തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടേതാണെന്ന് അവകാശപ്പെട്ടു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടിക വിവാദമായി. പുരുഷന്മാരും 50 വയസുകഴിഞ്ഞവരുമൊക്കെ പട്ടികയില്‍ വന്നു. പട്ടിക തയാറാക്കുന്നതില്‍ പോലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നു പരക്കെ വിമര്‍ശനമായി. വര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഏല്പിച്ചതു ടെക്‌നോപാര്‍ക്കിലെ വൈദഗ്ധ്യം കുറവുള്ള സ്വകാര്യ കമ്പനിയെയാണെന്ന ആരോപണവുമുയര്‍ന്നു. 51 യുവതികള്‍ മല ചവിട്ടിയെന്നാണു സര്‍ക്കാര്‍ കോടതിക്കു നല്കിയ കണക്ക്. എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയിട്ടുണ്ടോയെന്നു വ്യക്തമായി പറയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തയാറായില്ല. സ്വകാര്യ കമ്പനി പട്ടിക നല്‍കിയപ്പോള്‍ അതു പരിശോധിച്ചു കൃത്യത ഉറപ്പാക്കുന്നതില്‍ പോലീസ് ഉന്നതര്‍ക്കും ഗുരുതര വീഴ്ചയുണ്ടായി. യുവതീ പ്രവേശം സംബന്ധിച്ച റിപ്പോര്‍ട്ട് വേഗത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ അമിതാവേശമാണു ഗുരുതര തെറ്റുകളിലേക്കു നയിച്ചതെന്നാണ് പോലീസ് ഉന്നതര്‍ പറയുന്നത്. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണിക്കുമ്പോള്‍ മാത്രം സംസ്ഥാനം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോള്‍ തിടുക്കത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
അന്യ സംസ്ഥാന തീര്‍ഥാടകരുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയതില്‍ പോലീസ് മനഃപൂര്‍വമായ വീഴ്ച വരുത്തിയോ എന്ന സംശയവും ചില കേന്ദ്രങ്ങളില്‍ ഉയരുന്നു. ഇതുസംബന്ധിച്ചു കൂടുതല്‍ പരിശോധനയ്ക്ക് എതിര്‍ കക്ഷികള്‍ കോടതിയില്‍ സമ്മര്‍ദം ചെലുത്തിയാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനം പോലീസിന്റെ കൈവശമുണ്ടായിട്ടും അതു ചെയ്യാതെയാണ് പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post