തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ സങ്കടയാത്ര സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തി. സമരം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഇടപെടുമെന്ന് ഇവര്‍ സമരക്കാരെ അറിയിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന വ്യക്തമായ ഉറപ്പുലഭിച്ചതിനു ശേഷം മാത്രമോ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരസമിതി. അര്‍ഹരായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബുധനാഴ്ച മുതല്‍ സമരമിരിക്കുന്നത്. ഇങ്ങനേയും കുറച്ചു മനുഷ്യര്‍ ജീവിച്ചിരിക്കുന്നതായി സര്‍ക്കാര്‍ അറിയണമെന്ന് ഇരകളോട് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു.
അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നതിനെ വിമര്‍ശിച്ച് മന്ത്രി കെ.കെ. ശൈലജ രംഗത്തെത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും കുറച്ചുപേര്‍ സമരം തുടരുകയാണെന്നും നേരത്തേ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രമുഖരെ ഇപ്പോള്‍ കാണാനില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post