ഡോ.മേധാ നാനിവഡേകര്‍
മനുഷ്യര്‍ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സമുച്ചയമാണ്. പക്ഷെ അവ നാലും സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. അവയെ ഒറ്റക്കൊറ്റയ്‌ക്ക് വേര്‍തിരിച്ചു കാണാന്‍ നമുക്കാവില്ല… മനുഷ്യന്റെ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റി അവന്റെ സര്‍വ്വാംഗീണമായ വികാസം സാധ്യമാക്കാന്‍ നാം ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാകുന്ന ആദര്‍ശത്തെ സ്വീകരിച്ചു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് ഈ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍, മനുഷ്യനെ ക്ഷേമത്തിലേക്ക് നയിക്കുന്ന യത്‌നങ്ങള്‍ എന്നതാണ് അര്‍ത്ഥം. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു വേണ്ടിയുള്ള വാഞ്‌ഛ മനുഷ്യനില്‍ നൈസര്‍ഗിക മായി തന്നെയുണ്ട്. ഈ നാല് പുരുഷാര്‍ത്ഥങ്ങളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയും സമഗ്രമാണ്.
ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ മനുഷ്യ െന്റ അസ്‌തിത്വത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് നാല് പുരുഷാര്‍ത്ഥങ്ങള്‍. അത്മാവും മോക്ഷവും ഭൗതികഘടനകള്‍, ഭൗതികാദര്‍ശങ്ങള്‍ എന്നിവയില്‍ ഒതുങ്ങുന്നവയോ അവയാല്‍ സ്വാധീനിക്കപ്പെടുന്നവയോ അല്ല. മുതലാളിത്തമോ, അസമത്വങ്ങളോ, പുരുഷമേധാവിത്വമോ, പുരുഷമേധാവിത്വമോ, മക്കത്തായമോ, സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയില്‍താഴെ തട്ടിലുള്ളവര്‍ക്കും മക്കത്തായ സമ്പ്രദായം പിന്തുടരുന്ന കുടുംബങ്ങളിലെ സ്‌ത്രീകള്‍ക്കും മോക്ഷം നേടുന്നതിന് പ്രതിബന്ധമാകുന്നില്ലെന്നതിന് ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്. താഴ്‌ന്ന ജാതിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കിടയില്‍നിന്ന് ഭൗതികമായ പ്രതിബന്ധങ്ങളെയും ലിംഗഭേദത്തെയും മറികടന്ന് സന്യാസിമാരായിത്തീര്‍ന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സുദീര്‍ഘമായ ഒരു പരമ്പരതന്നെയുണ്ട്. ഈ കാരണത്താല്‍ മനുഷ്യ അസ്‌തിത്വത്തിന്റെ ഇത്തരം ഘടകങ്ങളെ ഈ ലേഖനത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സ്‌ത്രീകളുടെ കാര്യങ്ങളെ സംബന്ധിക്കുന്ന ഏകാത്മാനവദര്‍ശനപരമായ വീക്ഷണം എല്ലാ മനുഷ്യരുടെയും താല്‌പര്യങ്ങളുടെ എന്നതോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ താളാത്മകമകതയില്‍ ഊന്നിക്കൊണ്ടുള്ളതാണ്. പുരുഷ മേധാവിത്വം അഥവാ മക്കത്തായസമ്പ്രദായം പുരുഷന്മാരെയും സ്‌ത്രീകളെയും സംബന്ധിച്ച് അനാരോഗ്യകരം തന്നെയാണ്. അതുകൊണ്ട് ലിംഗസമത്വം ഉറപ്പാക്കുന്ന ഒരു വ്യവസ്ഥയായി ഇവയെ പരിണമിപ്പിക്കുന്നതിന് പുരുഷന്മാരും സ്‌ത്രീകളും ഒരുപോലെ പരിശ്രമിക്കണം. ലിംഗസമത്വം എന്നതിന്റെ അര്‍ത്ഥം എല്ലാവരോടും ഏകരൂപമായ ആചരണം എന്നല്ല, മറിച്ച് പദവി, പങ്കാളിത്തം, അവസരങ്ങള്‍, വിഭവങ്ങളുടെ ഉടമസ്ഥാവകാശം, നിയന്ത്രണം എന്നിവയില്‍ തുല്യത എന്നതാണ്.
മക്കത്തായ സമ്പ്രദായത്തിന്റെ മൂല്യങ്ങള്‍ നൈസര്‍ഗിക സ്വഭാവമുള്ളവയല്ലെന്നും വ്യത്യസ്‌ത ഘടനകളിലൂടെയും പ്രക്രിയകളിലൂടെയും പഠിക്കുകയും പഠിപ്പിക്കുപ്പെടുകയും ചെയ്യുന്നവയാണെന്നും ഉള്ളതുകൊണ്ട് ഈ മൂല്യങ്ങളെ ഉപേക്ഷിച്ച് മക്കത്തായ വ്യവസ്ഥയുടെ ഘടനകളെയും പ്രക്രിയകളെയും പരിണാമവിധേയമാക്കി മനുഷ്യന്റെ പെരുമാറ്റത്തില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ വരുത്താനാവും. സ്‌ത്രീയെ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രമാനവനായി പരിഗണിക്കുന്നതിന് പകരം കേവലം ഒരു ശാരീരിക അസ്‌തിത്വത്തിലേക്ക് തരംതാഴ്‌ത്തുന്ന മക്കത്തായ സമ്പ്രദായം നീതിയുക്തമല്ല, സ്‌ത്രീകളുടെ ബുദ്ധിയേയും മനസ്സിനേയും വ്യവസ്ഥാപിതമായി ദുര്‍ബ്ബലമാക്കിത്തീര്‍ക്കുന്നതോടൊപ്പം ഈ സമ്പ്രദായവും അതിന്റെ പ്രക്രിയയും സ്‌ത്രീയുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. സ്‌ത്രീകളുമായി ബന്ധപ്പെട്ട് ധര്‍മ്മാര്‍ത്ഥകാമങ്ങളെ നിര്‍വചിക്കുമ്പോള്‍ മക്കത്തായ വ്യവസ്ഥ ഒരു പരിപൂര്‍ണ്ണമനുഷ്യന്‍ എന്ന നിലക്കുളള അവരുടെ സ്വതസിദ്ധണായ മൂല്യത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സമീപനത്തിന്റെ ഫലമായി പുരുഷന്മാരെ അവരുടെ വ്യത്യസ്‌തങ്ങളായ വൃത്തികളിലും യത്‌നങ്ങളിലും സഹായിക്കാനും സേവിക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് സ്‌ത്രീകള്‍ ധരിക്കാനിടയാവുന്നു.
കേവലം ഭാര്യയെന്ന നിലക്കോ മാതാവെന്ന നിലക്കോ സ്‌ത്രീയുടെ പങ്കിനെ അംഗീകരിക്കുന്ന മക്കത്തായ സമ്പ്രദായം സ്വയംനിര്‍ണയാവകാശമുള്ള പൗരനെന്ന നിലക്കുള്ള സ്‌ത്രീയുടെ പങ്കിനെ തിരസ്‌കരിക്കുന്നു. അര്‍ത്ഥകാമങ്ങളുടെ പൂര്‍ത്തിക്കായുള്ള പുരുഷന്റെയും സ്‌ത്രീയുടെയും യത്‌നത്തില്‍ ധര്‍മ്മത്തിന്റെ പങ്കിനെ നിര്‍വചിക്കുന്നതില്‍ മക്കത്തായം വ്യത്യസ്‌ത മാനദണ്ഡങ്ങളെയാണ് സ്വീകരിക്കുന്നത്. ധര്‍മ്മാനുഷ്‌ഠാനത്തില്‍ വീഴ്‌ച വരുത്തിയാല്‍ പുരുഷനും സ്‌ത്രീക്കും വ്യത്യസ്‌തമായ ശിക്ഷയാണത് വിധിക്കുന്നത്. ഒരു പൗരനെന്ന നിലയ്‌ക്ക് തന്റെ ധര്‍മ്മം അനുഷ്‌ഠിക്കാന്‍ മക്കത്തായ വ്യവസ്ഥ സ്‌ത്രീക്ക് അര്‍ഹമായ സാഹചര്യമൊന്നും ഒരുക്കുന്നില്ല. ഒരു അമ്മ അല്ലെങ്കില്‍ ഭാര്യ എന്ന നിലയ്‌ക്ക് സ്വകാര്യ ജീവിതത്തില്‍ സ്‌ത്രീ വഹിക്കുന്ന പങ്കിനും ഒരു പൗരനെന്ന നിലയ്‌ക്ക് പൊതുരംഗത്ത് സ്‌ത്രീ വഹിക്കേണ്ട പങ്കിനുമിടയില്‍ ചിരന്തനമായി സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. പുരുഷന്മാര്‍ക്ക് കൂടുതല്‍ വ്യയമോ ശിക്ഷയോ ഒന്നും കൂടാതെ സ്വകാര്യ രംഗത്തോ പൊതുരംഗത്തോ യഥേഷ്‌ടം ഇടപെടാനാവുന്നു. അതേസമയം പൊരുതരംഗത്ത് എന്തെങ്കിലും സംഭാവന നല്‍കുമ്പോള്‍ അതിന് സ്‌ത്രീ വലിയ വില കൊടുക്കേണ്ടതായി വരുന്നു. സ്‌ത്രീ നേരിടേണ്ടിവരുന്ന സംഘര്‍ഷം സ്വകാര്യരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുമ്പോഴുള്ള പൊരുത്തക്കേടില്‍ മാത്രം ഒതുങ്ങുന്നില്ല. സ്‌ത്രീകളുടെ വിവാഹത്തിന് മുമ്പും വിവാഹാനന്തരവുമായ ജീവിതങ്ങള്‍ തമ്മിലും, ജനിച്ച കുടുംബം, ഭര്‍തൃഗൃഹം എന്നിവയോടുള്ള കൂറ്, സ്‌നേഹബന്ധം എന്നിവ തമ്മിലും സംഘര്‍ഷം ഉണ്ടാകുന്നു. വിവാഹശേഷം ശ്വശൂരന്‍, ശ്വശ്രൂ എന്നിവരോടൊപ്പം ഭര്‍ത്തൃഗൃഹത്തില്‍ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സ്‌ത്രീയുടെ അനന്തരാവകാശവും കേവലം പ്രതീകാത്മകമായി പരിണമിക്കുന്നു.
സന്തോഷത്തെക്കുറിച്ചുള്ള ഭാരതീയ സങ്കല്‌പം മറ്റെന്നത്തേക്കാളുപരി ഇന്ന് സംഗതമാണ്. വര്‍ദ്ധിത ഉപഭോഗത്തിലധിഷ്‌ഠിതമായ ഭൗതികസുഖങ്ങളുടെ പരിമിതികളെക്കുറിച്ച് വികസിത സമൂഹങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉപഭോഗമല്ല, സംതൃപ്‌തിയാണ് സന്തോഷത്തിലേക്ക് നയിക്കുന്നത്. മനുഷ്യന്‍ കാംക്ഷിക്കുന്ന സുഖങ്ങളുടെ വലിയൊരു നിരതന്നെയുണ്ട്. അവയില്‍ ചില ഇനം സുഖങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഉല്‍കൃഷ്‌ടങ്ങളാണ്. പങ്കുവക്കുന്നതിലൂടെ ലഭിക്കുന്ന സുഖം അധീശശക്തി ഉപയോഗിച്ച് അപഹരണത്തിലൂടെ നേടുന്ന മൃഗീയസുഖത്തേക്കാള്‍ ഉന്നതമാണ്. ഭോഗാസക്തിക്ക് അസംഖ്യം രൂപങ്ങളുണ്ടെന്നിരിക്കിലും ഉപഭോഗത്തിനുള്ള ശാരീരിക ക്ഷമത പരിമിതമാണ്. അധികാധിക ഉപഭോഗം ആത്യന്തികമായി മനുഷ്യനെ അസംതൃപ്‌തിയിലേക്ക് നയിക്കുമെന്ന് മാത്രമല്ല പ്രകൃതിയുടെ നാശത്തിനും കാരണമാകുന്നു.
ആധുനിക കാലത്ത് അര്‍ത്ഥകാമങ്ങള്‍ക്കുവേണ്ടിയുള്ള നിരങ്കുശമായ തൃഷ്‌ണ ലിംഗത്തിന്റെ പേരിലുള്ള വിവേചനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ലിംഗസംബന്ധിയായ പെണ്‍ഭ്രൂണഹത്യ, സ്‌ത്രീധനമരണങ്ങള്‍, ബലാല്‍സംഗം, ലൈംഗിക പീഡനം, ഗാര്‍ഹിക പീഡനം എന്നിവ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടുള്ള അര്‍ത്ഥകാമങ്ങള്‍ക്ക് വേണ്ടിയുള്ള നികൃഷ്‌ടമായ ത്വരയുടെ അനന്തരഫലങ്ങളാണ്. ലിംഗം, ജാതി, മതം, വര്‍ഗ്ഗം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലായ്‌മ ചെയ്‌ത് അര്‍ത്ഥകാമങ്ങള്‍ നേടാന്‍ എല്ലാവര്‍ക്കും തുല്യാവസരം പ്രദാനം ചെയ്യാന്‍ പാകത്തില്‍ സമൂഹം ഓരോ വ്യക്തിയുടെയും ധര്‍മ്മത്തെ പുനര്‍നിര്‍വചനം ലിംഗസമത്വം ഉറപ്പുവരുത്തുന്ന തരത്തില്‍കൂടി ആയിരിക്കണം.
അര്‍ത്ഥത്തിന്റെ അഥവാ ഭൗതികക്ഷേമത്തിന്റെ ആധിക്യവും അഭാവവും ഒരുപോലെ വ്യക്തിയെയും സമൂഹത്തെയും ഭരണകൂടത്തെയും ദുഷിപ്പിക്കുന്നു. ഒരു പരിധിക്കപ്പുറമുള്ള സമൃദ്ധി ഉപഭോഗസംസ്‌കാരത്തിലേക്ക് നയിക്കുകയും ദുഷിച്ച സാമൂഹ്യ ആചാരങ്ങള്‍ വളര്‍ന്നുവരികയും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണത വര്‍ദ്ധിച്ചുവരികയും ചെയ്യും. അതുപോലെ പരിധികവിഞ്ഞുള്ള അഭാവവും മൗലികമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ പേരില്‍ അക്രമം മുതലായ ദ്രോഹപരമായ കാര്യങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് കാര്യങ്ങള്‍ രണ്ട് അഗ്രിമാന്ത്യങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ സമതുലിതാവസ്ഥ നിലനിര്‍ത്തേണ്ടതാവശ്യമാണ്. ഈ തത്വം മക്കത്തായ വ്യവസ്ഥയില്‍ പ്രയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അധികാരത്തിന്റെ അതിപ്രസരമോ അങ്ങേയറ്റത്തെ അഭാവമോ ദാരുണമായ സ്ഥിതി വിശേഷത്തിലേക്കാണ് നയിക്കുക. അമിതാധികാരം വ്യക്തിയേയും സമൂഹത്തേയും ഭരണകൂടത്തേയും അത്യന്തം ദുര്‍വൃത്തവും വകതിരിവില്ലാത്തതുമാക്കിത്തീര്‍ക്കും. അധികാരത്തിന്റെ തികഞ്ഞ അഭാവമാകട്ടെ അവയെ ദുര്‍ബലവും ദാരുണവുമാക്കും. അതുകൊണ്ട് തന്നെ നാം രണ്ട് ധ്രുവങ്ങളേയും ഒഴിവാക്കേണ്ടിയിരിക്കുന്നു-അധികാരത്തിന്റെ അതിപ്രസരവും അഭാവവും, സന്തുലിതമായി അധികാരം പങ്കുവെക്കലാണ് നമുക്കാവശ്യം. മക്കത്തായം അധികാരം മുഴുവന്‍ പുരുഷന്റെ കൈയില്‍ കേന്ദ്രീകൃതമാക്കുകയും സ്‌ത്രീക്ക് എല്ലാ അധികാരങ്ങളും നിഷേധിക്കുകയും ചെയ്യുന്നു. മക്കത്തായ സമ്പ്രദായത്തില്‍ സ്‌ത്രീക്ക് പിതാവ്, ഭര്‍ത്താവ്, മകന്‍ എന്നിങ്ങനെ പുരുഷനായി ബന്ധപ്പെട്ടുമാത്രമേ അധികാരം കൈവരുന്നുള്ളൂ.
സ്‌ത്രീകള്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഏറെക്കുറെ ഇല്ലെന്നതിനാല്‍ മക്കത്തായം സമൂഹത്തെ മനുഷ്യത്വമില്ലാത്തതാക്കി തീര്‍ക്കുന്നു. പുരുഷന്മാരുമായി അധികാരം പങ്കുവെക്കാനുള്ള പരിശീലനം മാത്രമാണ് ഇപ്പോള്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്നത്. സ്‌ത്രീകളുമായി അധികാരം പങ്കുവക്കേണ്ടതുണ്ട് എന്നബോധം അവരില്‍ ഉളവാക്കേണ്ടതാണ്. ഈ ബോധം ഭാര്യയും ഭര്‍ത്താവും, സഹോദരിയും സഹോദരനും പുരുഷസുഹൃത്തും സ്‌ത്രീ സുഹൃത്തും തമ്മിലുള്ള ബന്ധം സമത്വപൂര്‍ണമാക്കിത്തീര്‍ക്കും. മറ്റുള്ള സ്‌ത്രീകളുമായി അവകാശം പങ്കുവെക്കാനുള്ള പരിശീലനം സ്‌ത്രീകള്‍ക്കും നല്‍കണം. ഇത് ശ്വശ്രുവം സ്‌നുഷയും തമ്മിലുള്ള ബന്ധം പരസ്‌പരം യോജിപ്പുള്ളതാക്കിത്തീര്‍ക്കും.
നാം കുടുംബം എന്ന സ്ഥാപനത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ അടിസ്ഥാനപരമായ ഏകകമാണ് കുടുംബം. ഏകാന്തത പ്രദാനം ചെയ്യുന്ന സ്ഥാനമാണത്. അത് മനുഷ്യന്റെ സാമൂഹ്യവും ഭൗതികവും വികാരപരവുമായ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നു. കുടുംബത്തിന് തകരാറ് സംഭവിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കും. മക്കത്തായ സമ്പ്രദായത്തില്‍, വിവാഹിതയായ സ്‌ത്രീ ഭര്‍ത്താവ്, ശ്വശുരന്‍, ശ്വശ്രു എന്നിവരോടൊപ്പം ഭര്‍തൃഗൃഹത്തില്‍ ജീവിക്കുന്ന സാഹചര്യത്തില്‍, സ്‌ത്രീകളെ അനുസരണശീലയാവാന്‍ പരിശീലിപ്പിക്കുകയും കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം വിട്ടുവീഴ്‌ചക്ക് തയ്യാറാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചിലപ്പോള്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. മക്കത്തായ കുടുംബവ്യവസ്ഥയുടെ പ്രാധാന്യത്തെ നാം അംഗീകരിക്കുമ്പോള്‍ തന്നെ, അത് മക്കത്തായ, സമ്പ്രദായമനുസരിച്ചാവണമെന്ന് നമുക്ക് തീരെ നിര്‍ബന്ധമില്ല. മക്കത്തായ സമ്പ്രദായം, മരുമക്കത്തായ വ്യവസ്ഥ എന്നിവക്ക് ബദലായി, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ പങ്കാളിത്തമുള്ള, രാഷട്രീയ സാമൂഹ്യ സമത്വവാദത്തിലൂന്നിയ കുടുംബസംവിധാനം രൂപപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് നാം ആരായണം. ഉടമസ്ഥാവകാശം, സ്വത്തവകാശം, വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം എന്നീ കാര്യങ്ങളിലും തുല്യത ഉറപ്പാക്കണം. മക്കത്തായ സമ്പ്രദായത്തെ രാഷ്‌ട്രീയ സാമൂഹ്യ സമത്വവാദത്തിലധിഷ്‌ഠിതമായ കുടുംബവ്യവസ്ഥയിലേക്ക് പരിണമിക്കുന്നതിന്റെ മുന്‍ ഉപാധിയാണ് ഇതേക്കുറിച്ച് സ്‌ത്രീകളെയും പുരുഷന്മാരെയും ബോധവല്‍ക്കരിക്കുക എന്നത്.
പാശ്ചാത്യ സ്‌ത്രീസ്വാതന്ത്രയവാദപ്രസ്ഥാനം കുടുംബത്തെ, സ്‌ത്രീകളെ ചൂഷണം ചെയ്യുന്ന ഉപാധി എന്ന നിലക്കാണ് കാണുന്നത്. അവരുടെ ഉല്‍ക്കണ്‌ഠയെ ന്യായീകരിക്കാന്‍പോന്ന ശക്തമായ പ്രത്യക്ഷാനുഭവങ്ങളും ചൂണ്ടിക്കാണിക്കാനാവും. എന്നാല്‍ ഇതേകുടുംബത്തെ സ്‌ത്രീ ശാക്തീകരണത്തിന്റെ ഉപാധിയാക്കി മാറ്റാനുള്ള ക്ഷമത ഏകാത്മമാനവദര്‍ശനം കാഴ്‌ചവെക്കുന്ന മൂല്യങ്ങള്‍ക്കുണ്ടെന്നതാണ് എന്റെവാദം. പുരുഷമേധാവിത്വത്തിലധിഷ്‌ഠിതമായ മക്കത്തായ സമ്പ്രദായത്തിന്റെ അടിത്തറ സ്ഥിതിചെയ്യുന്നത് അസമത്വം നിഹിതമായുള്ള വിവാഹവിധിയില്‍ ആണ്. വിവാഹം ഉറപ്പിക്കുമ്പോള്‍ തന്നെ വരന്‍ വധുവിനെക്കാള്‍ പ്രായംകൊണ്ട് മൂത്തവനാണെന്നും കൂടുതല്‍ ഉയരമുള്ളവനാണെന്നും അധികം വിദ്യാഭ്യാസമുള്ളവനാണെന്നും അധികം സമ്പാദിക്കുന്നവനാണെന്നും ഉറപ്പിക്കുന്നു. വധുവരന്മാരന്‍ വൈവാഹികബന്ധത്തില്‍ പ്രേവശിക്കുന്നത് തന്നെ ഇത്തരം അസമത്വങ്ങള്‍ സ്വീകരിച്ചുകൊണ്ടാണെങ്കില്‍ അത്തരത്തിലുള്ള ഒരു വൈവാഹിബന്ധത്തില്‍ സമത്വപൂര്‍ണമായ ഒരു സാഹചര്യം പ്രതീക്ഷിക്കുന്നതു തന്നെ നിരര്‍ത്ഥകമാണ്. ഏതായാലും ഇപ്പോള്‍ കൂടുതല്‍ സ്‌ത്രീകള്‍ ഉദ്യോഗരംഗത്ത് ഉണ്ടെന്നതിനാല്‍, ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്കിടയില്‍ പ്രായം, സാമ്പത്തികസ്ഥിതി, ശമ്പളം, വിദ്യാഭ്യാസയോഗ്യത മുതലായ കാര്യങ്ങളിലെല്ലാം സമത്വം കൈവന്നിട്ടുണ്ട്. പക്ഷെ, പുരുഷമേധാവിത്ത ചിന്ത കൈവെടിയാന്‍ ഇനിയും പുരുഷന്മാരെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു എന്നതോടൊപ്പം സ്‌ത്രീകള്‍ അവരുടെ സാമ്പത്തികമായ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന കാരണത്താല്‍ വൈവാഹിക ബന്ധത്തിന്റെ സ്ഥിരത ഇപ്പോള്‍ വര്‍ദ്ധിച്ചതോതില്‍ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുയാണ്. ഇപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ അനുഗമിക്കുന്നതിനുപകരം തുല്യ പങ്കാളിയായി ആധികാരികമായിതന്നെ മാറിയിരിക്കയാണ്. സ്‌ത്രീകള്‍ വമ്പിച്ചതോതില്‍ കൂട്ടത്തോടെ പൊതുരംഗത്ത് പ്രവേശിച്ച സാഹചര്യത്തില്‍ സ്വകാര്യ രംഗത്ത് പുരുഷന്മാരുടെ പങ്കാളിത്തവും അനുപേക്ഷണീയമാകും.
കുട്ടികളുടെ ക്ഷേമം കാര്യക്ഷമമായി നിറവേറ്റാന്‍ പോന്ന രീതിയിലാണ് മക്കത്തായ സമ്പ്രദായം മാതൃത്വസങ്കല്‌പത്തെ വളര്‍ത്തിയെടുത്തത്. എന്നാല്‍ ഇന്ന് സ്‌ത്രീകള്‍ ഭാര്യയും അമ്മയും എന്ന നിലക്ക് മാത്രമല്ല വൃത്തിപരമായും പൗരത്വപരമായും പൂര്‍ണത തേടുന്നു.
Discussion about this post