കൊച്ചി: ജിഷ വധക്കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്. ഇന്ന് കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും അന്തിമവാദം കേട്ട ശേഷമാണ് ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു കണക്കുമില്ല. അതിനാല്‍ കേസുകളില്‍ പ്രതികളാകുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പ്രതി അമീറുളിന് ആസാമീസ് ഭാഷ മാത്രമേ മനസിലാകൂ. പോലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല നടന്നതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയാറായില്ല. പ്രതിഭാഗത്തിന്റെ ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശിക്ഷ വിധിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
Discussion about this post