പമ്പ: ശബരിമല ഉല്‍സവം 25ന് കൊടിയേറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രത്തിന് ആറാട്ട് നടക്കുന്ന വിധത്തില്‍ പത്തു ദിവസത്തെ ഉല്‍സവത്തിനാണ് കൊടിയേറുന്നത്. 25ന് രാവിലെ 9.38ന് തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റും. അത്താഴപൂജയ്ക്കു ശേഷം ശ്രീഭൂതബലി ആരംഭിക്കും. 26 മുതല്‍ ഏപ്രില്‍ രണ്ടു വരെ ഉല്‍സവബലിയുണ്ട്.
അഞ്ചാം ഉല്‍സവമായ 29ന് രാത്രി ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പു തുടങ്ങും. ഏപ്രില്‍ രണ്ടു വരെ വിളക്കിനെഴുന്നള്ളിപ്പ് ഉണ്ട്. രണ്ടിനു രാത്രി 10 മണിയോടെ പള്ളിവേട്ടയ്ക്കായി അയ്യപ്പനെ ശരംകുത്തിയിലേക്ക് എഴുന്നള്ളിക്കും. മടക്കയാത്രയ്ക്കുശേഷം പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായതിനാല്‍ ശ്രീകോവിലിനു പുറത്താണ് അന്നത്തെ പള്ളിയുറക്കം.
ഉല്‍സവത്തിനു സമാപനം കുറിച്ച് മൂന്നിനു രാവിലെ ഒന്‍പതിന് ആറാട്ടിനായി പമ്പയിലേക്ക് എഴുന്നള്ളും. ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ടും വിശ്രമവും കഴിഞ്ഞ് സന്ധ്യക്കു ശേഷം സന്നിധാനത്തില്‍ തിരിച്ചെത്തും.
Discussion about this post