ആലപ്പുഴ: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം പൂജയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍പ്പ പ്രീതിയ്ക്കും, ദര്‍ശന പുണ്യവും തേടി ആയിരക്കണക്കിന് ഭക്തര്‍ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് നാളെ ഒഴുകി എത്തും.
തുലാ മാസത്തിലെ ആയില്യം നാളിലാണ് മണ്ണാറശാല നാഗ രാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം തൊഴല്‍. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല അന്യ ദേശങ്ങളില്‍ നിന്നും പോലും ധാരാളം ഭക്തര്‍ ഏറെ ദര്‍ശന പ്രാധാന്യം ഉള്ള ആയില്യം തൊഴലിനു എത്താറുണ്ട്.
സ്ത്രീകള്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും മണ്ണാറശാലയ്ക്കു ഉണ്ട്. അമ്മ ഉമാദേവി അന്തര്‍ജനമാണ് ആയില്യം പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുക.
ആയില്യം നാളായ നാളെ പുലര്‍ച്ചെ നാല് മണിക്ക് നട തുറക്കും. നിര്‍മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷമുള്ള പൂജകള്‍ക്ക് കുടുംബ കാരണവരാണ് കാര്‍മ്മികത്വം വഹിക്കുന്നത്.
നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്. വിപുലമായ സൗകര്യങ്ങള്‍ ആണ് ആയില്യം മഹോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.
Discussion about this post