*50 ഓളം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും
*ബിസിനസ് മീറ്റുകളും അന്താരാഷട്ര സെമിനാറുകളും പ്രദര്‍ശനവും
തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കനകക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. 15ന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. 35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. 200 ലധികം സ്റ്റാളുകളുണ്ടാവും. 500 പേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. ഗവേഷകര്‍, വ്യവസായ മേഖലയില്‍ നിന്നുള്ള 200 വിദഗ്ധര്‍ എന്നിവര്‍ ഇതോടനുബന്ധിച്ചു നടക്കുന്ന ശില്‍പശാലകളില്‍ പങ്കെടുക്കും. പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളില്‍ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളുമാണ് അന്താരാഷ്ട്ര സെമിനാറില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നാഷണല്‍ ആരോഗ്യ എക്സ്പോയുമുണ്ടാവും.
ബിസിനസ് മീറ്റിന്റെ ഭാഗമായി ഹെര്‍ബല്‍ ബസാര്‍, ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍, എല്‍. എസ്. ജി ലീഡേഴ്സ് മീറ്റ്, ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപതി ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷിക സംഗമം, ആയുഷ് ഐക്യദാര്‍ഡ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് എന്നിവ നടക്കും.
രോഗവും പ്രതിരോധവും ഭക്ഷണത്തിലൂടെ എന്ന ആശയത്തെ മുന്‍നിര്‍ത്തി ചര്‍ച്ചയുണ്ടാവും. ഇതിന്റെ ഭാഗമായി കിച്ചന്‍ ഫാര്‍മസി എന്ന പേരില്‍ ആരോഗ്യ ഭക്ഷ്യമേള നടത്തും. ആയുഷ് വിദ്യാര്‍ത്ഥി സംഗമം, ഔഷധ സസ്യ പ്രചാരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം, സ്പോര്‍ട്സ് മെഡിസിന്‍, കാന്‍സര്‍ ചികിത്സയും നിയന്ത്രണവും വന്ധ്യതാ ചികിത്സ തുടങ്ങിയ മേഖലകളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
Discussion about this post