തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് ശരണ ഘോഷങ്ങളാണ്. ക്ഷേത്രത്തിനുള്ളില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി പ്രധാനമന്ത്രിക്ക് സ്വാമി ശരണം ചൊല്ലി പ്രസാദം നല്‍കി.
കിഴക്കേ നടവഴി പ്രവേശിച്ച് ഗരുഡനേയും ഹനുമാന്‍ സ്വാമിയേയും തൊഴുതശേഷം നരസിംഹമൂര്‍ത്തിക്ക് മുന്നിലെ ആട്ടവിളക്ക് പ്രധാമന്ത്രി നെയ്യ് ഒഴിച്ച് കത്തിച്ചു. നെയ്യും തുളസിമാലയും സമര്‍പ്പിച്ച് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. ഒറ്റക്കല്‍ മണ്ഡപത്തില്‍ നിന്നാണ് ശ്രീപദ്മനാഭ ദര്‍ശനം നടത്തിയത്. പെരിയനമ്പി ഇടപാടി രാധാകൃഷ്ണ രവിപ്രസാദ് പ്രധാനമന്ത്രിക്കുവേണ്ടി പൂജ ചെയ്തു. നെയ്യ്, തുളസിമാല, മൂന്ന് താമരകള്‍ സമര്‍പ്പിച്ച മോദി തുളസിമാല ശ്രീപദ്മനാഭസ്വാമിക്ക് അണിയിച്ചു. തിരുവമ്പാടി കൃഷ്ണനെ തൊഴുത്, പ്രസാദം വാങ്ങിയ ശേഷം, അഗ്രശാലഗണപതിയെ തൊഴുത്, നാളികേരമുടച്ചു. 20മിനിട്ട് പ്രധാനമന്ത്രി ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു.
പ്രധാനമന്ത്രിയെ കാണുന്നതിനായി വന്‍ ജനക്കൂട്ടം ക്ഷേത്രത്തിനടുത്ത് തടിച്ചുകൂടിയിരുന്നു. രാത്രി 7.15ന് അദ്ദേഹം കിഴക്കേനടയിലെത്തും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും 7.40നാണ് എത്തിയത്. കിഴക്കേനടയിലെ ബാരിക്കേഡിന് അകത്തേക്ക് ക്ഷണിക്കപ്പെട്ട കുറച്ച് പേര്‍ക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. നഗരസഭയിലെ ബി.ജെ.പിയുടെ എല്ലാ കൗണ്‍സിലര്‍മാരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇവര്‍ക്കെല്ലാം മോദി ഹസ്തദാനം നല്‍കി. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശശിതരൂര്‍ എം.പി, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവരും ക്ഷേത്രനടയിലെത്തിയിരുന്നു.
രണ്ടു മിനിട്ടിനുള്ളില്‍ ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാക്കിയ മോദി, തന്ത്രി മഠത്തില്‍ നിന്ന് വസ്ത്രം മാറിയാണ് ദര്‍ശനത്തിനെത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ മാര്‍ത്താണ്ഡ വര്‍മ്മയും ആദിത്യവര്‍മ്മയും പ്രധാനമന്ത്രിയെ അകത്തേക്ക് സ്വീകരിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ കമ്പ വിളക്ക് അടക്കം എല്ലാ ദീപങ്ങളും തെളിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന്‍ എം.പി, ബി.ജെ.പി ജില്ലാപ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവരും ക്ഷേത്രത്തിനുള്ളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
Discussion about this post