ശബരിമല: മണ്ഡലമകരവിളക്കിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ ഏഴിന് അടച്ചു. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തി. തുടര്‍ന്ന് മേല്‍ശാന്തി ക്ഷേത്രനട അടച്ച് താക്കോല്‍ രാജപ്രതിനിധിയ്ക്ക് കൈമാറി.
തിരുവാഭരണവുമായി പടിയിറങ്ങിയ രാജപ്രതിനിധി പണിക്കിഴിയും ശ്രീകോവിലിന്റ താക്കോലും മേല്‍ശാന്തിക്ക് കൈമാറിയതിനു ശേഷമാണ് പന്തളത്തേക്ക് മടങ്ങിയത്. പുലര്‍ച്ചെ രാജപ്രതിനിധി ദര്‍ശനം നടത്തിയ സമയത്ത് മറ്റ് ആരെയും ക്ഷേത്രമതിലകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. പുലര്‍ച്ചെ നടന്ന ഗണപതി ഹോമത്തിനു തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു.
തിങ്കളാഴ്ച രാത്രി 10.30ന് മാളികപ്പുറത്ത് ഗുരുതി നടന്നു. മലദൈവങ്ങളെ പ്രതീപ്പെടുത്താനായി നടന്ന ഗുരുതിയക്ക് റാന്നി കുന്നയ്ക്കാട്ട് അജിത്ത് കുമാറാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. രാത്രി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. കുഭമാസ പൂജകള്‍ക്കായി അടുത്ത മാസം 12ന് വൈകുന്നേരം 5.30ന് ക്ഷേത്രനട വീണ്ടും തുറക്കും.
Discussion about this post