ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 30 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 150 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ റായ്ബറേലില്‍നിന്നു 30 കിലോമീറ്റര്‍ അകലെ ബാച്രവന്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഡെറാഡൂണ്‍-വാരണാസി ജനതാ എക്‌സ്പ്രസാണു പാളംതെറ്റിയത്.
എന്‍ജിനും രണ്ടു കോച്ചുകളുമാണ് പാളംതെറ്റിയത്. അപകടത്തില്‍പ്പെട്ട ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഞെരിഞ്ഞമര്‍ന്നു പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത ഗാര്‍ഡ് കമ്പാര്‍ട്ട്‌മെന്റും തകര്‍ന്നെങ്കിലും ഇതില്‍ ആളില്ലായിരുന്നു. ബ്രേക്കിന്റെ തകരാറാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക സൂചന. പരിക്കേറ്റവരെ റായ്ബറേലിയിലെയും ലക്‌നോവിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച യാത്രക്കാരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ യുപി സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും. അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post