ന്യൂഡല്‍ഹി: മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. മാറ്റം ആവശ്യമെങ്കില്‍ പാര്‍ലമെന്റിന് പുതിയ നിയമം കൊണ്ടുവരാം. ആറ് മാസത്തിനകം പുതിയ നിയമം വരണം. അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമനിര്‍മാണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
പുതിയ നിയമനിര്‍മാണത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അംഞ്ചംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് ജഡ്ജിമാര്‍ മുത്തലാഖിനെ അനുകൂലിച്ചപ്പോള്‍ മറ്റ് മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. മതാചാരത്തിന്റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. ഇതിനോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു.
അഞ്ച് വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം
ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യു.യു. ലളിത്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളില്‍നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസില്‍ കക്ഷിചേര്‍ന്നിരുന്നു. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകള്‍ മുത്തലാഖിനെതിരെയും ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാരും ഒരു കക്ഷിയാണ്. മുന്‍മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.
Discussion about this post