ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയിദ് ഷൂജയ്‌ക്കെതിരെ എഫ്‌ഐആര്‍. ഡല്‍ഹി പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയിന്മേലാണ് പോലീസിന്റെ നടപടി. നേരത്തെ, ലണ്ടനില്‍ വച്ച് നടന്ന ഹാക്കത്തണിലാണ് രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നുവെന്ന വെളിപ്പെടുത്തലുമായി സയിദ് ഷൂജ എന്ന ഹാക്കര്‍ രംഗത്തെത്തിയത്. ഇതിനു പുറമേ ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ തിരിമറി നടന്നുവെന്നും ഷൂജ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നും ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാക്കറുടെ വെളിപ്പെടുത്തലുകളെ പാടെ തള്ളിയിരുന്നു. ഇതിനു ശേഷമാണ് കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
Discussion about this post