തിരുവനന്തപുരം: മാലിന്യസംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കൊല്ലയില്‍ പഞ്ചായത്തിലെ നടൂര്‍ക്കൊല്ല വാര്‍ഡില്‍ കളത്തറയ്ക്കല്‍ ഏലായില്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ എല്ലാവിഭാഗം ജനങ്ങളും പങ്കുവഹിച്ച് പൂര്‍ത്തിയാക്കേണ്ട ദൗത്യമാണിത്. മാലിന്യസംസ്‌കരണം നല്ലരീതിയില്‍ നടപ്പാക്കാനാവണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ പൊതുസംവിധാനം ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ശേഖരിക്കുന്ന സംസ്‌കാരം വളരുന്നുണ്ട്. മാലിന്യങ്ങള്‍ ഏവിടെയെങ്കിലും ഉപേക്ഷിക്കാതെ എല്ലായിടവും സ്വച്ഛവും സുന്ദരവുമാകണമെന്ന ബോധം ഉയര്‍ത്തുകയാണ് പ്രധാന ഉദ്ദേശ്യം. നമ്മുടെ നാട്ടിലെ കൃഷി നന്നായി അഭിവൃദ്ധിപ്പെടണം. നെല്‍കൃഷി ഇല്ലാതെ കിടന്ന സ്ഥലത്ത് കൃഷി ആരംഭിക്കുന്ന കൊല്ലയിലെ ശ്രമം നല്ല മാതൃകയാണ്. പാടത്ത് മാത്രമല്ല, കരകൃഷിയും വീട്ടുപറമ്പിലും മറ്റും പണ്ട് പലതരം കൃഷികളും നടത്തിയിരുന്നു. അതെല്ലാം തിരിച്ചുപിടിക്കാനാകണം. നമ്മുടെ കാര്‍ഷിക വിളകള്‍ പുനരുജ്ജീവിക്കാന്‍ കഴിയണം. കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ നടത്തിയ നല്ല ഇടപെടലുകള്‍ ലാബില്‍ നിന്ന് കൃഷിക്കാരിലെത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.
വിഷരഹിത ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പ്രാമുഖ്യം കൊടുക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജലസമൃദ്ധമായിരുന്ന നമ്മുടെ നാട് വരള്‍ച്ചാഭീഷണി നേരിടുകയാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അതിനുതകുന്ന പദ്ധതിയും ഇതോടൊപ്പം തയാറാക്കുന്നുണ്ട്. ആദ്യപടിയായി തോടുകളും പുഴകളും നീരുറവകളും സംരക്ഷിക്കാനാവണം. അടഞ്ഞുപോയ നീരുറവകള്‍ വീണ്ടെടുക്കാനുള്ള നടപടികളും മഴക്കുഴികളും വേണം. രണ്ടാംഘട്ടത്തില്‍ നദികളും കായലുകളും പൂര്‍ണമായി ശുചീകരിക്കാനാകണം. നമ്മളെല്ലാവരും മരം നട്ടുവളര്‍ത്താനും തയാറാകണം. നാടിന്റെ ഭാവി കണ്ടുകൊണ്ട് ഇതെല്ലാം നടപ്പാക്കാന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഗ്രാമങ്ങള്‍ ഹരിതഗ്രാമങ്ങളാക്കാനും, കാമ്പസുകള്‍ ഹരിതകാമ്പസുകളാക്കാനും ഹരിതകേഡറ്റുകളായി സ്വയമിറങ്ങണം. ഇത്തരമൊരു പ്രവര്‍ത്തനം ജനപങ്കാളിത്തത്തോടെ വിജയിക്കുക കേരളീയര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഹരിതകേരളം പദ്ധതിയുടെ അമ്പാസഡറായി ഗാനഗന്ധര്‍വന്‍ യേശുദാസ് പ്രവര്‍ത്തിക്കുമെന്നും ഇത് മലയാളികള്‍ക്കാകെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് ചടങ്ങില്‍ ഹരിതകേരള ഗീതം ആലപിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ ഓരോരുത്തരും കൃഷിക്കായി മുന്നിട്ടിറങ്ങായാല്‍ ആരോഗ്യം വീണ്ടെുക്കാനും കേരളത്തെ രക്ഷിക്കാനുമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. അടുത്തകാലത്തായി കൃഷിയെ നമ്മുടെ സംസ്ഥാനം കൂടുതലായി സ്‌നേഹിച്ച് തുടങ്ങിയത് വലിയ സാമൂഹികമുന്നേറ്റമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആഹാരത്തിലെ മായവും വിഷമയമായ പച്ചക്കറികളെക്കുറിച്ചുമൊക്കെയുള്ള അവബോധം മലയാളിയില്‍ ശക്തമായി വേരോടിയിട്ടുണ്ട്. നഷ്ടപ്പെട്ട കാര്‍ഷികസംസ്‌കാരം തിരിച്ചുപിടിക്കാന്‍ ഹരിതകേരളം പദ്ധതി സഹായകമാകുമെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, എം.എല്‍.എമാരായ കെ. ആന്‍സലന്‍, ഐ.ബി സതീഷ്, ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കളത്തറയ്ക്കല്‍ ഏലായില്‍ ഞാറുനട്ടശേഷം നടൂര്‍ക്കൊല്ല കുഞ്ചുകുളം നവീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചശേഷമാണ് മുഖ്യമന്ത്രി കൊല്ലയില്‍ നിന്ന് മടങ്ങിയത്. കൂടുതല്‍ മേഖലയില്‍ കൃഷി ആരംഭിക്കാനുള്ള സമ്മതപത്രവും ചടങ്ങില്‍ കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിന്റെ നാനാതുറകളിലുംപെട്ട ആയിരങ്ങളാണ് ‘ഹരിതകേരള’ത്തിന് ഔദ്യോഗികമായി തുടക്കമിട്ട ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.
കൊല്ലയില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പാറശ്ശാല മണ്ഡലത്തിന്റെ ഹരിതകേരളത്തിന്റെ ഭാഗമായി 250 ലേറെ പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമായത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
Discussion about this post