തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനം നടത്തും. വൈകിട്ട് ഏഴുമണിയോടെ കൂടി പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പൂര്‍ത്തിയായി.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി വഴി പൂര്‍ത്തീകരിച്ച ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
കൊല്ലത്തു നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തും. ശേഷം കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി വഴി 90 കോടി രൂപ ചിലവഴിച്ചു പൂര്‍ത്തീകരിച്ച ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. തിരിച്ച് തിരുവനന്തപുരം വ്യോമയാന താവളത്തിലെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ വഴി നഗരത്തിലെ ഓരോ ചലനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. ഗതാഗത നിയന്ത്രണത്തിനായി മാത്രം എണ്ണൂറോളം പൊലീസുകാരെയാണ് നഗരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി വരുന്നു.
സംസ്ഥാന കേന്ദ്ര ഇന്റലിജന്‍സ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കടലിലും സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു. വിമാനത്താവളങ്ങളിലേക്കും മറ്റും പോകുവാനുള്ള യാത്രക്കാര്‍ ഇതനുസരിച്ച് യാത്ര ക്രമപ്പെടുത്തണം.
Discussion about this post