തിരുവനന്തപുരം: തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സത്യസായിബാബയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഏപ്രില്‍ 1ന് മഹാരുദ്രയജ്ഞത്തോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10നായിരുന്നു താന്ത്രികാചാരപ്രകാരം സത്യസായിബാബയുടെ പ്രാണപ്രതിഷ്ഠ. 12.30ന് കുംഭാഭിഷേകത്തോടെ പ്രതിഷ്ഠാച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ലോകത്തിലെ ആദ്യ സത്യസായിബാബ ക്ഷേത്രമാണിത്. ശബരിമല മുന്‍ മേല്‍ശാന്തി ഇടമനയില്ലത്ത് ബാലമുരളിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാച്ചടങ്ങുകള്‍.
സായിഗ്രാമത്തില്‍ 20 അടിയോളം ഉയരമുള്ള കുന്നിലെ ഒരേക്കര്‍ പറമ്പിലാണ് ക്ഷേത്രം. 1500 ചതുരശ്രയടി വിസ്തൃതിയുണ്ട്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ രൂപകല്പന നടത്തിയത്. 36 അടി ഉയരത്തിലുള്ള വട്ടശ്രീകോവിലുള്ള ക്ഷേത്രത്തിന് 18 തൂണുകളുണ്ട്. 18 ഇതളുള്ള താമരപ്പൂവിന്റെ നടുവിലാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നിര്‍മ്മിച്ച വെണ്ണക്കല്ലിലുളള വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഗണപതി, ശ്രീപാര്‍വതി, സുബ്രഹ്മണ്യസ്വാമി, ശ്രീബുദ്ധന്‍, ഷിര്‍ദ്ദിബാബ എന്നിവരുടെ ക്ഷേത്രങ്ങളും സായിഗ്രാമത്തിലുണ്ട്.
കര്‍ണാടകയിലും ആന്ധ്രയിലുംനിന്നുള്ള ആചാര്യന്മാരും ചടങ്ങുകളില്‍ പങ്കെടുത്തു. ദലൈലാമയുടെ പ്രതിനിധികളായി ബുദ്ധസംന്യാസിമാരായ ലോപ്‌സങ്‌ഷെറാബ്, പസാങ്ബാബ എന്നിവരും ശ്രീരാമകൃഷ്ണമഠത്തെ പ്രതിനിധീകരിച്ച് സ്വാമി മോക്ഷവ്രതാനന്ദയും പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാനെത്തി.
Discussion about this post