തരുവനന്തപുരം: ആറ്റുകാലില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 876 ബാലന്മാരാണ് ഇത്തരവണ കുത്തിയോട്ടനായി ക്ഷേത്രത്തിലെത്തിയത്. ഞായറാഴ്ച രാവിലെ വ്രതക്കാരായ ബാലന്മാര്‍ ഒറ്റമുണ്ടുടുത്ത് അമ്പലക്കുളത്തില്‍ കുളിച്ച് ഈറന്‍ വസ്ത്രത്തോടെ ദേവിക്ക് മുന്നില്‍ മുട്ടുകുത്തി നമസ്കരിച്ചു. തുടര്‍ന്ന് പള്ളിപ്പലകയില്‍ ഏഴ് വെള്ളി നാണയങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ചതോടെ ഇവര്‍ ദേവീദാസന്മാരായി. തുടര്‍ന്ന് വെള്ളംനിറച്ച കിണ്ടിയും പൂക്കളുമായി ദേവീനടയിലെത്തി നമസ്കരിച്ചു. ചൂരല്‍ കുത്ത് ആശാന്‍ രാധാകൃഷ്ണന്‍ ആശാരിയുടെ നേതൃത്വത്തിലാണ് നമസ്കാരച്ചടങ്ങുകള്‍ നടന്നത്.
തുടര്‍ന്ന് മേല്‍ശാന്തി അരുണ്‍ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങി. കുട്ടികള്‍ക്ക് അദ്ദേഹം പ്രസാദം നല്‍കി. ഇനിയുള്ള ഏഴുദിവസവും ക്ഷേത്രത്തിലാണ് ഇവര്‍ താമസിക്കുക. ഏഴുദിവസത്തിനുള്ളില്‍ വ്രതത്തിന്റെഭാഗമായുള്ള 1008 നമസ്കാരം പൂര്‍ത്തിയാക്കണം. പൊങ്കാല ദിവസമായ 11ന് വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം ദേവി പുറത്തെഴുന്നള്ളുമ്പോള്‍ അണിഞ്ഞൊരുങ്ങിയ കുത്തിയോട്ട വ്രതക്കാര്‍ ദേവിക്ക് അകമ്പടി സേവിക്കും.
Discussion about this post