ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. എപ്പോള്‍ പരിഗണിക്കുമെന്ന് പറയാന്‍ കഴിയില്ല. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര തിരികെ എത്തിയതിന് ശേഷം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല യുവതീപ്രവേശം സംബന്ധിച്ച ഭരണഘടനാ ബെഞ്ച് വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കാനിരുന്നതാണ്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ ഇതു മാറ്റുകയായിരുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കേസ് പരാമര്‍ശിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ പീന്നീടു തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്. ശബരിമല കേസിലെ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് വിവരം. എന്നാല്‍ പുനപരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഹൈക്കോടതിയിലെ 23 ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതുള്‍പ്പെടെ നിരവധി ഹര്‍ജികളുണ്ട്.
Discussion about this post