കൊല്ലം: 400 വര്‍ഷത്തോളം പഴക്കമുള്ള ചാത്തന്നൂര്‍ കളങ്ങര ദുര്‍ഗാദേവീക്ഷേത്രത്തിലെ നിലവറയില്‍നിന്ന് ഉടവാളും താളിയോലകളും കണ്ടെത്തി. അതിപുരാതനമായ കളങ്ങര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദുര്‍ഗാഭഗവതീക്ഷേത്രത്തിലെ വലിയ വീട് അറ്റകുറ്റപ്പണികള്‍ക്കായി അകത്തു പ്രവേശിച്ചപ്പോഴാണ് പ്രത്യേകം നിലവറ കണ്ടെത്തിയത്.
താളിയോല വട്ടെഴുത്തുപോലുള്ള ലിപിയിലാണ് എഴുതിയിട്ടുള്ളത്. ഇത് ലോക്കറിലേക്ക് മാറ്റിയതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ ഒളിവില്‍ താമസിച്ചതായും ശ്രീനാരായണ ഗുരുദേവന്‍ വന്നിട്ടുള്ളതായും പഴമക്കാര്‍ പറയുന്നു. പുനരുദ്ധാരണത്തിനായി വലിയ വീടിന്റെ ഒടുകള്‍ മാറ്റി അകത്തു പ്രവേശിച്ചപ്പോഴാണ് നിലവറ കണ്ടത്. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിന്റെ ചാര്‍ജ് വഹിക്കുന്ന മ്യൂസിയം അസിസ്റ്റന്റ് കെ.ഹരികുമാര്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് മണ്ണില്‍ പുതഞ്ഞുകിടക്കുകയായിരുന്ന പുരാവസ്തുക്കള്‍ കണ്ടെത്തിയത്.
Discussion about this post