കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരിയായ തൃശൂര്‍ ഒരുങ്ങി. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യുവജനറാലിയെ അഭിസംബോധന ചെയ്യാനെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
ഉച്ചയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്സ് രാഷ്ട്രത്തിനു സമര്‍പ്പിക്കും. ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്സിനു പ്രധാനമന്ത്രി തറക്കല്ലിടും. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ വച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ പ്രോജക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൗണ്ടഡ് ബുള്ളറ്റ് സ്റ്റോറേജ് എന്നിവ രാഷ്ട്രത്തിനു സമര്‍പ്പിക്കും. ബിപിസിഎല്‍ പെട്രോ കെമിക്കല്‍ റിഫൈനറി സമുച്ചയത്തിന്റെയും, സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനവും ഈ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ പ്രോജക്ടിലൂടെ ബിപിസിഎല്‍ കൊച്ചി റിഫൈനറി 15.5 മില്യണ്‍ മെട്രിക് ടണ്‍ പ്രതിവര്‍ഷ ശുദ്ധീകരണ ശേഷിയുള്ള ലോകോത്തര ശുദ്ധീകരണശാലയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 16504 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ തുക. പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുന്ന പെട്രോക്കെമിക്കല്‍ റിഫൈനറി സമുച്ചയത്തിന്റെ നിര്‍മാണം 2022 ഓടെയും, സ്‌കില്‍ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണം 2020 ഓടെയും പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോ കെമിക്കല്‍, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പിന്തുണയോടെ ഏറ്റുമാനൂരില്‍ സ്ഥാപിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ഹരായ യുവാക്കള്‍ക്കു എണ്ണ, ഗ്യാസ്, മറ്റു വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കുകയും തൊഴില്‍വൈദഗ്ധ്യവും സംരംഭകത്വവും വര്‍ധിപ്പിക്കുകയും ചെയ്യും. കേരള ഗവണ്‍മെന്റ് അനുവദിച്ച എട്ട് ഏക്കര്‍ സ്ഥലത്താണ് ക്യാമ്പസ് സ്ഥാപിക്കുക. ഇവിടെ പ്രതിവര്‍ഷം 20 വ്യത്യസ്ത മേഖലകളിലായി ആയിരത്തോളം യുവജനങ്ങള്‍ക്കു പരിശീലനം നല്‍കാന്‍ കഴിയും.
തുടര്‍ന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വ്യോമമാര്‍ഗ്ഗം തൃശൂരിലേക്ക് പുറപ്പെടും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് യുവമോര്‍ച്ചയുടെ മഹാറാലി നടക്കുന്നത്. ഇതില്‍ പങ്കെടുത്തശേഷം വൈകുന്നേരം 5.50 ന് അദ്ദേഹം കൊച്ചിയില്‍ നിന്നും മടങ്ങും.
Discussion about this post