ന്യൂഡല്‍ഹി: 2014 പൊതു തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബാലറ്റ് പേര്‍പ്പറിലേക്ക് മടങ്ങിപ്പോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തന്നെയായിരിക്കും ഉപയോഗിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്.
2014ല്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയ പൊതുതിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്നാണ് യു.എസ് ഹാക്കറായ സയിദ് ഷുജ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 20 വര്‍ഷമായി വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വിമര്‍ശനങ്ങളുണ്ടാകും പരാതികളുണ്ടാകും, എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാണ്. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംശയങ്ങളും പരാതികളും ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും ഇതെല്ലാം പരിഹരിച്ച് തിരഞ്ഞെടുപ്പ് സുഖമമായി നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Discussion about this post