭഗവാനെ കാലയവനന്റെ സഹായം ലഭിച്ച ജരാസന്ധന്‍ പിന്നെയുമാക്രമിക്കാനൊരുമ്പെട്ടു. വമ്പിച്ച സേനയുമായെത്തിയ യവനനെ കണ്ടു ഭയന്നിട്ടെന്നപോലെ കൃഷ്ണന്‍, ശ്യാമളപര്‍വ്വതത്തില്‍ മുചുകുന്ദ ഗുഹയില്‍ ചെന്നുകയറി യവനന്‍, അവിടെ ഉറങ്ങിക്കിടന്ന മുചുകുന്ദനെ ശ്രീകൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച് ചവിട്ടി. ഉണര്‍ന്ന രാജാവ് മുന്നില്‍നിന്ന യവനനെ ക്രുദ്ധനായൊന്നു നോക്കി. അവന്‍ ഭസ്മീഭവിച്ചു.
ശ്രദ്ധേയമായ കഥാഭാഗമാണിത്. ആസുരതയ്ക്ക് കാലയവനന്‍ കൂട്ടാക്കുന്നു. ചില സന്ദര്‍ഭങ്ങള്‍ സജ്ജനങ്ങള്‍ക്ക് പീഡയുണ്ടാക്കുന്നതാണ്. ദുഷ്ടമാനുഷന്‍ കാലികമായ ബലം വര്‍ദ്ധിപ്പിച്ച് പരപീഡനം വ്യാപിപ്പിക്കും. കാലപ്രേരിതരാകുന്ന ദുര്‍ജ്ജനങ്ങള്‍ക്ക് സര്‍വ്വനാശമാണ് പരിണതഫലമായുണ്ടാകുന്നതെങ്കിലും ആദ്യമതിന് ബലംകൂടും. സജ്ജനങ്ങളെ ഭയപ്പെടുത്താന്‍ കാലത്തിന് കഴിയും. പക്ഷേ, കാലാതീതനെ അഥവാ കാലാധീശ്വരനെ അതിന് എന്തുചെയ്യാനാണു സാധിക്കുക? ഒന്നും സാദ്ധ്യമല്ല! ഭഗവാന്‍ കാലശക്തിയെ മാനിച്ച്, അപൗരുഷേയമായ വിധിയെ മാനിച്ച്, ഭയം അഭിനയിച്ചു. അതോടെ മൃത്യുഗ്രസ്തമായ ദുഷ്ടത വിജ്ജൃംഭിതവീര്യത്തോടെ നന്മയെ എതിര്‍ക്കാനായുന്നു!
ശ്യാമളപര്‍വ്വതവും മുചുകുന്ദനും ചിന്താവിഷയമാകാവുന്ന പദങ്ങളാണ്. ദേവന്മാര്‍ക്കായി യുദ്ധംചെയ്ത് അവരുടെ വരമാര്‍ജ്ജിച്ച് നിദ്രാണാവസ്ഥയിലായിരുന്നു മുചുകുന്ദന്‍. അദ്ദേഹത്തിന്റെ നിദ്രയ്ക്കുഭംഗം വരുത്തുന്നവന്‍, രാജാവുണര്‍ന്നുനോക്കുമ്പോള്‍ത്തന്നെ ഭസ്മീ ഭവിക്കുമെന്നതായിരുന്നു ദേവേന്ദ്രന്‍ നല്‍കിയവരും! ചില സൂക്ഷ്മതത്ത്വങ്ങള്‍ ഈ കഥാകഥനത്തിലും ഉള്‍ക്കൊള്ളുന്നു. മംഗളത്വത്തിന്റെ /നന്മയുടെ/ ദൈവീഭാവത്തിന്റെ പ്രകടരൂപമാണ് ശ്യാമളപര്‍വ്വതം! ‘ശ്യാമള’ ശബ്ദത്തിന് ‘പച്ച’ എന്നും അര്‍ത്ഥമുണ്ട്. ‘കറുപ്പ്’ എന്ന സാധാരണാര്‍ത്ഥത്തേക്കാള്‍ ‘പച്ച’ എന്ന വിശേഷാര്‍ത്ഥത്തിനാണ് ഇവിടെ പ്രാധാന്യം! മംഗളാസ്ഥാനത്തില്‍ ഏകാന്തധ്യാനം ചെയ്യുന്ന യോഗിയായി മുചുകന്ദനെ കണക്കാക്കാം. ഈ പേരിലെ ‘മുചം’ എന്നതിന് മുക്തി എന്നര്‍ത്ഥമുണ്ട്. മുചുകുന്ദന്‍ എന്നാല്‍ മുക്തിനല്‍കുന്നവനെന്നും മുകുന്ദശബ്ദത്തിന് സമാനമായപദം! ധ്യാനനിരതനായിരിക്കുന്ന വ്യക്തിയുടെ കണ്‍മുന്നില്‍ ‘കാലയവനന്‍’ നിലനില്പില്ല. ജ്ഞാനയോഗിയുടെ നിരീക്ഷണമാത്രയില്‍ ആ മലിനതയാര്‍ന്ന ദ്രോഹഭാവം എരിഞ്ഞടങ്ങും. അതിന് നന്മയെ അഥവാ ഈശ്വരഭാവത്തെ ഉപദ്രവിക്കാനേ കഴിയില്ല. ദൈവീഭാവത്തോടുള്ള സംസര്‍ഗ്ഗത്താല്‍ ആസുരത നശിച്ചുപോകുന്നു. ഏതു നിഷ്ഠുരതയും നിറഞ്ഞ ഭക്തിയുടെ മുന്നില്‍, ദേഹഭാവമകന്ന്, ആക്രമണ സ്വഭാവം വെടിഞ്ഞ്, സായൂജ്യം നേടുമെന്ന അടിസ്ഥാനതത്ത്വമാണ് ഇവിടെ സ്പഷ്ടമാകുന്നത്.
ഉത്തരക്ഷണത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് മുചുകുന്ദനെ സാന്ത്വനം ചെയ്ത് വരവും നല്‍കി, പൂര്‍ണ്ണകാമനാക്കി ബദരികാശ്രമത്തിലേക്കയച്ചു. ഭക്തന്‍ ഭഗവദര്‍ശനത്താല്‍ തൃപ്തനായി, മുക്തസംഗനായി പരമാനന്ദമനുഭവിച്ചു. ഗുഹയില്‍ നിന്നിറങ്ങിനടന്ന രാജാവിനെക്കണ്ട് ജനങ്ങള്‍ അതിശയിച്ചുപോയി. അദ്ദേഹത്തിന്റെ ശരീരവലിപ്പംകണ്ട് അതുപോലും ആശയസംഫുല്ലമാണ്. ലൗകികം വെടിഞ്ഞ് ഈശ്വരാര്‍പ്പിതമാനസനായി മോക്ഷം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഭക്തന്‍ മറ്റുളളവരേക്കാള്‍ ‘ഉയര്‍ന്നവനാ’ ണെന്നതാണതിന്നര്‍ത്ഥം!
ശ്രീ ഗര്‍ഗ്ഗന്‍ ഇക്കഥയ്ക്ക് പരിസ്പുര്‍ത്തി വരുത്തുന്നത് പ്രദ്യുമ്‌ന ജരാസന്ധയുദ്ധം ആഖ്യാനം ചെയ്തുകൊണ്ടാണ്. കൃഷ്ണരാമന്മാരെ എതിര്‍ത്തു തോല്പിക്കാനാകാത്ത ജരാസന്ധന്‍ അതിനുള്ള അവസരവും പാര്‍ത്തു പാര്‍ത്തു കഴിയുകയായിരുന്നു. കംസവധാനന്തരം ഭഗവാന്‍ ഉഗ്രസേന മഹാരാജാവിനെ മഥുരയിലെ രാജാവാക്കി. തുടര്‍ന്ന് രാജ്യോല്‍ക്കര്‍ഷം സങ്കല്പിച്ച് അശ്വമേധയാഗം നടത്താനൊരുങ്ങി. പ്രദ്യുമ്‌നന്‍ വമ്പിച്ചസേനാസമേതം, അശ്വരക്ഷിതാവായി പുറപ്പെട്ടു. പലരാജാക്കന്മാരേയും കീഴടക്കി കപ്പവും നേടി വിജയയാത്ര തുടര്‍ന്നു. അങ്ങനെ അച്ഛനൊത്ത ആ പുത്രന്‍ മഗധയിലെത്തി. ഞാണൊലിയിട്ട് തന്റെ വരവറിയിച്ചു.
‘ജനകോചിത ജന്യം’ എന്ന തത്ത്വമനുസരിച്ച് കൃഷ്ണനും പ്രദ്യുമ്‌നനും ഒന്നുതന്നെ. പിതാവുതന്നെ പുത്രന്‍! ജരാസന്ധനുമായി ഏറ്റുമുട്ടുന്ന പ്രദ്യുമ്‌നന്‍ കൃഷ്ണപരമാത്മാവുതന്നെ. വൈഷ്ണവാഗമപ്രകാരം പ്രദ്യുമ്‌നന്‍ വിഷ്ണുവിന്റെ അംശവുമാകുന്നു. മാത്രമല്ല, ‘പ്രദ്യുമ്‌ന’ശബ്ദത്തിന് വിശേഷ ശക്തിയുള്ളവന്‍, വിശിഷ്ടശോഭയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവുമുണ്ട്. ജന്മോദ്ദേശ്യം തന്നെ ‘ശബരവധമാ’യിരുന്നു. ശബരത്വമെന്നാല്‍ നീചത്വമെന്നുസാരം. ഈ അസാമാന്യ ബലവാനെ ഈശ്വരീതയുടെ പ്രതീകമായിട്ടാണ് പുരാണത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ജരയാല്‍ സന്ധിപ്പിക്കപ്പെട്ട (ആസുരതനിറഞ്ഞ) മാഗധനുമായി പ്രദ്യുമ്‌നന്, നന്മയുടെ നിറപ്രതീകത്തിന്, എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണല്ലോ? പോരാത്തതിന്, ലോകവിജയം നേടാനാണ് പ്രദ്യുമ്‌നന്റെ പുറപ്പാടും! അത് അശ്വമേധത്തിന്റെ ഭാഗമായാണെങ്കിലും ലൗകിക വിജയത്തിനായുള്ള യത്‌നം എന്നതിനാണ് പ്രാധാന്യം! ഇക്കഥ വിവരിക്കുന്ന ഭാഗത്തിന്, ‘വിശ്വജിത്’ ഖണ്ഡം എന്നാണ് ഗര്‍ഗ്ഗാചാര്യര്‍, നാമകരണം ചെയ്തിരിക്കുന്നത്.
ധര്‍മ്മത്തോടേറ്റുമുട്ടി തോറ്റാലും വീണ്ടും വീണ്ടും എതിര്‍ത്തടുക്കുകയെന്നത് അധര്‍മ്മത്തിന്റെ സ്വഭാവമാണ്. ജരാസന്ധന്‍ പതിനെട്ടു പ്രാവശ്യം ഭഗവാനോടെതിര്‍ത്ത് യുദ്ധം ചെയ്തു എന്നതിന്റെ സാരമതാണ്. വിടാതെ പിന്തുടര്‍ന്ന ദൗഷ്ട്യത്തെ ആത്മജ്ഞാനം /ദേവഭാവം പരാജയപ്പെടുത്തി എന്നതാണ് ജരാസന്ധയുദ്ധത്തിലെ പൊരുള്‍! ശ്രീവ്യാസന്‍ ആകഥയ്ക്ക് പൂര്‍ണ്ണതവരുത്തിയിട്ടുണ്ട്. ഭീമ ജരാസന്ധയുദ്ധകഥയിലൂടെ ദ്വന്ദ്വയുദ്ധാന്തത്തില്‍ ഭീമന്‍ ജരാസന്ധനെ വധിച്ചു! ആത്മബലം നേടിയ വ്യക്തി (കൃഷ്ണസഹായുമുള്ള ഭീമന്‍) നിരന്തരമായ ശ്രമത്താല്‍ ദേഹഭാവം മുറ്റിയ ആസുരതയെ (ജരാസന്ധനെ) നിഹനിച്ചു എന്ന സത്യം ശ്രീമദ്ഭാഗവതത്തിലും വായിച്ചെടുക്കാവുന്നതാണ്.
Discussion about this post